കീടനാശിനി ശ്വസിച്ച് കുട്ടി മരിച്ചു;  ശുചീകരണ കമ്പനിക്ക് പിഴ

അബൂദബി: വീട്ടിലെ പ്രാണികളെ തുരത്താന്‍ തളിച്ച രാസവസ്തുക്കള്‍ ശ്വസിച്ച് പെണ്‍കുട്ടി മരിച്ചു. സംഭവത്തിന് ഉത്തരവാദിയായ ശുചീകരണ കമ്പനി 50,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കണമെന്ന് അബൂദബി അപ്പീല്‍ കോടതി വിധിച്ചു.
അറബ് വംശജനായ വ്യക്തിയുടെ വീട് വൃത്തിയാക്കാനും പ്രാണികളെ തുരത്താനും കരാറെടുത്ത ശുചീകരണ കമ്പനി മോശം രാസവസ്തുക്കള്‍ ഉപയോഗിച്ചതാണ് ദുരന്തത്തിന് കാരണമായതെന്ന് കോടതി രേഖകള്‍ പറയുന്നു. ഏതാനും മാസം മുമ്പ് രാവിലെയാണ് ശുചീകരണ പ്രവൃത്തി നടന്നത്. അപ്പോള്‍ കുടുംബം വീട്ടിലുണ്ടായിരുന്നില്ല. വൈകുന്നേരം കുടുംബം തിരിച്ചുവരികയും രാത്രി വീട്ടില്‍ കിടന്നുറങ്ങുകയും ചെയ്തു. രാവിലെ മാതാപിതാക്കള്‍ കുട്ടിയെ ശ്രദ്ധിച്ചപ്പോഴാണ് മരിച്ചതായി കണ്ടത്തെിയത്. ആശുപത്രിയിലത്തെിച്ച് മൃതദേഹം പരിശോധിച്ചപ്പോള്‍ മോശം രാസവസ്തു ശ്വസിച്ചാണ് മരണമെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. കമ്പനിക്ക് പ്രാണി നിയന്ത്രണത്തിന് ലൈസന്‍സ് ഇല്ളെന്ന് പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞു.
ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ചതിന് ലക്ഷം ദിര്‍ഹവും കുട്ടിയുടെ മരണത്തിന് ഇടയാക്കിയതിന് 30,000 ദിര്‍ഹവും കമ്പനി പിഴയടക്കണമെന്ന് അബൂദബി ക്രിമിനല്‍ കോടതി വിധിച്ചിരുന്നു. ഇതിനെതിരെ കമ്പനി അപ്പീല്‍ കോടതിയില്‍ ഹരജി നല്‍കി. അപ്പീല്‍ കോടതി പിഴ തുക യഥാക്രമം 50,000 ദിര്‍ഹം, 20,000 ദിര്‍ഹം എന്നിങ്ങനെയായി കുറച്ചു. കുട്ടിയുടെ രക്ഷിതാക്കള്‍ക്ക് നഷ്ടപരിഹാരം വേറെ നല്‍കണമെന്നും അപ്പീല്‍ കോടതി വിധിച്ചു.

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.