ഇന്ത്യന്‍ നിക്ഷേപകരെ ലക്ഷ്യമിട്ട് സൈഫ് സോണ്‍ അതോറിറ്റി റോഡ് ഷോ

ഷാര്‍ജ: നിക്ഷേപ കേന്ദ്രമെന്ന നിലയില്‍ ഇന്ത്യന്‍ വ്യവസായികളെ ഷാര്‍ജയിലേക്ക് ആകര്‍ഷിക്കുന്നതിനായി  ഷാര്‍ജ എയര്‍പോര്‍ട്ട് ഇന്‍റര്‍നാഷണല്‍ ഫ്രീ സോണ്‍ അതോറിറ്റി (സൈഫ് സോണ്‍) റോഡ് ഷോ നടത്തി. കൊച്ചി ഉള്‍പ്പെടെ ഇന്ത്യയിലെ എട്ടു നഗരങ്ങളിലാണ് വിവിധ വാണിജ്യ മണ്ഡലങ്ങളുടെ സഹകരണത്തോടെ റോഡ് ഷോ നടത്തിയത്.
കൊച്ചി, ചെന്നൈ, കോയമ്പത്തൂര്‍, ബംഗളൂരു എന്നിവിടങ്ങളില്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സി.ഐ.ഐ), ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്സ്പോര്‍ട്ട് ഓര്‍ഗനൈസേഷന്‍ (എഫ്.ഐ.ഇ.ഒ) എന്നിവയുടെ സഹകരണത്തോടെയായിരുന്നു ഷാര്‍ജയുടെ നിക്ഷേപ സാധ്യതകള്‍ അവതരിപ്പിച്ചത്.  മുംബൈ, അഹമ്മദാബാദ്, ബറോഡ, സൂറത്ത് എന്നിവിടങ്ങളിലും റോഡ് ഷോ നടന്നു. ഈ നഗരങ്ങളില്‍ ‘ബിസിനസിനെ ആഗോളമാക്കാം’ എന്ന തലക്കെട്ടിലുള്ള അന്താരാഷ്ട്ര ബിസിനസ് ഫോറത്തില്‍ സൈഫ് സോണ്‍ സംഘം പങ്കെടുത്തു.
ഇന്ത്യന്‍ പര്യടനത്തില്‍ മികച്ച അനുകൂല പ്രതികരണമാണ് ലഭിച്ചതെന്നും സമീപ ഭാവിയില്‍ തന്നെ ഇന്ത്യയില്‍ നിന്ന് ധാരാളം സംരംഭകരെ സൈഫ് സോബിലേക്ക് പ്രതീക്ഷിക്കുന്നതായും  സോണ്‍ ഡയറക്ടര്‍ സൗദ് സലിം അല്‍ മസ്റൂയി പറഞ്ഞു. നിലവില്‍ ഈ സ്വതന്ത്ര വ്യാപാര മേഖലയിലെ നിക്ഷേപകരില്‍ പകുതിയും ഇന്ത്യയില്‍ നിന്നുള്ളവരാണ്. 
ഇവിടെ കയറ്റുമതി, ഇറക്കുമതി ചുങ്കങ്ങളും ആദായ,കോര്‍പ്പറേറ്റ് നികുതിയും ഇല്ല. ഇതിന് പുറമെ ഉപയോഗിക്കുന്ന ജല, വൈദ്യുതി നിരക്കുകളില്‍ ഷാര്‍ജ  സര്‍ക്കാര്‍ 70 ശതമാനം സബ്സിഡിയും നല്‍കുന്നുണ്ട്.  മാത്രമല്ല മിഡിലീസ്റ്റ് വിപണിയില്‍ അവസരങ്ങള്‍ തേടുന്ന ഇന്ത്യന്‍ വ്യാപാരികള്‍ക്കും സേവന ദാതാക്കള്‍ക്കും സൈഫ് സോണ്‍ ഉത്പാദന മേഖല അതിനായി സഹകരണം ഉറപ്പുനല്‍കുന്നുമുണ്ട്. ഇക്കാര്യങ്ങളാണ് ഇന്ത്യന്‍ വാണിജ്യ സമൂഹത്തിന് മുന്നില്‍ അവതരിപ്പിച്ചതെന്ന് അല്‍ മസ്റൂയി പത്രക്കുറിപ്പില്‍ അറിയിച്ചു.  1995ല്‍ രൂപവത്കരിച്ച  സൈഫ് സോണില്‍ 149 രാജ്യങ്ങളില്‍ നിന്നുള്ള 7000ത്തോളം വ്യാപാര സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ലോകപ്രശസ്ത കമ്പനികളും ഇതില്‍പ്പെടുന്നു.  20 വര്‍ഷം കൊണ്ട് മേഖലയിലെ മികച്ച വ്യാപാര കേന്ദ്രമായി വളരാന്‍ ഇതിന് സാധിച്ചിട്ടുണ്ട്.  വര്‍ഷം 7,070 ഡോളര്‍ മാത്രം നിക്ഷേപിക്കാന്‍  സാധിക്കുന്ന ചെറിയ നിക്ഷേപകര്‍ക്ക് പോലും ഇവിടെ ബിസിനസ് യൂനിറ്റ് തുടങ്ങാനാകും. മികച്ച അകം സൗകര്യങ്ങളോടു കൂടിയ ഓഫീസുകള്‍, പാര്‍ക്കിങ് സ്ഥലം, വെയര്‍ഹൗസുകള്‍, ഭൂമി തുടങ്ങി എല്ലാ അടിസ്ഥാന സൗകര്യങ്ങളൂം ഇവിടെ ഒരുക്കിയിട്ടുണ്ട്. മൂന്നു പ്രധാന തുറമുഖങ്ങളാണ് ഷാര്‍ജയിലുള്ളത്. അറേബ്യന്‍ ഗള്‍ഫില്‍ ഖാലിദ് തുറമുഖവും ഹംരിയ്യ തുറമുഖവും ഗള്‍ഫ് ഓഫ് ഒമാനില്‍ ഖോര്‍ഫക്കാന്‍ തുറമുഖവും. കടല്‍ വഴിയുള്ള ചരക്ക് കടത്ത് സൗകര്യത്തിന് പുറമെ ആകാശ കടത്ത് സൗകര്യം ചേര്‍ത്ത് ഉപയോഗിക്കാനും ഷാര്‍ജയില്‍ സൗകര്യമുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.