ദുബൈ പൊലീസിന്‍െറ 15 പുതിയ സ്മാര്‍ട്ട് സേവനങ്ങള്‍ ജൈറ്റക്സില്‍

ദുബൈ: ഈ മാസം 18 മുതല്‍ 22 വരെ നടക്കുന്ന ജൈറ്റക്സ് സാങ്കേതികവാരത്തില്‍ ദുബൈ പൊലീസിന്‍െറ ഏറ്റവും പുതിയ 15 സ്മാര്‍ട്ട് സേവനങ്ങള്‍ അവതരിപ്പിക്കും. ഇതിന് പുറമെ 82 സ്മാര്‍ട്ട് സേവനങ്ങളും ജൈറ്റക്സില്‍ പ്രദര്‍ശിപ്പിക്കുമെന്ന് ദുബൈ പൊലീസ് സ്മാര്‍ട്ട് സര്‍വീസസ് ഡയറക്ടര്‍ കേണല്‍ ഖാലിദ് അല്‍ റസൂഖി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.  
സ്മാര്‍ട്ട് പൊലീസ് ഓഫിസര്‍ അഥവാ റോബോ കോപ്പ് ആണ് പുതിയ സ്മാര്‍ട്ട് സേവനങ്ങളില്‍ പ്രധാനം. പൊലീസ് നായകള്‍ക്കായുള്ള വിര്‍ച്വല്‍ ട്രെയിനിങ് പ്രോഗ്രാം, ദുബൈ പൊലീസ് ആപ്പിലെ ട്രാഫിക് സ്റ്റാറ്റസ് സര്‍ട്ടിഫിക്കറ്റ്, അപകട നോട്ടിഫിക്കേഷന്‍, ദുബൈ പൊലീസ് ജീവനക്കാര്‍ക്കുള്ള സ്മാര്‍ട്ട് അറ്റന്‍റന്‍സ് സംവിധാനം, ആപ്പിള്‍ വാച്ചിലെ ഗതാഗത പിഴ നോട്ടിഫിക്കേഷന്‍ സംവിധാനം എന്നിവ പുതിയ സ്മാര്‍ട്ട് സേവനങ്ങളില്‍ ചിലതാണ്. 
ദുബൈ പൊലീസിന്‍െറ 10 വിഭാഗങ്ങള്‍ ജൈറ്റക്സില്‍ സേവനങ്ങള്‍ അവതരിപ്പിക്കും. സ്റ്റാളുകളില്‍ പൊതുജനങ്ങള്‍ക്ക് പങ്കെടുക്കാവുന്ന ഇന്‍ററാക്ടീവ് ഗെയിമുകള്‍ ഉണ്ടാകും. നിരവധി സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്. ദുബൈ പൊലീസ് ആപ്ളിക്കേഷന്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ആളുകളുടെ പേര് നറുക്കെടുത്ത് സമ്മാനങ്ങള്‍ നല്‍കും. 
ദുബൈ പൊലീസിന്‍െറ സ്മാര്‍ട്ട് സേവനങ്ങള്‍ വഴി 5,53,927 ഇടപാടുകള്‍ ഇതുവരെ നടന്നു. ഇതില്‍ 3,81,718 എണ്ണം സ്മാര്‍ട്ട് ഫോണുകളിലൂടെയും 1,72,209 എണ്ണം കമ്പ്യൂട്ടറുകളിലൂടെയുമാണ്. ഈ വര്‍ഷം സെപ്റ്റംബര്‍ വരെ ദുബൈ പൊലീസ് വെബ്സൈറ്റില്‍ 115.8 ദശലക്ഷം സന്ദര്‍ശകരത്തെി.  3.68 ദശലക്ഷം ഇടപാടുകളും നടന്നു. 10.3 ദശലക്ഷം ഇടപാടുകള്‍ മൊബൈല്‍ ആപ്പിലൂടെയായിരുന്നു. പൊലീസ് ആപ്ളിക്കേഷന്‍ ആപ്പിള്‍, ആന്‍ഡ്രോയിഡ് ഫോണുകളില്‍  914.3 ദശലക്ഷം തവണ ഡൗണ്‍ലോഡ് ചെയ്യപ്പെട്ടു. 
ആപ്ളിക്കേഷന്‍ ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ പ്രതിവര്‍ഷം വന്‍ വര്‍ധനയുണ്ട്. 44 ശതമാനം പേര്‍ സ്മാര്‍ട്ട് സേവനങ്ങള്‍ ഇപ്പോള്‍ ഉപയോഗപ്പെടുത്തുന്നു. 2014ല്‍ ഇത് 26 ശതമാനമായിരുന്നു. സ്മാര്‍ട്ട് സംവിധാനങ്ങളിലൂടെ പണമടക്കുന്നവരുടെ എണ്ണം 21ല്‍ നിന്ന് 31 ശതമാനമായി വര്‍ധിച്ചു. അറബി, ഇംഗ്ളീഷ്, ഫ്രഞ്ച്, ജര്‍മന്‍, റഷ്യന്‍, ചൈനീസ് ഭാഷകളില്‍ ആപ്ളിക്കേഷന്‍ ലഭ്യമാണ്. ഏറ്റവും കൂടുതല്‍ പേര്‍ ഉപയോഗിക്കുന്നത് അറബി ആപ്പാണ്. ഇംഗ്ളീഷ്, ചൈനീസ് എന്നിവയാണ് തൊട്ടുപുറകിലെന്ന് കേണല്‍ റസൂഖി പറഞ്ഞു. 
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.