ഷാര്‍ജ: തുറസായി കിടക്കുന്നതും മലയാളികള്‍ കച്ചപാര്‍ക്കിങുകള്‍ എന്ന് വിളിക്കുന്നതുമായ വാഹന നിറുത്തല്‍ കേന്ദ്രങ്ങള്‍ ഓര്‍മയാകുന്നു. നഗരസഭയുടെ അഅംഗീകാരമില്ലാതെ ഇത്തരം ഇടങ്ങളില്‍ വാഹനങ്ങള്‍ നിറുത്തിയിടാന്‍ ഒരു കാരണവശാലും അനുവദിക്കില്ല എന്നാണ് അധികൃതര്‍ പറയുന്നത്. ഇത്തരം പാര്‍ക്കിങുകളില്‍ നിറുത്തിയിടുന്ന വാഹനങ്ങളില്‍ മുന്നറിയിപ്പടങ്ങിയ ലഘുലേഖകള്‍ അധികൃതര്‍ വെച്ചിരുന്നു. ലഭ്യമായ വാഹന ഉടമകള്‍ക്ക് അവ നേരിട്ട് നല്‍കുകയും ചെയ്തു. വ്യാഴാഴ്ച മുതല്‍ ഇത്തരം ഇടങ്ങളില്‍ നിന്ന് വാഹനങ്ങള്‍ ഒഴിപ്പിച്ച് തുടങ്ങുമെന്നാണ് അറിയുന്നത്. പലതരത്തിലുള്ള നിയമലംഘനങ്ങളും ഇത്തരം പാര്‍ക്കിങുകള്‍ കേന്ദ്രികരിച്ച് നടക്കുന്നതായും അധികൃതര്‍ ചൂണ്ടി കാട്ടുന്നു.
ഇപ്പോള്‍ കച്ച പാര്‍ക്കിങുകളായി ഉപയോഗിക്കുന്ന ഇടങ്ങളെല്ലാം വൈകാതെ പണമടച്ചുള്ള പാര്‍ക്കിങുകളായി മാറും. നഗരസഭയുടെ അനുമതിയുള്ള കമ്പനികളാണ് ഇത് ഏറ്റെടുക്കുക. സാധാരണക്കാരായ പ്രവാസികളുടെ കുടുംബ ബജറ്റ് ഇത് താളം തെറ്റിക്കും എന്ന് ഇപ്പോള്‍ തന്നെ ആളുകള്‍ പറഞ്ഞ് തുടങ്ങിയിട്ടുണ്ട്. മണിക്കൂര്‍ വെച്ചായിരിക്കും ഇത്തരം പാര്‍ക്കിങ് കേന്ദ്രങ്ങള്‍ വാടക പിടിക്കുക. വാര, മാസ, വാര്‍ഷിക നിരക്കുകളും ഉണ്ടാകും.
ഷാര്‍ജ പട്ടണങ്ങളില്‍ ഇപ്പോള്‍ കച്ച പാര്‍ക്കിങുകള്‍ അപൂര്‍വ്വമാണ്. എന്നാല്‍ മറ്റിടങ്ങളില്‍ ഇത് വേണ്ടുവോളമുണ്ട്. ഷാര്‍ജ ഓള്‍ഡ്സൂക്ക് ഭാഗത്ത് അടുത്ത കാലത്താണ് പെയ്ഡ് പാര്‍ക്കിങ് സംവിധാനം നടപ്പിലാക്കിയത്. വാഹനങ്ങളുടെ നിരന്തരമായ നിയമലംഘനമാണ് ഇതിന് പ്രധാന കാരണമായത്.
അനിശ്ചിതമായി വാഹനങ്ങള്‍ നിറുത്തിയിടുക, വാഹനങ്ങള്‍ വൃത്തിയാക്കാതെയിടുക, രണ്ട് വാഹനത്തിന്‍െറ ഇടം ഒരു വാഹനം കൈയേറുക തുടങ്ങിയ നിയമലംഘനങ്ങളെ തുടര്‍ന്നാണ് അധികൃതര്‍ ഇവിടെ പെയ്ഡ് പാര്‍ക്കിങ് കൊണ്ട് വന്നത്. കച്ച പാര്‍ക്കിങുകളുടെ കളം മാറ്റത്തിനും ഇത്തരം കാര്യങ്ങള്‍ തന്നെയാണ് പ്രധാന കാരണം. വാടക പാര്‍ക്കിങ് സംവിധാനം വരുമ്പോള്‍ അവിടെ കാവല്‍ക്കാരന്‍ ഉണ്ടാകും. കച്ച പാര്‍ക്കിങുകള്‍ കേന്ദ്രികരിച്ചുള്ള മദ്യ വില്‍പ്പന, പിടിച്ച്പ്പറി, യാചന എന്നിവയെല്ലാം ഇതോടെ നില്‍ക്കും.
എന്നാല്‍ മര്യാദക്കാരായ സാധാരണക്കാര്‍ക്ക് ഇത് വലിയ അടിയാകും. എന്നാല്‍ വാഹന മോഷണം പോകല്‍, വാഹനങ്ങളുടെ ചില്ല് തകര്‍ത്തുള്ള മോഷണം എന്നിവ വാടക സംവിധാനം നിലവില്‍ വരുന്നതോടെ നിലക്കുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.