ദുബൈ/ഷാര്‍ജ/അബൂദബി: രാജ്യത്തിന്‍െറ പലഭാഗങ്ങളിലും ശക്തമായ പൊടിക്കാറ്റും മഴയും. വ്യാഴാഴ്ച രാവിലെ മുതല്‍ കാറ്റുണ്ടായിരുന്നെങ്കിലും രാത്രിയോടെയാണ് ചാറല്‍മഴ എത്തിയത്. പലഭാഗത്തും രാവിലെ മുതല്‍ മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു. വടക്കന്‍ കാറ്റിന്‍െറ ശക്തിയാണ് മഴ കുറച്ചത്. വെള്ളിയാഴ്ചയും മഴയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷകര്‍ അറിയിച്ചു. കാറ്റ് ശക്തമായതിനെ തുടര്‍ന്ന് തെരുവുകളില്‍ ആളനക്കം കുറഞ്ഞത് കച്ചവടക്കാരെ കാര്യമായി ബാധിച്ചു.
ദുബൈയിലും അബൂദബിയിലും തണുപ്പുമായി രാവിലെ മുതല്‍ ശക്തമായ കാറ്റായിരുന്നു.രാത്രിയോടെ പലയിടങ്ങളിലും മഴ പെയ്തു.
തീരദേശ നഗരങ്ങളിലാണ് കാര്യമായി മഴയുണ്ടായത്.
എല്ലായിടത്തും ബീച്ചുകളും ഉദ്യാനങ്ങളും ഏറെകുറെ വിജനമായിരുന്നു. വടക്കന്‍ എമിറേറ്റുകളിലെ മലയോര മേഖലകളില്‍ മരങ്ങള്‍ കാറ്റില്‍ നിലംപൊത്തി. മട്ടുപ്പാവുകളില്‍ ഉണങ്ങാനിട്ട വസ്ത്രങ്ങള്‍ പലതും കാറ്റെടുത്ത് തെരുവിലിട്ടു. നിരവധി ഡിഷുകളാണ് കാറ്റില്‍ തലകുത്തി വീണത്. രാജ്യത്താകമാനം അന്തരീക്ഷ താപത്തില്‍ വലിയ കുറവുണ്ടായിട്ടുണ്ട്.
മലയോരങ്ങളില്‍ പൂജ്യം ഡിഗ്രിക്ക് താളെ തണുപ്പ് അനുഭവപ്പെട്ട് തുടങ്ങിയിട്ടുണ്ട്. റാസല്‍ഖൈമ ജബല്‍ ജെയ്സിലാണ് ഏറ്റവും കുറഞ്ഞ താപനില അനുഭവപ്പെട്ടത്് വ്യാഴാഴ്ച തീരപ്രദേശങ്ങളിലെ ശരാശരി താപനില 23 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു. ഉള്‍പ്രദേശങ്ങളിലെ താപനില 14 ഡിഗ്രി സെല്‍ഷ്യസിനും 25 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലായിരുന്നു.
അബൂദബി നഗരത്തില്‍ വ്യാഴാഴ്ച രാവിലെ മുതലേ മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു. മേഘാവൃതമായ ആകാശവും തണുത്ത കാറ്റും കാരണം എപ്പോള്‍ വേണമെങ്കിലും മഴ പെയ്യാമെന്ന നിലയിലായിരുന്നെങ്കിലും രാത്രി ഒമ്പതോടെ ചെറിയ ചാറ്റലോടെ മഴ അവസാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.