ദുബൈ/ഷാര്‍ജ: ചെറിയ പെരുന്നാള്‍ ബുധനാഴ്ച ഉറപ്പിച്ചതോടെ നാടെങ്ങും ആഘോഷത്തിന്‍െറ കേളികെട്ടുയര്‍ന്നു. 30 ദിവസത്തെ വ്രതം പൂര്‍ത്തിയാകുന്നതോടെ ഇന്ന് രാത്രി തന്നെ പരിശുദ്ധമായ മനസ്സും ശരീരവുമായി വിശ്വാസികള്‍ പെരുന്നാള്‍ ആഘോഷം തുടങ്ങും. അതിനി അവധി അവസാനിക്കുന്ന വെള്ളിയാഴ്ച വരെ തുടരും.
അതിനുള്ള തിരക്കും ബഹളവുമെല്ലാം കുറച്ചുദിവസമായി വിപണികളില്‍ പ്രകടമാണ്. ഒരുക്കങ്ങള്‍ക്കുള്ള അവസാന മണിക്കൂറുകളാണ് ഇനി.
സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ അവധി തുടങ്ങിയതോടെ തന്നെ രാവും പകലും റോഡിലും കടകമ്പോളങ്ങളിലും തിക്കും തിരക്കുമാണിപ്പോള്‍.
പുണ്യവും പ്രതിഫലവും ഏറെയുള്ള റമദാന്‍െറ അവസാന നാളുകളില്‍ പള്ളികളിലും നല്ല തിരക്കായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍. രാത്രി നമസ്കാരങ്ങളില്‍ പങ്കെടുത്ത് വരുന്നവരെ കാത്ത് സ്ഥാപനങ്ങള്‍ പാതിരാത്രിയും പ്രവര്‍ത്തിക്കുന്നു.
ദുബൈ ,ഷാര്‍ജ, റാസല്‍ഖൈമ, ഫുജൈറ എന്നിവിടങ്ങളില്‍ റമദാന്‍, ഈദ് വില്ളേജുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വന്‍ തിരക്കാണ് ഇവിടെ അനുഭവപ്പെടുന്നത്.
പെരുന്നാള്‍ വിഭവങ്ങള്‍ ഒരുക്കാനുള്ള സാധനങ്ങള്‍ വാങ്ങാനായി കുടുംബ സമേതമാണ് ആളുകള്‍ മാളുകളിലും സൂപ്പര്‍ മാര്‍ക്കറ്റുകളിലും എത്തുന്നത്. ബാച്ച്ലര്‍മാരുടെ പട ഇറങ്ങുന്നത് രാത്രിയാണ്. വിലക്കുറവും സമ്മാന പദ്ധതികളും ഉയര്‍ത്തിക്കാട്ടിയാണ് കച്ചവടക്കാര്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നത്.
പെരുന്നാളിന് അണിയാനുള്ള മൈലാഞ്ചി, വസ്ത്രം മുതല്‍ ബിരിയാണി ചെമ്പിലേക്കുള്ള സാധനങ്ങള്‍ വരെ ഒരു കുടക്കീഴില്‍ അണിനിരത്തിയാണ് കച്ചവടം പൊടിപൊടിക്കുന്നത്. ഷാര്‍ജ ജുബൈലിലെ കാലി ചന്തയില്‍ വന്‍ തിരക്കാണ് ഇപ്പോള്‍ തന്നെ. ആടുമാടുകളെ വാങ്ങാന്‍ വന്ന സ്വദേശികളുടെ തിരക്കാണ് ഇവിടെ കൂടുതലായി അനുഭവപ്പെടുന്നത്. പ്രവാസികളും കുറവല്ല.
