പൗരാണികതയുടെ കലവറയൊരുക്കി സാരൂഖ് അല്‍ ഹദീദ് മ്യൂസിയം

ദുബൈ: കഴിഞ്ഞ ദിവസം ശിന്ദഗയില്‍ തുറന്ന സാരൂഖ് അല്‍ ഹദീദ് മ്യൂസിയത്തിലുള്ളത് അറബ് ജനതയുടെ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന പൗരാണിക വസ്തുക്കള്‍. ദുബൈയിലെ റുബുഉല്‍ ഖാലി മരുഭൂമിയില്‍ നിന്നാണ് ഇവ കണ്ടെടുത്തത്. ഫോസിലുകളും സ്വര്‍ണം, വെങ്കല ആഭരണങ്ങളും ഇക്കൂട്ടത്തിലുണ്ട്. യു.എ.ഇ വൈസ്പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമാണ് റുബുഉല്‍ ഖാലിയിലെ പുരാവസ്തു പ്രദേശം കണ്ടത്തെിയത്. 
മരുഭൂമിക്ക് മുകളിലൂടെ ഹെലികോപ്റ്ററില്‍ പറക്കുമ്പോള്‍ മണല്‍ക്കൂനയുടെ നിറവ്യത്യാസം ശൈഖ് മുഹമ്മദിന്‍െറ ശ്രദ്ധയില്‍ പെട്ടു. ചുറ്റുമുള്ള ഭാഗങ്ങളെ അപേക്ഷിച്ച് നിറക്കൂടുതലുണ്ടായിരുന്നു ഈ ഭാഗത്തിന്. 2002ല്‍ ഈ പ്രദേശത്ത് പര്യവേക്ഷണം നടത്താന്‍ അദ്ദേഹം ഉത്തരവിട്ടു. സ്വദേശി, വിദേശി വിദഗ്ധരുടെ സഹായത്തോടെ നടത്തിയ പര്യവേക്ഷണത്തിലാണ് 5000 വര്‍ഷത്തോളം പഴക്കമുള്ള വസ്തുക്കള്‍ കണ്ടെടുത്തത്. പുരാതന കാലത്ത് അറബികള്‍ ഉപയോഗിച്ചിരുന്ന ആയുധങ്ങളും ആഭരണങ്ങളും മണ്‍കുടങ്ങളും കണ്ടെടുത്തവയില്‍ പെടും. ഇവിടെ നിന്ന് കിട്ടിയ പുരാതന മോതിരത്തിന്‍െറ മാതൃകയിലാണ് എക്സ്പോ 2020 ലോഗോ രൂപകല്‍പന ചെയ്തിരിക്കുന്നത്. 
പുരാവസ്തുക്കള്‍ ഉള്‍പ്പെടുത്തി മ്യൂസിയം നിര്‍മിക്കാന്‍ ദുബൈ നഗരസഭയാണ് തീരുമാനമെടുത്തത്. കഴിഞ്ഞദിവസം ശൈഖ് മുഹമ്മദ് മ്യൂസിയം തുറന്നുകൊടുക്കുകയും ചെയ്തു. രാജ്യത്തിന്‍െറ സാംസ്കാരിക വൈവിധ്യം തിരിച്ചറിയാനും പുതുതലമുറക്ക് രാജ്യചരിത്രം പഠിക്കാനും മ്യൂസിയം സഹായകമാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഉദ്ഘാടന ചടങ്ങില്‍ ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം, ശൈഖ് മന്‍സൂര്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം, മുഹമ്മദ് അല്‍ മുര്‍റ്, മന്ത്രിമാരായ മുഹമ്മദ് അല്‍ ഗര്‍ഗാവി, സുല്‍ത്താന്‍ അല്‍ മന്‍സൂരി, ഡോ. അബ്ദുറഹ്മാന്‍ അല്‍ ഉവൈസ്, റീം അല്‍ ഹാശിമി എന്നിവരും പങ്കെടുത്തു. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.