ഫുജൈറ കലാമേളക്ക് വര്‍ണാഭ തുടക്കം

ഫുജൈറ: ഫുജൈറ കള്‍ചറല്‍ ആന്‍ഡ് മീഡിയ അതോറിറ്റി സംഘടിപ്പിക്കുന്ന ഫുജൈറ അന്താരാഷ്ട്ര ആര്‍ട് ഫെസ്റ്റിവലിന് വര്‍ണാഭ തുടക്കം. ഫുജൈറ ഭരണാധികാരി ശൈഖ് ഹമദ് ബിന്‍ മുഹമ്മദ്  അല്‍ ശര്‍ഖിയും കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ ഹമദ് ബിന്‍ മുഹമ്മദ് അല്‍ ശര്‍ഖിയും ചേര്‍ന്നാണ് പ്രഥമ മേള ഉദ്ഘാടനം ചെയ്തത്. ഫുജൈറ കള്‍ചറല്‍ ആന്‍ഡ് മീഡിയ അതോറിറ്റി ചെയര്‍മാന്‍ ശൈഖ് റാശിദ് ബിന്‍ ഹമദ് അല്‍ ശര്‍ഖിയും അതോറിറ്റി ഡയറക്ടര്‍ മുഹമ്മദ് അല്‍ അഫ്ഖമും മറ്റു ഉന്നത ശൈഖുമാരും ഉദ്യോഗസ്ഥന്മാരും  വിശിഷ്ടാതിഥികളും സംബന്ധിച്ചു. ഈ മാസം 28 വരെ നീളുന്ന ആഘോഷ പരിപാടിയില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള കലാകാരന്മാര്‍ സംഗീതവും നാടകവും നൃത്തവും മറ്റു കലാ രൂപങ്ങളുമായി വേദി നിറയും.  
ഉദ്ഘാടന ഷോയായി അരങ്ങേറിയ ‘ഇഷ്റാഖത് അല്‍ മജീദ്’ നൃത്ത സംഗീത നാടകം മേളയുടെ പ്രൗഢിയുടെ വിളംബരമായി. 
400 ലേറെ നര്‍ത്തകരും അഭിനേതാക്കളും കാലകാരന്മാരും ചേര്‍ന്ന അവതരിപ്പിച്ച 45 മിനിട്ട് കലാ വിസ്മയത്തിന്‍െറ പ്രതിപാദ്യം യു.എ.ഇയുടെ ചരിത്രമായിരുന്നു. താളമേളവും വര്‍ണവെളിച്ചവുമെല്ലാം ചേര്‍ന്നുള്ള മായിക കലാ സന്ധ്യ ഓര്‍നിന തിയറ്ററിക്കല്‍ ഗ്രൂപ്പാണ് അണിയിച്ചൊരുക്കിയത്. 
10 ദിവസത്തെ ഫുജൈറയില്‍ ഉത്സവകാലമൊരുക്കുന്ന കാര്‍ണിവലില്‍ പങ്കെടുക്കാന്‍ ലോകത്തെ 65 ഓളം രാജ്യങ്ങളില്‍ നിന്നുള്ള 700 ലേറെ കലാകാരന്മാരും അതിഥികളും എത്തിയിട്ടുണ്ട്.
 നാടകം ദിബ്ബ തിയറ്ററിലും സംഗീത പരിപാടികള്‍  ഫുജൈറയി ല്‍ വിവിധ വേദികളിലും ആര്‍ട്ട് ക്യാമ്പ് വാദി വുറയ്യയിലുമാണ് അരങ്ങേറുന്നത്. 
കൂടാതെ പരമ്പരാഗത സംഗീത സായാഹ്ന പരിപാടികള്‍ മസാഫി, സിജി, തൊവീന്‍ എന്നീ സ്ഥലങ്ങളിലും നടക്കും. ഫുജൈറ ഫോര്‍ട്ട്, ഫുജൈറ കോര്‍ണിഷ്, ഫുജൈറ സിറ്റി സെന്‍റര്‍, ഹെറിറ്റേജ് വില്ലജ്, ബിദിയ എന്നീ സ്ഥലങ്ങളും വിവിധ പരിപാടിക്കു വേദികളാകും.   
ഇന്ത്യ, ഒമാന്‍,സൗദി അറേബ്യ, ഫലസ്തീന്‍, ജോര്‍ദാന്‍, ഈജിപ്ത്, ലബനന്‍, മൊറോക്കോ, കോസ്റ്റാറിക്ക, ജപ്പാന്‍, ഫിലിപ്പൈന്‍സ്, സ്പെയിന്‍,ബ്രസീല്‍ എന്നിവിടങ്ങളില്‍ നിന്നെല്ലാം കലാ സംഘങ്ങള്‍ എത്തിയിട്ടുണ്ട്. ആഫ്രിക്ക, ചൈന, യൂറോപ്പ്, വിവിധ അറബ് രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള 13 ലേറെ ചിത്രകാരന്മാരും ശില്പികളും സൃഷ്ടികള്‍ ഒരുക്കുന്ന ശില്പശാലയും ഒരുക്കിയിട്ടുണ്ട്.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.