മലയാളി സമാജം യുവജനോത്സവം 31 മുതല്‍

അബൂദബി: മലയാളി സമാജം സംഘടിപ്പിക്കുന്ന ശ്രീദേവി സ്മാരക യു.എ.ഇ ഓപ്പണ്‍ യുവജനോത്സവം മാര്‍ച്ച് 31, ഏപ്രില്‍ ഒന്ന്, രണ്ട് തീയതികളിലായി നടക്കും. 31ന് ഉദ്ഘാടനവും വിവിധ പരിപാടികളും മുസഫയിലെ സമാജം അങ്കണത്തിലും ഏപ്രില്‍ ഒന്ന്, രണ്ട് തീയതികളില്‍ അബൂദബിയിലെ കേരള സോഷ്യല്‍ സെന്‍ററിലുമായാണ് യുവജനോത്സവം നടക്കുകയെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. യു.എ.ഇയിലെ വിവിധ എമിറേറ്റുകളില്‍ നിന്നുള്ള 200ഓളം കലാപ്രതിഭകളാണ് 13 ഇനങ്ങളിലായി മത്സരിക്കുന്നത്.  
മാര്‍ച്ച് 31ന് ലളിതഗാനം, മാപ്പിളപ്പാട്ട്, ഉപകരണ സംഗീതം, ചലച്ചിത്ര ഗാനങ്ങള്‍, നാടന്‍ പാട്ട്, പ്രഛന്ന വേഷം, മിമിക്രി തുടങ്ങിയ ഇനങ്ങള്‍ മലയാളി സമാജത്തില്‍ നടക്കും. മോഹിനിയാട്ടം, കുച്ചുപ്പുടി, നാടോടി നൃത്തം എന്നിവ ഏപ്രില്‍ ഒന്നിനും, ഭരതനാട്യം, ശാസ്ത്രീയ സംഗീതം തുടങ്ങിയ ഇനങ്ങള്‍ ഏപ്രില്‍ രണ്ടിനുമായി കേരളാ സോഷ്യല്‍ സെന്‍ററിലും നടക്കും. ഒമ്പത് വയസ്സില്‍ താഴെ, 9-12, 12-15, 15-18 എന്നീ വിഭാഗങ്ങളിലായാണ് മത്സരങ്ങള്‍ നടക്കുന്നത്.  നാട്ടില്‍ നിന്ന് എത്തുന്ന പ്രമുഖരാണ് വിധിനിര്‍ണയം നടത്തുക. നൃത്ത-നൃത്തേതര ഇനങ്ങളിലായാണ് മത്സരങ്ങള്‍ നടക്കുക. നൃത്ത- നൃത്തേതര വിഭാഗങ്ങളിലായി ഏറ്റവും കൂടുതല്‍ പോയന്‍റ് നേടുന്ന കുട്ടിക്ക് കലാ തിലകമായി പ്രഖ്യാപിക്കുകയും ശ്രീദേവി സ്മാരക എവര്‍റോളിങ് ട്രോഫി സമ്മാനിക്കുകയും ചെയ്യും. മാര്‍ച്ച് 30 വരെയാണ് അപേക്ഷ സ്വീകരിക്കുക. 
അപേക്ഷ ഫോമുകള്‍ വെബ്സൈറ്റില്‍ ലഭിക്കും.  കൂടുതല്‍ വിവരങ്ങള്‍ 052 3839276, 02 5537600 നമ്പറുകളില്‍ ലഭിക്കും.  
സമാജം ആക്ടിങ് പ്രസിഡന്‍റ് പി.ടി. റഫീക്ക്, ജനറല്‍ സെക്രട്ടറി പി. സതീഷ്കുമാര്‍, മറ്റ് ഭാരവാഹികളായ എ.എം. അന്‍സാര്‍, മെഹബൂബ് അലി, അബ്ദുല്‍ ഖാദര്‍ തിരുവത്ര, അഹല്യ എക്സ്ചേഞ്ച് ഓപറേഷന്‍സ് മേധാവി മുഹമ്മദ് ഷറഫ്, അഹല്യ ഹോസ്പിറ്റല്‍ പ്രതിനിധി സൂരജ് പ്രഭാകരന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.