ദുബൈ: യു.എ.ഇയിലെ അരക്കോടിയോളം തൊഴിലാളികള്‍ക്കിതാ തൊഴില്‍ മന്ത്രാലയത്തില്‍ നിന്ന് മറ്റൊരു സന്തോഷവാര്‍ത്ത. ശമ്പളം കൃത്യമായി കിട്ടാതിരിക്കുകയോ ഉച്ചവിശ്രമ സമയത്ത് പണിയെടുക്കേണ്ടിവരികയോ പോലുള്ള നിയമലംഘനങ്ങള്‍ നടന്നാല്‍ ഇനി മൊബൈല്‍ ആപ്ളിക്കേഷന്‍ വഴി തൊഴില്‍മന്ത്രാലയത്തെ അറിയിക്കാം. മന്ത്രാലയം പുതുതായി തുടങ്ങിയ ‘ആമിന്‍’ എന്ന ആപ്പിലാണ് ഈ സൗകര്യമുള്ളത്. തൊഴിലാളികള്‍ക്ക് മാത്രമല്ല തൊഴിലുടമകള്‍ക്കും പൊതുജനങ്ങള്‍ക്കും ഉപകാരപ്രദമായ നിരവധിസേവനങ്ങള്‍ ഇനി വിരല്‍ത്തുമ്പില്‍ ലഭ്യമാകുമെന്ന് തൊഴില്‍ മന്ത്രാലയം ഐ.ടി വിഭാഗം ഡയറക്ടര്‍ അഹമ്മദ് അല്‍ നാസര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഗൂഗിള്‍, ആപ്പിള്‍ സ്റ്റോറുകളില്‍ നിന്ന് ആമിന്‍ ഡൗണ്‍ലോഡ് ചെയ്യാം. പിന്നെ ഇതില്‍ പാസ്പോര്‍ട്ട് നമ്പറോ എമിറേറ്റ്സ് ഐഡിയോ നല്‍കി രജിസ്റ്റര്‍ ചെയ്യണം. തൊഴിലാളിയെന്നോ തൊഴിലുടമയെന്നോ വ്യക്തമാക്കണം. ഇതോടെ ലഭിക്കുന്ന യൂസര്‍ നെയിമും പാസ്വേഡും ഉപയോഗിച്ച് ഏതു സമയവും തൊഴില്‍മന്ത്രാലയവുമായി ബന്ധപ്പെടാം.
രജിസ്റ്റര്‍ ചെയ്തയുടന്‍ ചെയ്തയാളുടെ വ്യക്തിവിവരങ്ങളും ലേബര്‍ കാര്‍ഡും ചിത്രവുമെല്ലാം ആപ്പില്‍ പ്രത്യക്ഷപ്പെടും. തൊഴില്‍ കരാറും ഇങ്ങനെ കാണാന്‍ സാധിക്കും. ഇത് മറ്റാരെങ്കിലുമായി പങ്കുവെക്കാനും ഈ ആപ്പിലൂടെ സാധിക്കും. ലഭ്യമായ സേവനങ്ങളുടെ വിവിധ ഐക്കണുകളില്‍ ക്ളിക് ചെയ്ത് വേണ്ട സേവനം തെരഞ്ഞെടുക്കാം.
ഒന്നര മാസം മുമ്പ് ആരംഭിച്ച ഈ ആപ്ളിക്കേഷന്‍ ഇതിനകം 3000ല്‍ അധികം പേര്‍ ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ട്.
