ദുബൈ: ഗള്‍ഫിലെ മാറിയ തൊഴില്‍ സാഹചര്യങ്ങള്‍ നേരിടാന്‍ ഇന്ത്യന്‍ തൊഴിലാളികള്‍ വൈദഗ്ധ്യം വര്‍ധിപ്പിക്കണമെന്ന് യു.എ.ഇയിലെ ഇന്ത്യന്‍ അംബാസഡര്‍ ടി.പി.സീതാറാം പറഞ്ഞു. ഉത്തര്‍പ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദഗ്ധ തൊഴിലാളികള്‍ക്ക് തൊഴിലവസരങ്ങള്‍ തേടി ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ സംസ്ഥാന സര്‍ക്കാറുകള്‍ സംഘടിപ്പിച്ച റോഡ് ഷോ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അതത് മേഖലകളില്‍ വൈദഗ്ധ്യം ഇല്ലാത്തതാണ് ഇന്ത്യന്‍ തൊഴിലാളികള്‍ നേരിടുന്ന പ്രധാന പ്രശ്നം. ഉന്നത നിലയില്‍ പരീക്ഷ വിജയിച്ച് ഗള്‍ഫിലേക്ക് കയറുന്ന നഴ്സുമാരും മറ്റും ആധുനിക ഉപകരണങ്ങള്‍ കാണുന്നത് ഇവിടെയത്തെുമ്പോള്‍ മാത്രമാണ്. ഇവരെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഉപകരണങ്ങളില്‍ പരിശീലനം നല്‍കാന്‍ കൂടുതല്‍ സമയം ചെലവഴിക്കേണ്ടിവരുന്നു. തൊഴില്‍ വിപണിയില്‍ ഇത് അവരെ പ്രതികൂലമായി ബാധിക്കും. നാട്ടില്‍ നിന്നുതന്നെ വിദഗ്ധ പരിശീലനം ലഭ്യമാക്കുകയാണെങ്കില്‍ മറ്റു രാജ്യക്കാരേക്കാള്‍ മത്സരക്ഷമതയുള്ളവരാക്കി മാറ്റാന്‍ സാധിക്കും. എണ്ണ വിലക്കുറവ് മൂലം തൊഴില്‍ വിപണിയില്‍ അനുഭവപ്പെട്ട മാന്ദ്യം നേരിടാന്‍ വൈദഗ്ധ്യം കൂടിയേ തീരൂ. ചില രാജ്യക്കാര്‍ക്ക് ഗള്‍ഫില്‍ നിയമനനിരോധം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഗുരുതരമായ ഈ അവസ്ഥ മറികടക്കാന്‍ നാം പദ്ധതികള്‍ തയാറാക്കേണ്ടതുണ്ട്. ഉത്തര്‍പ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളുടെ ഇതിനുള്ള ശ്രമം മാതൃകാപരമാണ്.
അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധസേനയുടെ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍െറ ഇന്ത്യ സന്ദര്‍ശന വേളയില്‍ ന്യൂഡല്‍ഹിയില്‍ വെച്ച് യു.എ.ഇ മനുഷ്യവിഭവശേഷി- സ്വദേശിവത്കരണ വകുപ്പ് മന്ത്രി സഖര്‍ ബിന്‍ ഗോബാശ് സഈദ് ഗോബാശുമായി കൂടിക്കാഴ്ച നടത്താന്‍ അവസരം ലഭിച്ചു. ഇന്ത്യയില്‍ നിന്ന് വിദഗ്ധ തൊഴിലാളികളുടെ റിക്രൂട്ട്മെന്‍റിനായി കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ ഇ- മൈഗ്രേറ്റ് സംവിധാനത്തിന്‍െറ പോരായ്മകള്‍ അദ്ദേഹം ചൂണ്ടിക്കാണിച്ചു. ഇത് പരിഹരിക്കാന്‍ വരും നാളുകളില്‍ യോജിച്ച ചര്‍ച്ചകള്‍ ഉണ്ടാകേണ്ടതുണ്ട്. യു.