ദുബൈ റാസല്‍ ഖോറിലെ പഴം-പച്ചക്കറി മാര്‍ക്കറ്റും പെരുന്നാള്‍ തിരക്കിലമര്‍ന്നുകഴിഞ്ഞു. ഫുജൈറയിലെ രാത്രി സൂക്കില്‍ കച്ചവട പൂരമാണ് നടക്കുന്നത്. തൊട്ടടുത്തുള്ള കടല്‍ തീരത്ത് കുട്ടികള്‍ക്കുള്ള നിരവധി വിനോദങ്ങളും നടക്കുന്നുണ്ട്.
ഷാര്‍ജ എക്സ്പോ സെന്‍ററില്‍ നടക്കുന്ന റമദാന്‍ വില്ളേജിലും നൂറ് കണക്കിന് പേരാണ് ദിവസവും എത്തുന്നത്.
മാളുകളുടെ കവാടത്തില്‍ പെരുന്നാളിനെ സ്വാഗതം ചെയ്ത് കൊണ്ടുള്ള അലങ്കാരങ്ങളും സ്ഥലം പിടിച്ചിട്ടുണ്ട്. ദുബൈ ദേരയിലെ, നായിഫിലും ഷാര്‍ജ റോളയിലെ അല്‍ ഗുവൈറിലും ഫാഷന്‍ വസ്ത്രങ്ങളുടെ വസന്തമാണിപ്പോള്‍. പെരുന്നാള്‍ കണക്കിലെടുത്ത് ഏറ്റവും നവീനമായ ഉടയാടകളും മറ്റുമാണ് ഇവിടെ എത്തിയിരിക്കുന്നത്.
അജ്മാന്‍ സിറ്റി സെന്‍ററിന് സമീപം നടന്ന് വരുന്ന റമദാന്‍-ഈദ് ഫെസ്റ്റും ഏറെ ശ്രദ്ധിക്കപ്പെടുന്നു.
ഇതിന് സമീപത്ത് തന്നെ ഈദ് ക്രിക്കറ്റ് മാച്ചുകളും നടക്കുന്നു. രാത്രിയില്‍ വൈദ്യുത വിളക്കുകളുടെ പ്രഭയിലാണ് ക്രിക്കറ്റ് മത്സരം.
പെരുന്നാള്‍ കേരളത്തോടൊപ്പം
അബൂദബി: തിങ്കളാഴ്ച മാസപ്പിറവി ദൃശ്യമാകാത്ത സാഹചര്യത്തില്‍ യു.എ.ഇയിലും കേരളത്തോടൊപ്പം ഈദുല്‍ ഫിത്വ്ര്‍ ബുധനാഴ്ച. തിങ്കളാഴ്ച രാത്രി ഏഴോടെ അബൂദബിയിലെ നീതിന്യായ വകുപ്പില്‍ ചേര്‍ന്ന യു.എ.ഇ-സൗദി രാജ്യങ്ങളുടെ മാസപ്പിറവി നിരീക്ഷിക്കാനുള്ള കമ്മിറ്റികളുടെ സംയുക്ത യോഗം ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തി.
യു.എ.ഇയിലും കേരളത്തിലും ഒരേ ദിവസം പെരുന്നാളായതില്‍ മലയാളി പ്രവാസികള്‍ ഏറെ സന്തോഷത്തിലാണ്. കടലിന് അപ്പുറമിപ്പുറമാണെങ്കിലും വീട്ടുകാരുമായും നാട്ടുകാരുമായും പരസ്പരം ഒരേ ദിവസം പെരുന്നാളാശംസ കൈമാറാന്‍ സാധിക്കും. സ്വന്തക്കാരുടെ പെരുന്നാളാഘോഷത്തിന്‍െറ പൊലിമയറിയാനുള്ള ആവേശത്തില്‍ കൂടിയാണ് പ്രവാസികള്‍. വീട്ടുകാരുടെ ആഘോഷത്തിനും സന്തോഷത്തിനും ഒരു കുറവുമുണ്ടാകരുതെന്ന നിര്‍ബന്ധമാണ് അവര്‍ക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.