തൊഴിലുടമയും തൊഴിലാളികളും തമ്മില്‍ ബന്ധം മെച്ചപ്പെടുത്താനും ഇത് സഹായകമാകുമെന്ന് അഹ്മദ് അല്‍ നാസര്‍ പറഞ്ഞു. തൊഴിലുടമക്ക് ലോഗിന്‍ ചെയ്താല്‍ തന്‍െറ പേരിലുള്ള കമ്പനികളുടെ പട്ടികയും കീഴില്‍ ജോലിചെയ്യുന്ന തൊഴിലാളികളുടെയും ജീവനക്കാരുടെയും എണ്ണവും മറ്റു വിവരങ്ങളും ലഭിക്കും. വേതന സംരക്ഷണ സംവിധാനം എത്രമാത്രം കാര്യക്ഷമമായി നടക്കുന്നു എന്നും വ്യക്തമാകും. ദൈനം ദിന കാര്യങ്ങളില്‍ ഇടപെടാത്ത തൊഴിലുടമകള്‍ക്ക് തന്‍െറ ജീവനക്കാര്‍ക്ക്് കൃത്യമായി ശമ്പളം നല്‍കിയോ അവര്‍ക്ക് മറ്റു വല്ല പരാതികളുണ്ടോ തുടങ്ങിയ വിവരങ്ങളും മൊബൈല്‍ ഫോണിലൂടെ നിമിഷ നേരം കൊണ്ട് അറിയാന്‍ കഴിയും. തൊഴിലാളി ഒളിച്ചോടുകയാണെങ്കില്‍ ഇതിലൂടെ പരാതി ബോധിപ്പിക്കാം.
തൊഴില്‍ മന്ത്രാലയ ഉദ്യോഗസ്ഥര്‍ക്കും ഈ ആപ്പ് ഏറെ ഗുണം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. നേരത്തെ നിയമലംഘനങ്ങള്‍ പരിശോധിക്കാന്‍ തൊഴിലിടങ്ങളില്‍ നിരന്തരം സന്ദര്‍ശിക്കണമായിരുന്നു. ഇനി ഈ ആപ്പിലൂടെ ഏതെല്ലാം സ്ഥാപനങ്ങളിലാണ് പരാതികളുള്ളതെന്നും ഏതെല്ലാം സ്ഥാപനങ്ങളാണ് കൃത്യമായ തൊഴില്‍ നിയമങ്ങള്‍ പാലിക്കുന്നതെന്നും ഓഫീസില്‍ നിന്ന് തന്നെ അറിയാന്‍ സാധിക്കും.
യു.എ.ഇയിലെ തൊഴിലവസരങ്ങളെ സംബന്ധിച്ചുള്ള വിശദ വിവരങ്ങളും ആപ്ളിക്കേഷനിലൂടെ ലഭ്യമാകും. വിര്‍ച്വല്‍ ജോബ് മാര്‍ക്കറ്റ് എന്ന വിഭാഗത്തിലാണ് ഇത് ഉണ്ടാകുക. വിദഗ്ധ തൊഴിലാളികള്‍ക്ക് ഇത് ഏറെ ഗുണം ചെയ്യും. തൊഴിലുടമക്ക് തൊഴിലാളികളെ ആവശ്യമുണ്ടെങ്കില്‍ ആപ്പ് വഴി അറിയിക്കാന്‍ കഴിയും.
ശമ്പളം സംബന്ധിച്ചുള്ള പരാതികളാണ് തൊഴില്‍ മന്ത്രാലയത്തിന് ഏറെയും ലഭിക്കുന്നതെന്ന് അഹ്മദ് അല്‍ നാസര്‍ പറഞ്ഞു. സേവനാനന്തര ആനുകൂല്യങ്ങള്‍ സംബന്ധിച്ചും പരാതികള്‍ ലഭിക്കാറുണ്ട്. തൊഴില്‍ ക്യാമ്പിലെ സൗകര്യങ്ങള്‍ സംബന്ധിച്ച പരാതിയും ആപ്പിലൂടെ ബോധിപ്പിക്കാന്‍ കഴിയും. ഫോട്ടോയും അപ്ലോഡ് ചെയ്യാം. തൊഴില്‍ മന്ത്രാലയത്തിലെ പരിശോധകര്‍ ഉചിതമായ നടപടികള്‍ കൈക്കൊള്ളും. നിലവില്‍ അറബി, ഇംഗ്ളീഷ്, ഭാഷകളിലാണ് ആപ്ളിക്കേഷന്‍ ഉള്ളത്. ഉടനെ തന്നെ ഉറുദു, ഹിന്ദി ഭാഷകള്‍ ഇതില്‍ ഉള്‍പ്പെടുത്തും. മലയാളം ഉള്‍പ്പെടെ മറ്റു ഭാഷകളില്‍ ലഭ്യമാക്കാന്‍ പിന്നീട് ശ്രമിക്കുമെന്നും അഹ്മദ് അല്‍ നാസര്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.