എ.ഇയിലെ ഇന്ത്യന്‍ തൊഴിലാളികളെ തൊഴില്‍ അവകാശങ്ങളെയും ബാധ്യതകളെയും കുറിച്ച് ബോധവത്കരിക്കുന്നതിനായി എംബസിയും കോണ്‍സുലേറ്റും നിരവധി പ്രവര്‍ത്തനങ്ങളാണ് നടത്തിവരുന്നത്. എത്ര ഇന്ത്യക്കാര്‍ ഇവിടെ ജോലി ചെയ്യുന്നുണ്ടെന്നതിനെക്കുറിച്ച കണക്ക് എംബസിയുടെ കൈവശം ഉണ്ടായിരുന്നില്ല. വെബ്സൈറ്റ് മുഖേന രജിസ്ട്രേഷന്‍ സംവിധാനം ഏര്‍പ്പെടുത്തിയതിലൂടെ കുറേപ്പേരുടെ വിവരങ്ങള്‍ ലഭിച്ചു. എന്നാല്‍ ഇത് പൂര്‍ണമായിട്ടില്ല. ബോധവത്കരണത്തിനായി ഇന്ത്യന്‍ എംബസി പുറത്തിറക്കിയ കൈപ്പുസ്തകത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. സന്നദ്ധസംഘടനകളുടെ സഹായത്തോടെ ഇത് ലേബര്‍ ക്യാമ്പുകളിലും മറ്റും വിതരണം ചെയ്തു. മലയാളം അടക്കം ഇന്ത്യന്‍ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യുകയുമുണ്ടായെന്ന് അംബാസഡര്‍ പറഞ്ഞു.
ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഡെപ്യൂട്ടി കോണ്‍സുല്‍ ജനറല്‍ കെ. മുരളീധരന്‍ സ്വാഗതം പറഞ്ഞു. കോണ്‍സുല്‍ ജനറല്‍ അനുരാഗ് ഭൂഷണ്‍ സംസാരിച്ചു. തെലങ്കാന ഓവര്‍സീസ് മാന്‍പവര്‍ കമ്പനി ജനറല്‍ മാനേജര്‍ കെ. ഭവാനി തെലങ്കാനയിലെ തൊഴില്‍ വൈദഗ്ധ്യ വികസന പദ്ധതികള്‍ വിശദീകരിച്ചു. ഉത്തര്‍പ്രദേശ് വൊക്കേഷണല്‍ എജുക്കേഷന്‍ ആന്‍ഡ് സ്കില്‍ ഡെവലപ്മെന്‍റ് വകുപ്പ് മന്ത്രി അഭിഷേക് മിശ്ര യു.പിയിലെ പദ്ധതികളെക്കുറിച്ച് സംസാരിച്ചു. അഡ്വ. ബിന്ദു ചേറ്റൂര്‍ യു.എ.ഇയിലെ പുതിയ തൊഴില്‍ നിയമങ്ങള്‍ വിശദീകരിച്ചു. തെലങ്കാന സംഘത്തെ നയിക്കുന്നത് ആഭ്യന്തര- തൊഴില്‍ മന്ത്രിയായ നൈനി നരസിംഹ റെഡ്ഡിയാണ്. നിസാമാബാദ് എം.പി കവിത കല്‍വകുണ്ട്ലയും സന്നിഹിതയായിരുന്നു. യു.പി. സംഘത്തെ നയിക്കുന്നത് മന്ത്രി അഭിഷേക് മിശ്രയാണ്. റോഡ്ഷോയില്‍ യു.എ.ഇയിലെ 30ഓളം കമ്പനി പ്രതിനിധികള്‍ പങ്കെടുത്തു. സംസ്ഥാന സര്‍ക്കാറുകളുടെ കൈവശമുള്ള ഉദ്യോഗാര്‍ഥികളുടെ വിവരങ്ങള്‍ കമ്പനി പ്രതിനിധികള്‍ക്ക് കൈമാറി. ഐ.ബി.പി.സി പ്രതിനിധികള്‍, ദുബൈയിലെയും വടക്കന്‍ എമിറേറ്റുകളിലെയും ഇന്ത്യന്‍ അസോസിയേഷന്‍ പ്രതിനിധികള്‍ എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.