ഷാര്‍ജ: വ്യവസായ മേഖല പത്തില്‍ ജീക്കോ സിഗ്നലിന് സമീപത്ത് ബുധനാഴ്ച പകലുണ്ടായ തീപിടിത്തത്തില്‍ നിരവധി സ്ഥാപനങ്ങള്‍ കത്തിയമര്‍ന്നു. വാഹനങ്ങളുടെ സ്നിഗ്ധ പദാര്‍ഥങ്ങള്‍ സൂക്ഷിക്കുന്ന സ്ഥാപനങ്ങളാണ് കത്തിയതെന്ന് സിവില്‍ഡിഫന്‍സ് അധികൃതര്‍ പറഞ്ഞു. അപകട കാരണം അറിവായിട്ടില്ല. ഏറെ നേരമെടുത്താണ് തീ നിയന്ത്രിച്ചത്. എണ്ണയും സമാന പദാര്‍ഥങ്ങളും കത്തിയതിനെ തുടര്‍ന്ന് വമിച്ച പുക ശ്വസിച്ച് പലര്‍ക്കും ദേഹാസ്വസ്ഥ്യം നേരിട്ടതായി ഈ ഭാഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറഞ്ഞു. അപകടം നടന്ന ഉടനെ സംഭവ സ്ഥലത്ത് എത്തിയ പാരമെഡിക്കല്‍ സംഘം ഇവര്‍ക്ക് പ്രാഥമിക ചികിത്സ നല്‍കി. എന്നാല്‍ തീപിടിത്തത്തില്‍ ആളപായങ്ങള്‍ ഉണ്ടായിട്ടില്ല എന്ന് അധികൃതര്‍ പറഞ്ഞു.
സംഭവ സമയം കത്തിയ സ്ഥാപനങ്ങളില്‍ നിരവധി പേര്‍ ജോലി ചെയ്യുന്നുണ്ടായിരുന്നു. അപകടം കണ്ട ഉടനെ ഇവര്‍ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറിയതാണ് തുണയായത്. തീ ആളി കത്തിയതിനെ തുടര്‍ന്ന് സമീപത്തേക്ക് അടുക്കാന്‍ പറ്റാത്ത അവസ്ഥയായിരുന്നു. താപനിലയും കൂടുതലായിരുന്നു. വളരെ സാഹസികമായാണ് സിവില്‍ഡിഫന്‍സ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. സ്ഥാപനങ്ങള്‍ക്ക് അകത്ത് നിന്ന് പലതും പൊട്ടിച്ചിതറി അന്തരീക്ഷത്തിലേക്ക് ഉയരുന്നതും കാണാമായിരുന്നുവെന്ന് പ്രദേശത്ത് ജോലി ചെയ്യുന്നവര്‍ പറഞ്ഞു. തീപിടിത്തത്തെ തുടര്‍ന്ന് സമീപ പ്രദേശങ്ങളിലെ റോഡുകളിലെല്ലാം ശക്തമായ ഗതാഗത കുരുക്കാണ് ഉണ്ടായത്. തക്കസമയത്ത് പൊലീസ് ഇടപെട്ടതിനെ തുടര്‍ന്നാണ് കുരുക്കഴിഞ്ഞത്. കത്തിയ സ്ഥാപനങ്ങള്‍ക്ക് സമീപത്ത് നിന്ന് ആളുകളെയും വാഹനങ്ങളെയും പെട്ടെന്ന് തന്നെ സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റി. എന്നാല്‍ ചിലവാഹനങ്ങള്‍ ഭാഗികമായി കത്തിയതായി സൂചനയുണ്ട്. തീ നിയന്ത്രണ വിധേയമായെങ്കിലും തുടര്‍ അപകടങ്ങള്‍ നടക്കാനുള്ള സാധ്യത മുന്നില്‍ കണ്ട് പ്രദേശത്ത് പൊലീസ് കാവലുണ്ട്. തണുപ്പിക്കല്‍ പ്രക്രിയ കഴിയുന്ന മുറക്ക് ഫോറന്‍സിക് പരിശോധന നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.