അര്‍ബുദ രോഗികള്‍ക്ക് വയനാട് വിംസ് ആശുപത്രിയില്‍ സൗജന്യ റേഡിയേഷന്‍ ചികിത്സ നല്‍കുമെന്ന് ഡോ.ആസാദ് മൂപ്പന്‍

ദുബൈ: വയനാട് മേപ്പാടിയില്‍ പ്രവര്‍ത്തിക്കുന്ന ഡി.എം. വിംസ് മെഡിക്കല്‍ കോളജില്‍ അര്‍ഹരായ അര്‍ബുദ രോഗികള്‍ക്ക് സൗജന്യമായി റേഡിയേഷന്‍ ചികിത്സ നല്‍കാന്‍ ഡോ.മൂപ്പന്‍സ് ഫൗണ്ടേഷന്‍െറ ആഭിമുഖ്യത്തില്‍ സഹായ പദ്ധതി തുടങ്ങുമെന്ന് ഡി.എം ഹെല്‍ത്ത്കെയര്‍ സ്ഥാപകനും ചെയര്‍മാനുമായ ഡോ. ആസാദ് മൂപ്പന്‍ അറിയിച്ചു. ആറു കോടി രൂപ വില വരുന്ന അത്യാധുനിക ലിനാക് റേഡിയേഷന്‍ യന്ത്രമാണ് ഇതിനായി സ്ഥാപിക്കുക. കെട്ടിടവും മറ്റു അനുബന്ധ സൗകര്യങ്ങള്‍ക്കുമായി നാലു കോടി രൂപ വേറെയും നീക്കിവെച്ചിട്ടുണ്ടെന്ന് മാധ്യമ പ്രവര്‍ത്തകരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ അര്‍ബുദ രോഗികള്‍ ലിനാക് റേഡിയേഷന്‍ ചികിത്സക്കായി പ്രധാനമായും തിരുവനന്തപുരം ആര്‍.സി.സിയെയാണ് ആശ്രയിക്കുന്നത്. വയനാട്ടില്‍ ഈ യന്ത്രം സ്ഥാപിക്കുന്നതോടെ ദിവസം 50-60 പേര്‍ക്കാണ് റേഡിയേഷന്‍ നല്‍കാനാവുക. ഇതില്‍ പകുതി പേര്‍ക്ക് പൂര്‍ണമായും സൗജന്യമായി നല്‍കാനാണ് ഉദ്ദേശിക്കുന്നത്.
കേന്ദ്ര സര്‍ക്കാരിന്‍െറ ആഭിമുഖ്യത്തില്‍ വര്‍ഷം തോറും നടത്തുന്ന പ്രവാസി ഭാരതീയ ദിവസ് (പി.ബി.ഡി)സമ്മേളനം രണ്ട് വര്‍ഷത്തില്‍ ഒരിക്കലാക്കുന്നത് ശരിയല്ളെന്ന് നോര്‍ക്ക് റൂട്ട്സ് ഡയറക്ടര്‍ കൂടിയായ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു.  ക്ഷണിക്കപ്പെട്ടവര്‍ക്ക് മാത്രം പ്രവേശം നിജപ്പെടുത്തുമെന്നും കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് അറിയിച്ചിരുന്നു. എന്നാല്‍ വര്‍ഷത്തിലൊരിക്കല്‍ പ്രവാസികള്‍ക്ക് അവരുടെ പ്രശ്നങ്ങള്‍ അവതരിപ്പിക്കാനുളള ഏക വേദിയെന്ന നിലയില്‍ പി.ബി.ഡിയുടെ പ്രസക്തി പുതിയ തീരുമാനത്തോടെ ഇല്ലാതാകുമെന്ന ആശങ്കയുണ്ടെന്നും രജിസ്റ്റര്‍ ചെയ്ത ആര്‍ക്കും പങ്കെടുക്കാന്‍ സാധിക്കുന്ന നിലവിലെ സ്ഥിതി തുടരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിവിധ സംസ്ഥാന തലസ്ഥാനങ്ങളിലും ഇന്ത്യയിലും വിദേശത്തുമായും നടത്തി പ്രശ്നങ്ങളില്‍ പരിഹാരം കണ്ടത്തെണം. 
സമ്മേളനത്തിന് മുമ്പ് തന്നെ വിവിധ രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികള്‍ വഴി പ്രവാസികളുടെ പരാതികള്‍ ക്ഷണിക്കണം. ഇത് ഒരു വിദഗ്ധ സമിതി പരിശോധിച്ച് പ്രധാനപ്പെട്ട കുറച്ച് പ്രശ്നങ്ങള്‍ തെരഞ്ഞെടുത്ത് അതില്‍ പരിഹാരമുണ്ടാക്കണം. ഇപ്പോള്‍ എല്ലാ വര്‍ഷവും പരിഹാരമില്ലാത്ത ഒരേ പ്രശ്നങ്ങളാണ് ചര്‍ച്ച ചെയ്യപ്പെടുന്നത്. ആരും ഇവ ഗൗരവത്തിലെടുക്കുന്നില്ളെന്നും വ്യവസ്ഥാപിതമായ പരിഹാര മാര്‍ഗങ്ങളില്ളെന്നുമാണ് ഇതില്‍ നിന്ന് മനസ്സിലാകുന്നത്. മതിയായ തുടര്‍ നടപടികളും ഉണ്ടാകുന്നില്ല. ചില പ്രശ്നങ്ങളിലെങ്കിലും സര്‍ക്കാര്‍ തലത്തില്‍ അല്ലാതെ പരിഹാരം കാണാന്‍ പറ്റുമോ എന്നു നോക്കണം. നാട്ടില്‍ തിരിച്ചത്തെുന്ന പ്രവാസികള്‍ക്ക് വാര്‍ധക്യകാലത്ത് ചികിത്സക്ക് പ്രയാസപ്പെടുന്നുണ്ട്. 
അവര്‍ക്കായി ഒരു ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി തുടങ്ങാനാകുമോ എന്ന ഈ മേഖലയിലുള്ളവരുമായി ആലോചിക്കണം. ജീവിത ശൈലീ രോഗങ്ങളല്ലാത്തവയില്‍ ചെറിയ വാര്‍ഷിക അംശാദായത്തിന് ചികിത്സാ ഇന്‍ഷുറന്‍സ് നല്‍കാന്‍ കമ്പനികള്‍ തയാറാകും. നിലവിലുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ പദ്ധതികളില്‍ ഇവ ഉള്‍പ്പെടുത്താനാകുമോ എന്നും ആലോചിക്കണം.
വര്‍ഷം തോറും മാധ്യമ അവാര്‍ഡുകള്‍ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഗള്‍ഫ് മേഖലയിലും അഖിലേന്ത്യാ തലത്തിലും കേരളത്തിലും പ്രത്യേകം മാധ്യമ അവാര്‍ഡുകള്‍ സമ്മാനിക്കും.
മൊത്തം പത്ത് ലക്ഷം രൂപയായിരിക്കും അവാര്‍ഡ് തുക. ഗള്‍ഫിലെ മാധ്യമ അവാര്‍ഡ് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായിരുന്ന പി.വി. വിവേകാനന്ദിന്‍െറ പേരിലായിരിക്കും. ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട മികച്ച റിപ്പോര്‍ട്ടുകള്‍ക്കായിരിക്കും അവാര്‍ഡ് നല്‍കുകയെന്ന് ഡോ.ആസാദ് മൂപ്പന്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.