ചികിത്സ പൂർത്തിയാക്കിയ ജെസി ഗാര്‍സിയ ഡോക്ടർമാർക്കൊപ്പം
ദുബൈ: 40കാരനായ ഫിലിപ്പൈന്‍ സ്വദേശിയുടെ താടിയിലുണ്ടായ മുഴ മൈക്രോവാസ്കുലര്‍ ശസ്ത്രക്രിയയിലൂടെ വിജയകരമായി നീക്കംചെയ്ത് ആസ്റ്റര്‍ ഹോസ്പിറ്റല്‍ മന്‍ഖൂല്‍. ഫിലിപ്പീന് പൗരനായ ജെസി ഗാര്‍സിയ ബസിലിയോക്കായുടെ താടിയിലെ കാന്‍സറല്ലാത്ത അപൂര്‍വ മുഴയാണ് നൂതനമായ സാങ്കേതിക വിദ്യ ഉപയോഗിച്ച് വിജയകരമായി ചികിത്സിച്ചത്.
അമെലോബ്ലാസ്റ്റോമ എന്നറിയപ്പെടുന്ന രോഗത്തിന് പ്രത്യേക ലക്ഷണങ്ങളില്ല. ആഗോള തലത്തില്‍ വര്‍ഷത്തില്‍ 10 ലക്ഷം പേരില്‍ 0.5 കേസുകള്‍ മാത്രമേ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളൂ. മന്‍ഖൂല്‍ ആസ്റ്റര്‍ ആശുപത്രിയില്‍ ഇത്തരത്തിലുള്ള ആദ്യ കേസാണ് ചികിത്സിച്ചത്. താടിയുടെ ഒരു ഭാഗം നീക്കം ചെയ്യുകയും രോഗിയുടെ കാലില്‍ നിന്നുള്ള ഒരു അസ്ഥിഭാഗം ഉപയോഗിച്ച് അതിനെ പുനര്‍നിർമിക്കുകയും ചെയ്താണ് ചികിത്സ പൂർത്തിയാക്കിയത്. മുഖത്തിന്റെ ആകൃതിയും സൗന്ദര്യവും നിലനിര്‍ത്തുന്നതിനായാണ് ഈ രീതി സ്വീകരിച്ചത്.
ട്യൂമറിന്റെ വളര്‍ച്ച കാരണം കഴിഞ്ഞ ആറു മാസങ്ങളായി ജെസി ഗാര്‍സിയക്ക് കടുത്ത വേദന അനുഭവപ്പെട്ടിരുന്നു. അതോടൊപ്പം ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനും ബുദ്ധിമുട്ടിലുമായിരുന്നു. ആസ്റ്റര്‍ ഹോസ്പിറ്റല്‍ മന്‍ഖൂലില്‍ വിദഗ്ധ ചികിത്സ തേടിയ അദ്ദേഹത്തെ ഓറല്‍ ആന്‍ഡ് മാക്സിലോഫേഷ്യല്‍ സര്‍ജറി വിദഗ്ധനായ ഡോ. രഞ്ജു പ്രേം, പ്ലാസ്റ്റിക് ആന്‍ഡ് റീകണ്‍സ്ട്രക്റ്റീവ് സര്‍ജറി കണ്‍സള്‍ട്ടന്റായ ഡോ. രാജ്കുമാര് രാമചന്ദ്രന് എന്നിവരുടെ നേതൃത്വത്തിലാണ് ചികിത്സിച്ചത്.
അപൂര്‍വവും സങ്കീര്‍ണവുമായ അവസ്ഥയെ വിജയകരമായി ചികിത്സിച്ചതില്‍ അഭിമാനിക്കുന്നതായി ശസ്ത്രക്രിയയക്ക് നേതൃത്വം നല്കിയ ഡോ. രഞ്ജു പ്രേം പറഞ്ഞു.
കാലിലെ അസ്ഥിയുടെ ഒരു ഭാഗവും അതിന്റെ രക്തക്കുഴലുകളും മാറ്റിവെക്കുകയും, അവ മൈക്രോവാസ്കുലാര്‍ സാങ്കേതികത ഉപയോഗിച്ച് കഴുത്തിന്റെ ഭാഗത്തെ രക്തക്കുഴലുകളുമായി ബന്ധിപ്പിക്കുകയുമാണ് ചെയ്തതെന്ന് ഡോ. രാജ്കുമാര് രാമചന്ദ്രന് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.