അബൂദബി: യു.എ.ഇ സെൻട്രൽ ബാങ്കിൽനിന്ന് അഞ്ച് സ്വർണപെട്ടികൾ തട്ടിയെടുക്കാൻ ശ്രമിച്ച രണ്ടുപർക്ക് മൂന്ന് വർഷം വീതം തടവ്. ഇറാൻ പൗരന്മാർക്കാണ് അബൂദബി പ്രാഥമിക കോടതി ജയിൽശിക്ഷ വിധിച്ചത്.
മൂന്നുപേർ യു.എ.ഇ സെൻട്രൽ ബാങ്കിലെത്തി വ്യാജരേഖകൾ സമർപ്പിച്ച് തങ്ങൾ സ്വർണത്തിെൻറ അഞ്ച് പെട്ടികൾ നിക്ഷേപിച്ചിട്ടുണ്ടെന്നും അത് തിരിച്ചെടുക്കാൻ ഉദ്ദേശിക്കുന്നുവെന്നും അറിയിച്ചാണ് തട്ടിപ്പിന് ശ്രമിച്ചത്. രേഖകൾ ഉറപ്പാക്കുന്നതിനായി ബാങ്ക് ഉദ്യോഗസ്ഥർ ഇവരോട് കാത്തിരിക്കാൻ പറഞ്ഞു. എന്നാൽ, രേഖകൾ വ്യാജമാണെന്ന് ബോധ്യപ്പെട്ടതോടെ സുരക്ഷാ ഉദ്യോഗസ്ഥരെ വിവരമറിയിച്ച് അറസ്റ്റ് െചയ്യുകയായിരുന്നു. വ്യാജ രേഖകൾ ചമച്ചതിനും സെൻട്രൽ ബാങ്കിൽനിന്ന് സ്വർണം തട്ടിയെടുക്കാൻ ശ്രമിച്ചതിനും പ്രോസിക്യൂഷൻ പ്രതികൾക്കെതിരെ കേസെടുത്തു.
എന്നാൽ, വിചാരണയിൽ പ്രതികൾ കുറ്റം നിഷേധിച്ചു. ഇറാനിൽനിന്ന് ഒരാളാണ് രേഖകൾ അയച്ചതെന്നും ഇവ കാണിച്ചാൽ അയാളുടെ പേരിൽ സെൻട്രൽ ബാങ്കിൽനിന്ന് സ്വർണം ലഭിക്കുമെന്നാണ് അറിയിച്ചതെന്നുമാണ് പ്രതികളിൽ രണ്ടുപേർ കോടതിയെ അറിയിച്ചത്. രേഖകൾ കൃത്രിമമായി നിർമിച്ചതാണെന്ന് അറിയില്ലായിരുന്നുവെന്നും അവർ പറഞ്ഞു. ഇവർ രണ്ടുപേർക്കും ഇംഗ്ലീഷോ അറബിയോ വശമില്ലാത്തതിനാൽ അവരെ സഹായിക്കാനാണ് താൻ ബാങ്കിൽ വന്നതെന്ന് മൂന്നാമൻ കോടതിയെ അറിയിച്ചു. 14 വർഷമായി യു.എ.ഇയിൽ താമസിക്കുന്ന താൻ ഒരു കുറ്റകൃത്യത്തിലും ഉൾെപ്പട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രോസിക്യൂട്ടർമാർ സമർപ്പിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ കോടതി രണ്ടുപേർക്ക് ശിക്ഷ വിധിക്കുകയായിരുന്നു. മൂന്നാമനെ കുറ്റക്കാരനല്ലെന്ന് കണ്ട് വെറുതെ വിട്ടു. ശിക്ഷിക്കപ്പെട്ട രണ്ടുപേരെയും ശിക്ഷാകാലാവധിക്ക് ശേഷം നാടുകടത്താനും കോടതി ഉത്തരവിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.