പുതുതായി നിയമിതനായ ജഡ്ജിമാരിലൊരാൾ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂമിന്​ മുന്നിൽ സത്യപ്രതിജ്ഞ ചെയ്യുന്നു

ദുബൈയിൽ 35 പുതിയ ജഡ്ജിമാർ കൂടി സത്യപ്രതിജ്ഞ ചെയ്തു

ദുബൈ: എമിറേറ്റിലെ കോടതികളി​ലേക്ക്​ പുതുതായി നിയമിതരായ 35 ജഡ്ജിമാർ കൂടി സത്യപ്രതിജ്ഞ ചെയ്തു. ദുബൈ യൂനിയൻ ഹൗസിലെ മുദൈഫ്​ മജ്​ലിസിൽ യു.എ.ഇ വൈസ്​ പ്രസിഡൻറും ​പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം നേതൃത്വം നൽകിയ ചടങ്ങിലാണ്​ സത്യപ്രതിജ്ഞ നടന്നത്​. പുതിയ പദവികളിൽ ജഡ്ജിമാർ വിജയകരമായി പ്രവർത്തിക്കട്ടെയെന്നും ശൈഖ്​ മുഹമ്മദ്​ ആശംസിച്ചു. നീതിയും അഖണ്ഡതയും ഉയർത്തിപ്പിടിക്കണമെന്നും സാമൂഹിക സുസ്ഥിരത നിലനിർത്തുന്നതിനും ജനങ്ങളുടെ അവകാശങ്ങൾ സംരഷിക്കുന്നതിനും സ്വതന്ത്രമായ ജുഡീഷ്യറി അനിവാര്യമാണെന്നും അദ്ദേഹം ഓർമിപ്പിച്ചു. നിയമവാഴ്ച ഉയർത്തിപ്പിടിക്കുക, നീതി ലഭ്യമാക്കുക, ദേശീയ വികസനത്തെ പിന്തുണക്കുക എന്നിവ ജഡ്ജിമാരുടെ ദൗത്യമാണെന്നും, നീതി, വിശ്വാസം, സമൃദ്ധി എന്നിവയുടെ അടിത്തറയിലുള്ള സമൂഹം കെട്ടിപ്പടുക്കാൻ ന്യായമായ വിധികൾ അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തങ്ങളിൽ അർപ്പിച്ച വിശ്വാസത്തിന്​ നന്ദിയറിയിച്ച ജഡ്ജിമാർ, നീതിയുടെയും നിയമവാഴ്ചയുടെയും തത്വങ്ങളെ ഉയർത്തിപ്പിടിക്കുമെന്ന്​ വ്യക്​തമാക്കി. ദുബൈ റൂലേഴ്​സ്​ കോർട്ട്​ ഡയറക്ടർ ജനറലും ജുഡീഷ്യൽ കൗൺസിൽ ഡെപ്യൂട്ടി ചെയർമാനുമായ മുഹമ്മദ്​ ഇബ്രാഹീം അൽ ശെയ്​ബാനി, ദുബൈ കോർട്​സ്​ ഡയറക്ടർ ജനറൽ ഡോ. സൈഫ്​ ഗാനിം അൽ സുവൈദി, ദുബൈ ജുഡീഷ്യൽ കൗൺസിൽ സെക്രട്ടറി ജനറൽ ഡോ. അബ്​ദുല്ല സൈഫ്​ അൽ സബൂസി എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.



Tags:    
News Summary - 35 new judges sworn in in Dubai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.