ദുബൈ: എമിറേറ്റിൽ പുതുതായി 55 പള്ളികൾ കൂടി നിർമിക്കും. കൂടാതെ എമിറേറ്റിലുടനീളമുള്ള 70 ശതമാനം പള്ളികളിലും വെള്ളിയാഴ്ചകളിലെ ഇംഗ്ലീഷ് ഖുത്വുബ വ്യാപിപ്പിക്കുകയും ചെയ്യും. റമദാന് മുന്നോടിയായി ഇസ്ലാമിക് അഫയേഴ്സ് ആൻഡ് ചാരിറ്റബ്ൾ ആക്ടിവിറ്റീസ് ഡിപ്പാർട്മെന്റ് (ഐ.എ.സി.എ.ഡി) ആണ് ചൊവ്വാഴ്ച ഇക്കാര്യം വെളിപ്പെടുത്തിയത്.
പരമ്പരാഗത ഇസ്ലാമിക വാസ്തുവിദ്യയെ അത്യാധുനികമായ സുസ്ഥിര പരിഹാര മാർഗങ്ങളുമായി സംയോജിപ്പിച്ചായിരിക്കും പള്ളികളുടെ രൂപകൽപനയെന്ന് ഐ.എ.സി.എ.ഡിയിലെ മോസ്ക് അഫയേഴ്സ് സെക്ടർ എക്സിക്യൂട്ടിവ് ഡയറക്ടർ മുഹമ്മദ് അലി ബിൻ സായിദ് അൽ ഫലാസി പറഞ്ഞു. കഴിഞ്ഞ വർഷം 24 പള്ളികളാണ് ദുബൈയിൽ നിർമാണം പൂർത്തീകരിച്ചത്. 17.2 കോടി ദിർഹം ചെലവിട്ട് നിർമിച്ച ഈ പള്ളികളിലായി 13,911 പേർക്കുകൂടി ആരാധന നിർവഹിക്കാനുള്ള സൗകര്യമാണ് ഒരുക്കിയത്.
ഇതുകൂടാതെ 55 പള്ളികളുടെ നിർമാണം പുരോഗമിക്കുകയാണ്. 47.5 കോടി ദിർഹമാണ് ഇതിനായുള്ള നിക്ഷേപം. ഈ പള്ളികളുടെ നിർമാണം പൂർത്തിയാവുന്നതോടെ 40,961 പേർക്ക് ആരാധന നിർവഹിക്കാനാകുമെന്നും ഐ.എ.സി.എ.ഡി അറിയിച്ചു. എമിറേറ്റിൽ ആരാധകരുടെ ആവശ്യം ഉയരുന്ന സാഹചര്യത്തിൽ പുതിയ പള്ളികൾ നിർമിക്കുന്നതിനായി 54 പുതിയ സ്ഥലങ്ങൾകൂടി അനുവദിച്ചിട്ടുണ്ട്. സുസ്ഥിരത നിലവാരം അടിസ്ഥാനമാക്കി പള്ളികൾക്ക് സെവൻ സ്റ്റാർ റേറ്റിങ് ലക്ഷ്യമിട്ട് ‘മോസ്ക് ഗൈഡ്’ നിർമിക്കാനുള്ള ഒരുക്കത്തിലാണെന്നും അധികൃതർ അറിയിച്ചു.
കഴിഞ്ഞ വർഷം ദുബൈയിൽ ആദ്യ സ്വയംപര്യാപ്തമായ പള്ളി തുറന്നിരുന്നു. 1.8 കോടി ദിർഹമാണ് ഇതിനായുള്ള ചെലവ്. ഈ പള്ളിയിൽ 500 വിശ്വാസികളെ ഉൾക്കൊളളാനാവും. പരിസ്ഥിതി സുസ്ഥിരതയിലേക്കുള്ള ഒരു സുപ്രധാന ചുവടുവെപ്പാണ് ഈ പള്ളി. ഊർജക്ഷമതയുള്ള ഡിസൈനുകൾ ഉൾക്കൊള്ളുന്നതിനാൽ കാർബൺ ബഹിർഗമനം അഞ്ചു ശതമാനം വരെ കുറക്കാനും സഹായിച്ചു. കൂടാതെ വായു നിലവാരം അളക്കുന്നതിനുള്ള ഉപകരണങ്ങൾ ഘടിപ്പിച്ചതിലൂടെ ഊർജ കാര്യക്ഷമത 20 ശതമാനം വരെ മെച്ചപ്പെടുത്താനും കഴിഞ്ഞു. അതേസമയം, അടുത്ത വർഷം രണ്ടാം പാദത്തിൽ യു.എ.ഇയിലെ ആദ്യ ത്രീഡി പ്രിന്റഡ് പള്ളി തുറക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.