വിമാനത്താവള ടണലില്‍ വാഹനങ്ങളുടെ ‘കൂട്ടിയിടി’; മോക് ഡ്രില്‍ വിജയം

ദുബൈ: വെള്ളിയാഴ്ച പുലര്‍ച്ചെ വിമാനത്താവള ടണലില്‍ ആറു വാഹനങ്ങള്‍ ‘കൂട്ടിയിടിച്ചു’. ഉണര്‍ന്ന് പ്രവര്‍ത്തിച്ച അടിയന്തര സേവന വിഭാഗങ്ങള്‍ നിമിഷങ്ങള്‍ക്കകം സ്ഥലത്തത്തെി രക്ഷാപ്രവര്‍ത്തനം നടത്തി.
വാഹനത്തില്‍ കുടുങ്ങിയവരെയും പരിക്കേറ്റവരെയും ഉടന്‍ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി. 11 സര്‍ക്കാര്‍ ഏജന്‍സികളുടെ നേതൃത്വത്തില്‍ നടത്തിയ മോക് ഡ്രില്ലിലാണ് അപകടവും രക്ഷാപ്രവര്‍ത്തനവും കൃത്രിമമായി സൃഷ്ടിച്ചത്.
അപകടങ്ങളോട് ഉടന്‍ പ്രതികരിക്കാനുള്ള സര്‍ക്കാര്‍ ഏജന്‍സികളുടെ ശേഷി കൂടി വെളിപ്പെടുത്തുന്നതായി മോക് ഡ്രില്‍.
വിമാനത്താവള ടണലില്‍ മോക് ഡ്രില്‍ നടത്തുമെന്ന് ആര്‍.ടി.എ നേരത്തെ അറിയിച്ചിരുന്നു. ഇതിന്‍െറ ഭാഗമായി ദുബൈയില്‍ നിന്ന് ഷാര്‍ജയിലേക്കുള്ള പാതയില്‍ വ്യാഴാഴ്ച രാത്രി 12 മുതല്‍ വെള്ളിയാഴ്ച പുലര്‍ച്ചെ ആറുവരെ ഗതാഗതം നിരോധിക്കുകയും ചെയ്തു.
പെട്ടെന്ന് തീപിടിക്കുന്ന വസ്തു കയറ്റിവന്ന ട്രക്കും പെയിന്‍റുമായി വന്ന ട്രക്കും കൂട്ടിയിടിക്കുന്നതാണ് ചിത്രീകരിച്ചത്. ആര്‍.ടി.എയുടെ ബസ്, ടാക്സി, രണ്ട് സ്വകാര്യ വാഹനങ്ങള്‍ എന്നിവയും ഇതിന്‍െറ ആഘാതത്തില്‍ കൂട്ടിയിടിച്ചു. അപകടത്തില്‍ പെട്ട ബസ് ടണലിന് കുറുകെ കിടന്നു.
 ടാക്സിയില്‍ നിന്ന് ഒരാള്‍ പുറത്തുവീണു. പരിക്കേറ്റ മറ്റൊരാള്‍ കാറിനകത്ത് കുടുങ്ങിക്കിടന്നു. അപകട വിവരമറിഞ്ഞയുടന്‍ സിവില്‍ ഡിഫന്‍സും പൊലീസും ആംബുലന്‍സും സ്ഥലത്തത്തെി രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു. വാഹനങ്ങള്‍ക്ക് തീപിടിക്കാതിരിക്കാന്‍ സിവില്‍ ഡിഫന്‍സ് വെള്ളം ചീറ്റി. പരിക്കേറ്റവരെ പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം ആശുപത്രിയിലേക്ക് മാറ്റി.
അടിയന്തര സേവന വിഭാഗങ്ങളുടെ കാര്യക്ഷമത പരിശോധിക്കാനാണ് മോക് ഡ്രില്‍ നടത്തിയതെന്ന് ആര്‍.ടി.എ ലൈസന്‍സിങ് ഏജന്‍സി സി.ഇ.ഒയും ക്രൈസിസ് മാനേജ്മെന്‍റ് വിഭാഗം മേധാവിയുമായ അഹ്മദ് ഹാശിം ബഹ്റൂസിയാന്‍ പറഞ്ഞു.
നാഷണല്‍ എമര്‍ജന്‍സി, ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മെന്‍റ് അതോറിറ്റി, എമര്‍ജന്‍സി, ക്രൈസിസ്, ദുബൈ ഡിസാസ്റ്റര്‍ മാനേജ്മെന്‍റ്, ദുബൈ പൊലീസ്, സിവില്‍ ഡിഫന്‍സ്, ആംബുലന്‍സ് എന്നിവയാണ് മോക് ഡ്രില്ലില്‍ പങ്കെടുത്തത്. 300ഓളം രക്ഷാപ്രവര്‍ത്തകര്‍, 14 തീയണക്കല്‍ വാഹനങ്ങള്‍, സിവില്‍ ഡിഫന്‍സ് ലീഡര്‍ഷിപ്പ് വാഹനം, ഒമ്പത് ആംബുലന്‍സുകള്‍, ഫീല്‍ഡ് ഹോസ്പിറ്റല്‍, 20 പൊലീസ് പട്രോള്‍ വാഹനങ്ങള്‍, ആര്‍.ടി.എയുടെ 30 വാഹനങ്ങള്‍ എന്നിവയും സജീവമായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.