സാലിക് ടോൾ ഗേറ്റ്
ദുബൈ: എമിറേറ്റിലെ റോഡ് ടോൾ ഓപറേറ്ററായ ‘സാലിക്കി’ന്‍റെ വരുമാനത്തിൽ വൻ വർധന. ഈ വർഷം ആദ്യ ആറുമാസത്തിൽ വരുമാനത്തിൽ 40ശതമാനം വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം നവംബറിൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ കൂടി ഉൾപ്പെടുത്തിയതും ഈ വർഷം ജനുവരി മുതൽ തിരക്കേറിയ സമയങ്ങളിൽ കൂടുതൽ നിരക്ക് ഈടാക്കുന്ന സംവിധാനം ഏർപ്പെടുത്തിയതും വരുമാനത്തിൽ പ്രതിഫലിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനേക്കാൾ വരുമാനം 39.5ശതമാനവും അറ്റാദായം 41.5ശതമാനവുമാണ് വർധിച്ചിട്ടുള്ളത്.
ജനുവരി മുതൽ ജൂൺ വരെയുള്ള ആകെ വരുമാനം 152.7കോടി ദിർഹമാണ്. സാലിക് ടോൾ ഗേറ്റുകൾ വഴിയുള്ള ആകെ യാത്രകളുടെ എണ്ണം 424.2ദശലക്ഷമാണ്. മുൻ വർഷത്തേക്കാൾ 39.6ശതമാനമാണ് യാത്രകളുടെ എണ്ണത്തിലുണ്ടായിരിക്കുന്നത്. ഈ വർഷം ആദ്യ പാദത്തേക്കാൾ യാത്രകൾ രണ്ടാം പാദത്തിലാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു. ആറ് ദിർഹം ഈടാക്കുന്ന തിരക്കേറിയ സമയത്തെ ട്രിപ്പുകളുടെ എണ്ണവും വർധിച്ചിട്ടുണ്ട്. പിഴകളിൽ നിന്നുള്ള വരുമാനത്തിൽ 15.7ശതമാനം വർധിച്ചിട്ടുണ്ട്. ഇത് ആകെ വരുമാനത്തിന്‍റെ 8.5ശതമാനമാണ്.
വരുമാനത്തിന്‍റെ വർധനവിന്‍റെ അടിസ്ഥാനത്തിൽ ആറു മാസത്തെ ലാഭവിഹിതം 77.09കോടി ദിർഹമാണ്. ഒരു ഓഹരിക്ക് 10.278ദിർഹമാണ് ഇതനുസരിച്ചുണ്ടാവുക. ആറു മാസത്തെ ലാഭം ഇതനുസരിച്ച് 100ശതമാനമാണ്. 2025ൽ 34മുതൽ 36വരെ വരെ വരുമാന വർധനവാണ് പ്രതീക്ഷിക്കുനതെന്ന് സാലിക് ബോർഡ് ഓഫ് ഡയറക്ടേഴ്സ് ചെയർമാൻ മതാർ അൽ തായർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.