ദുബൈ: പൊതുഗതാഗത രംഗം കൂടുതൽ പരിസ്ഥിതി സൗഹൃദമാക്കുന്നതിന്‍റെ ഭാഗമായി ദുബൈയിൽ കൂടുതൽ ഇലക്ട്രിക് ബസുകൾ നിരത്തിലേക്ക് എത്തുന്നു. ഈ വർഷം 735 ഇലക്ട്രിക് ബസുകൾ കൂടി പുറത്തിറക്കുമെന്ന് ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) പ്രഖ്യാപിച്ചു. 2026 അവസാനത്തോടെ ഘട്ടം ഘട്ടമായി ഇ-ബസുകൾ എത്തിക്കാനാണ് പദ്ധതി.
എമിറേറ്റിലെ പൊതുഗതാഗത രംഗത്ത് ഇലക്ട്രിക് ബസുകളുടെ ശേഷി വർധിപ്പിക്കുന്നതിനായി നടക്കുന്ന ഏറ്റവും വലിയ ഇടപാടാണ് ഇതെന്ന് ആർ.ടി.എ അറിയിച്ചു. കൂടുതൽ ഇലക്ട്രിക് ബസുകൾ എത്തുന്നതിന്‍റെ ഭാഗമായി അഞ്ച് പ്രധാന ഡിപ്പോകളിൽ ഇലക്ട്രിക് ചാർജിങ് യൂനിറ്റുകളുടെ നിർമാണം ഇതിനകം പൂർത്തിയായിക്കഴിഞ്ഞു. അൽ ഖൂസ്, അൽ റുവയ്യാ, ലബാബ്, ബിസിനസ് ബേ, ജബൽ അലി തുടങ്ങിയ ഡിപ്പോകളിലാണ് 360 കിലോവാട്ടിന്‍റെ ഉയർന്ന ചാർജിങ് ശേഷിയുള്ള 32 ചാർജറുകൾ സ്ഥാപിച്ചിരിക്കുന്നത്.
നഗരത്തിലെ വിവിധ ഭാഗങ്ങളിലായി നിലവിൽ 40 ഇലക്ട്രിക് ബസുകൾ സർവിസ് നടത്തുന്നുണ്ട്. കൂടാതെ ഹൈഡ്രജൻ വാതകത്തിൽ ഓടുന്ന ബസുകളും സർവിസ് നടത്തിവരുന്നു. പുതിയ ഇലക്ട്രിക് ബസുകളിൽ ഒന്ന് റൂട്ട് എഫ്13ൽ അവതരിപ്പിച്ചിട്ടുമുണ്ട്. ഒറ്റ ചാർജിൽ 370 കിലോമീറ്റർ മൈലേജ് ലഭിക്കുന്ന 470 കിലോവാട്ട് ഹവർ ബാറ്ററിയാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. ബസിനകത്തെ ശീതീകരണ സംവിധാനത്തിന്‍റെ കാര്യക്ഷമതയും യാത്രക്കാരുടെ സൗകര്യത്തിനും പ്രത്യേക പരിഗണ നൽകിയതായും ആർ.ടി.എ വ്യക്തമാക്കി.
സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ഇലക്ട്രിക് ബസിലെ ബാറ്ററി ശേഷി, ചാർജിങ് സമയം, ഊർജ ഉപഭോഗം, മൊത്തത്തിലുള്ള കാര്യക്ഷമത, ശബ്ദ നിലവാരം, കാർബൺ പുറന്തള്ളൽ എന്നിവയുടെ വിലയിരുത്തലുകളും നടത്തിയിരുന്നു. ചെറു, ഇടത്തരം നഗര യാത്രകൾക്ക് ഉപയോഗിക്കാൻ കഴിയുന്ന രീതിയിൽ മികച്ച പ്രകടനമാണ് ഇലക്ട്രിക് ബസുകൾ നടത്തിയത്. ഡ്രൈവർമാർക്കും യാത്രക്കാർക്കുമിടയിൽ ബസിന്‍റെ സംതൃപ്തി നിരക്ക് 95 ശതമാനത്തിന് മുകളിലാണെന്നും കണ്ടെത്തി.
മികച്ച കാര്യക്ഷമതയുള്ളതും കുറഞ്ഞ കാർബൺ പുറന്തള്ളുന്നതുമായ നൂതന ഗതാഗത മാർഗങ്ങൾ സ്വീകരിക്കുന്നതിലൂടെ സുസ്ഥിരവും പരിസ്ഥിതി സൗഹൃദപരവുമായ ഗതാഗത സംവിധാനങ്ങൾ സൃഷ്ടിക്കാനുള്ള ദീർഘകാല പദ്ധതിയുടെ ഭാഗമാണ് കൂടുതൽ ഇലക്ട്രിക് ബസുകൾ നിരത്തിലിറക്കുന്നതെന്ന് ആർ.ടി.എയുടെ പബ്ലിക് ട്രാൻസ്പോർട്ട് ഏജൻസി ഡയറക്ടർ മർവാൻ അൽ സറൂണി പറഞ്ഞു. 2024ലിനെ അപേക്ഷിച്ച് കഴിഞ്ഞ വർഷം ഹരിതഗേഹ വാതകങ്ങളുടെ പുറന്തള്ളലിൽ 12 ശതമാനത്തിന്‍റെ കുറവാണ് എമിറേറ്റിൽ രേഖപ്പെടുത്തിയത്. 2022ൽ ഇത് 44 ശതമാനമായിരുന്നു. കഴിഞ്ഞ വർഷം 59,000 ടണ്ണിലധികം കാർബൺഡയോക്സൈഡ് പുറന്തള്ളൽ കുറക്കാൻ ഇലക്ട്രിക് ബസുകൾ സഹായകമായതായും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.