വീണ്ടെടുത്ത വാലറ്റുമായി ഫിലിപ്പീനോ ആരോഗ്യ പ്രവർത്തക
ദുബൈ: ഷാർജയിലെ ഫിലിപ്പീനോ ആരോഗ്യ പ്രവർത്തക അബദ്ധവശാൽ തന്റെ വാലറ്റ് ഒരു ചവറ്റുകുട്ടയിലേക്ക് വലിച്ചെറിഞ്ഞപ്പോൾ അത് എന്നന്നേക്കുമായി നഷ്ടപ്പെട്ടുവെന്നാണ് കരുതിയത്.
പണം, ബാങ്ക് കാർഡുകൾ, എമിറേറ്റ്സ് ഐ.ഡി, പ്രഫഷനൽ രേഖകൾ എന്നിവ അടങ്ങിയതായിരുന്നു വാലറ്റ്. എന്നാൽ, അവരെതന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് 300 ടൺ മാലിന്യം കുഴിച്ച് നഷ്ടപ്പെട്ട വാലറ്റ് വീണ്ടെടുക്കപ്പെട്ടു.
'ബീഅ' എന്ന മാലിന്യ സംസ്കരണ കമ്പനിയിലെ ജീവനക്കാരാണ് അതിസാഹസികമായി വാലറ്റ് വീണ്ടെടുത്ത് ശ്രദ്ധനേടിയത്. ഒരു മണിക്കൂർ നീണ്ട മാലിന്യത്തിന്റെ രൂക്ഷഗന്ധം വമിക്കുന്ന സാഹചര്യത്തിലെ തിരച്ചിലിനൊടുവിലാണ് ഇതു കണ്ടെടുത്ത്. അതിസാഹസികമായ ഉദ്യമത്തെ വൈക്കോൽ കൂനയിൽനിന്ന് ഒരു സൂചി വീണ്ടെടുത്തതിനോടാണ് 'ബീഅ'യുടെ സീനിയർ മാനേജർ ലൂയി ഗാബിലഗോൺ വിശേഷിപ്പിച്ചിരിക്കുന്നത്.കഴിഞ്ഞ ആഴ്ചയാണ് ഗാബിലഗോണിനെ ഫിലിപ്പീനോ ആരോഗ്യപ്രവർത്തക ഫോണിലൂടെ ബന്ധപ്പെട്ട് വാലറ്റ് നഷ്ടപ്പെട്ട കാര്യം പറയുന്നത്. വാലറ്റ് മാലിന്യത്തിനിടയിൽ അകപ്പെട്ടശേഷം മണിക്കൂറുകൾ കഴിഞ്ഞാണ് വിവരം ലഭിക്കുന്നത്. ആരോഗ്യപ്രവർത്തകയുടെ ഓഫിസിന്റെ ലൊക്കേഷൻ പരിശോധിച്ച് അവിടെനിന്ന് കൊണ്ടുവന്ന മാലിന്യം നിക്ഷേപിച്ച സ്ഥലം കണ്ടെത്തുകയായിരുന്നു.
മാലിന്യം നീക്കുന്നത് തൊഴിലാളികൾക്കു മാത്രം സാധ്യമാകാത്തതിനാൽ എക്സ്കവേറ്റർ എത്തിച്ച് 300ടൺ മാലിന്യം ഇളക്കിയെടുത്തു. തുടർന്ന് കുറെയേറെ തൊഴിലാളികൾ ഒന്നിച്ച് നടത്തിയ പരിശോധനക്കൊടുവിലാണ് വാലറ്റ് കണ്ടെടുത്തത്. തിരച്ചിലിന് സാക്ഷിയാകാനെത്തിയ ആരോഗ്യ പ്രവർത്തക വാലറ്റ് കണ്ടെത്തിയ സമയത്ത് പൊട്ടിക്കരഞ്ഞു.
മാലിന്യം ശേഖരിക്കുന്ന തൊഴിലാളികളെ മനസ്സിലാക്കാനും അവരുടെ സേവനത്തിന്റെ മഹത്ത്വം തിരിച്ചറിയാനും അനുഭവം ഉപകരിച്ചതായി ഇവർ പിന്നീട് പ്രതികരിച്ചു. രാത്രി വൈകി ഓഫിസിൽ നിന്ന് ഇറങ്ങുമ്പോൾ മറ്റു ചില മാലിന്യങ്ങളോടൊപ്പം വാലറ്റും വേസ്റ്റ് ബിന്നിൽ നിക്ഷേപിച്ചുപോവുകയായിരുന്നെന്നും പിറ്റേന്ന് രാവിലെയാണ് നഷ്ടപ്പെട്ട കാര്യം അറിഞ്ഞതെന്നും ഇവർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.