വിഷുപക്ഷിയില്ലെങ്കിലും കൽബയിൽ ചക്കയുണ്ട്​

ഷാര്‍ജ: ചക്കയും വിഷുവും തമ്മില്‍ വേര്‍പ്പെടുത്താന്‍ പറ്റാത്ത ബന്ധമാണ്. കുടുംബത്തിലെ കാരണവര്‍ പനസം (ചക്ക) വെട്ടിയാണ് ജൈവികമായ ഭാഷയില്‍ വിഷുവിന്‍െറ വരവറിയിക്കുന്നത്. ഓണ സദ്യയെയും വിഷു സദ്യയെയും തമ്മില്‍ വേര്‍തിരിക്കുന്നതും ചക്ക വിഭവങ്ങള്‍ തന്നെ. 
ചക്കക്കുപ്പുണ്ടോ.. വിഷുപക്ഷി പാടുന്ന പാട്ടാണത്. 450ല്‍ പരം പക്ഷികള്‍ മരുഭൂമിയില്‍ ഉണ്ടെങ്കിലും ഇവിടെ ഉത്തരായന കിളി ഇല്ല എന്നാണ് പക്ഷി നിരീക്ഷകര്‍ പറയുന്നത്. എന്നാല്‍ നിറയെ ചക്ക കായ്ച്ച് നില്‍ക്കുന്ന പ്ലാവ് ഷാര്‍ജയുടെ ഉപനഗരമായ കല്‍ബയിലുണ്ട്. കല്‍ബയുടെ ചുമതലയുള്ള ശൈഖ് ഹൈതം ബിന്‍ സാഖര്‍ ആല്‍ ഖാസിമിയുടെ വീട്ട് മുറ്റത്താണ് അടിമുടി കായ്ച്ച് നില്‍ക്കുന്ന പ്ലാവുള്ളത്. തൃശൂര്‍ നാട്ടിക സ്വദേശിയും ശൈഖിന്‍െറ പി.ആര്‍ ഉദ്യോഗസ്ഥനുമായി സൈനുദ്ദീനാണ് ഇത് നട്ട് പിടിപ്പിച്ചത്. ശൈഖിന് തിന്നാന്‍ കൊണ്ട് വന്ന ചക്കയുടെ ഒരുകുരുവെടുത്ത് പാകി. അത് തൈയായി, മരമായി.10 വര്‍ഷമായി കായ്ക്കുന്നു. കല്‍ബയിലെ ഏതാണ്ട് എല്ലാ ചക്ക പ്രിയരും ഇതിന്‍െറ സ്വാദ് അറിഞ്ഞിട്ടുണ്ട്. 
മേട പൊന്നണിഞ്ഞ് കൊന്ന പൂക്കണി ഒരുക്കുന്ന കാലത്ത് തന്നെയാണ് മരുഭൂമിയിലെ ഈ പ്ലാവിലെ ചക്കകളും കൊന്നപ്പൂ നിറമുള്ള മധുരമുള്ള ചുളകളായി മാറുന്നത്. 
തേന്‍ വരിക്കയായത് കാരണം ചക്കയുടെ മടലിനും മധുരം തന്നെ. കാലാവസ്ഥ വ്യതിയാനം ഇതിന്‍െറ ആരോഗ്യത്തെ കുറച്ച് ബാധിച്ചിട്ടുണ്ടെങ്കിലും നിറയെ ഇലകളുണ്ട്. ആടുകള്‍ക്ക് തിന്നാന്‍ ഇല ചിലര്‍ കൊണ്ടു പോകാറുണ്ട്. കറുക പുല്ലുകള്‍ നിറഞ്ഞ് നില്‍ക്കുന്ന പ്ലാവിന്‍െറ ചുവട്ടില്‍ ചോണനുറുമ്പിന്‍െറ പടയുമുണ്ട്. 
 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.