വിമാന അപകടം: മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ ഡി.എന്‍.എ പരിശോധന

ദുബൈ: ഫ്ലൈ ദുബൈ വിമാനം അപകടത്തിൽപെട്ട് മരിച്ചവരെ തിരിച്ചറിയാൻ ഡി.എൻ.എ ടെസ്റ്റ് നടത്തുന്നു. വിമാന ഭാഗങ്ങളോടൊപ്പം ചിതറി തെറിച്ചതിനാല്‍ അപകടത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ ഡി.എന്‍.എ പരിശോധന വേണ്ടിവരുമെന്ന് റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അപകട സ്ഥലത്തുനിന്ന് ശേഖരിച്ച ശരീരാവശിഷ്ടങ്ങള്‍ ശനിയാഴ്ച വൈകിട്ട് ഏഴുമണിയോടെ മോര്‍ച്ചറിയിലേക്ക് മാറ്റി. 300 മീറ്ററോളം പ്രദേശത്താണ് അവശിഷ്ടങ്ങള്‍ കിടന്നിരുന്നത്. ഡി.എന്‍.എ പരിശോധനക്കുള്ള നടപടികള്‍ ഞായര്‍, തിങ്കള്‍ ദിവസങ്ങളിലായി നടക്കും. ഫലം വരാന്‍ രണ്ടാഴ്ചയെങ്കിലുമെടുക്കുമെന്ന് റഷ്യന്‍ ഗതാഗത മന്ത്രി മാക്സിം സോകോലോവ് പറഞ്ഞു. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് റോസ്തോവ് ഗവര്‍ണര്‍ 15,000 ഡോളര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം അപകടസ്ഥലത്തുനിന്ന് കണ്ടെടുത്ത വിമാനത്തിന്‍െറ ബ്ളാക്ക് ബോക്സുകള്‍ക്ക് കേടുപാട് സംഭവിച്ചതായി അന്വേഷണം നടത്തുന്ന ഇന്‍റര്‍സ്റ്റേറ്റ് ഏവിയേഷന്‍ കമ്മിറ്റി അറിയിച്ചു. തകര്‍ന്ന ബ്ളാക്ക് ബോക്സുകളുടെ ചിത്രവും പുറത്തുവിട്ടിട്ടുണ്ട്.
റഷ്യ, ഫ്രാന്‍സ്, യു.എ.ഇ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള വിദഗ്ധരാണ് ബ്ളാക്ബോക്സ് പരിശോധിക്കുന്നത്. അമേരിക്കന്‍നിര്‍മിത വിമാനത്തിന് ഫ്രഞ്ച് നിര്‍മിത എന്‍ജിനായിരുന്നു ഉണ്ടായിരുന്നത്. വിമാനം പൊട്ടിത്തെറിക്കുന്നതിന്‍െറ സി.സി.ടി.വി ദൃശ്യവും പരിശോധിച്ചുവരുകയാണ്. തകര്‍ന്ന വിമാനത്തിന്‍െറ ബ്ളാക് ബോക്സും  കോക്പിറ്റും ഡാറ്റാ റെക്കോഡറും പരിശോധന തുടരുകയാണെന്ന് സംഘം വ്യക്തമാക്കി.  ശക്തമായ കാറ്റില്‍ നിലത്തിറക്കാനുള്ള ശ്രമത്തിനിടെ ചിറക് നിലത്തിഴഞ്ഞാണ് അഗ്നിബാധയോടെ വിമാനം പൊട്ടിത്തെറിച്ചത്.
 ഫൈ്ളറ്റ് ഡാറ്റ റെക്കോഡറുകളില്‍ നിന്ന് വിവരങ്ങള്‍ പുറത്തെടുക്കാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. ഒരുമാസത്തോളം ഇതിന് വേണ്ടിവരുമെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം. അപകടത്തെ തുടര്‍ന്ന് അടച്ച റോസ്തോവ് ഓണ്‍ഡോണ്‍ വിമാനത്താവളം തിങ്കളാഴ്ച രാവിലെ തുറക്കും.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.