ദുബൈ: മിഡിലീസ്റ്റിലെ ഏറ്റവും വലിയ സാങ്കേതിക മേളയായ ജൈറ്റക്സ് ടെക്നോളജി വീക്കിന് ദുബൈ വേള്‍ഡ് ട്രേഡ് സെന്‍ററില്‍ ഈ മാസം 18ന് തുടക്കം കുറിക്കും. വിവര-ആശയവിനിമയ സാങ്കേതിക വിദ്യാ മേഖലയിലെ ലോകപ്രശസ്ത കമ്പനികളും ബ്രാന്‍ഡുകളും അണിനിരക്കുന്ന മേളയില്‍ പുതിയ സാങ്കേതിക മുന്നേറ്റം അറിയാനും നേരില്‍ കാണാനുമായി 150 രാജ്യങ്ങളില്‍ നിന്നുള്ള 1.30 ലക്ഷത്തോളം കമ്പനി മേധാവികളും വിദഗ്ധരും പ്രതിനിധികളുമാണ് ദുബൈയില്‍ എത്തുക. ഇന്‍റര്‍നെറ്റ് സാങ്കേതിക വിദ്യക്കും ക്ളൗഡ് സൊല്യുഷന്‍സിനും ഊന്നല്‍ നല്‍കിയാണ് 35ാമത് ജൈറ്റക്സ് മേള അരങ്ങേറുകയെന്ന് ബന്ധപ്പെട്ടവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സൗദി അറേബ്യയാണ് ഇത്തവണ മേളയുടെ രാജ്യ പങ്കാളി. സൗദി അറേബ്യയിലെ വിവിധ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ അവരുടെ സാങ്കേതിക മുന്നേറ്റങ്ങളും നേട്ടങ്ങളും മേളയില്‍ അവതരിപ്പിക്കും.
ഈ മാസം 22 വരെ തുടരുന്ന മേളയില്‍ ഇന്ത്യയുള്‍പ്പെടെ 62 ലേറെ രാജ്യങ്ങളില്‍ നിന്നുള്ള 3600 ലേറെ സ്ഥാപനങ്ങളുടെ പങ്കാളിത്തമുണ്ടാകും. അള്‍ജീരിയ, ആസ്ട്രിയ, ഇന്തോനേഷ്യ, ഫലസ്തീന്‍, ഇറാന്‍, ദക്ഷിണാഫ്രിക്ക, സ്വീഡന്‍, ബ്രിട്ടീഷ് വിര്‍ജിന്‍ ഐലന്‍റ് തുടങ്ങിയവ ഇതാദ്യമായി മേളക്കത്തെുന്നുണ്ട്. 794 കമ്പനികള്‍ ഇത്തവണ ജൈറ്റക്സില്‍ അരങ്ങേറ്റം കുറിക്കും. ആകെ പങ്കാളിത്തത്തില്‍ 30 ശതമാനം യൂ.എ.ഇയില്‍ നിന്ന് തന്നെയായിരിക്കും.
കഴിഞ്ഞദിവസം സമാപിച്ച ജൈറ്റക്സ് ഷോപ്പര്‍ വില്‍പ്പനമേളയില്‍ നിന്ന് വ്യത്യസ്തമായി രജിസ്റ്റര്‍ ചെയ്ത വ്യപാര,ബിസിനസ് സന്ദര്‍കര്‍ക്ക് മാത്രമാണ് സാങ്കേതിക മേളയില്‍ പ്രവേശം.
ഒരു ദിവസത്തേക്ക് 125 ദിര്‍ഹവും എല്ലാ ദിവസത്തേക്കും ഒന്നിച്ച് 200 ദിര്‍ഹവുമാണ് രജിസ്ട്രേഷന്‍ ഫീസ്. 18ന് ഉച്ച ഒന്നുമുതല്‍ ഏഴുവരെയും മറ്റു ദിവസങ്ങളില്‍ രാവിലെ 11 മുതല്‍ ഏഴുവരെയുമാണ് നഗരി പ്രവര്‍ത്തിക്കുക. അവസാന ദിവസം മൂന്നു മണിക്ക് സമാപനം.
സാങ്കേതിക രംഗത്തെ ഏറ്റവും പുതിയ പ്രവണതകളും കണ്ടുപിടിത്തങ്ങളും നേട്ടങ്ങളും വിശദമാക്കുന്ന മേള ലോകം മുഴുവന്‍ ഉറ്റുനോക്കുന്നതാണ്. ഒട്ടേറെ പുതിയ സാങ്കേതിക സംവിധാനങ്ങളും ഉപകരണങ്ങളും ആദ്യമായി മേളയില്‍ അവതരിപ്പിക്കപ്പെടും. ഇതോടനുബന്ധിച്ച് 100 ലേറെ സമ്മേളനങ്ങളും ശില്പശാലകളും സംഘടിപ്പിച്ചിട്ടുണ്ട്. ഈ രംഗത്തെ ഏറ്റവും പ്രമുഖരായ 150 ഓളം പ്രഭാഷണങ്ങള്‍ക്കും ജൈറ്റക്സ് സാക്ഷ്യം വഹിക്കും.
മൊബൈല്‍ ആപ്പുകള്‍, ഇ ഗവണ്‍മെന്‍റ്, ഡ്രോണ്‍സ്,റോബോട്ടിക്സ്, ത്രിഡി പ്രിന്‍റിങ് തുടങ്ങിയ നൂതന സാങ്കേതിക വിദ്യകള്‍ ജി.സി.സി മേഖലയില്‍ അതിവേഗം പ്രചരിക്കുകയാണെന്നും ഇതുവഴി ബിസിനസ്, ഭരണനിര്‍വഹണ മേഖലകള്‍ ഏറെ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ച വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. ഇവക്കായി പ്രത്യേക വിഭാഗങ്ങള്‍ തന്നെ മേളയിലുണ്ടാകും.
ഈ പുതിയ മുന്നേറ്റങ്ങള്‍ സ്വാശീകരിക്കുന്നതിലൂം നടപ്പാക്കുന്നതിലൂം ദുബൈ ഏറെ മുന്നിലാണ്. മറ്റു മേഖലകളില്‍ നിന്ന് വ്യത്യസ്തമായി ഗള്‍ഫ് രാജ്യങ്ങളില്‍ സര്‍ക്കാരുകള്‍ തന്നെ ഇവ നടപ്പാക്കാന്‍ ഏറെ താല്‍പര്യം കാട്ടുന്നു എന്നതാണ് പ്രധാന സവിശേഷത. സാങ്കേതിക വിദ്യ അടിസ്ഥാനമാക്കിയുള്ള സ്മാര്‍ട്ട് സിറ്റികള്‍ ലോകമെങ്ങും പെരുകികൊണ്ടിരിക്കുകയാണ്.
2025 ഓടെ ആഗോള സ്മാര്‍ട്ട് സിറ്റി വിപണി 3.3 ലക്ഷം കോടി ഡോളറിന്‍േറതായിരിക്കും. പുതുതായി വരുന്ന 26 സ്മാര്‍ട്ട് സിറ്റികളില്‍ പകുതിയോളം ജി.സി.സി മേഖലയിലായിരിക്കും.
വാര്‍ത്താസമ്മേളനത്തില്‍ സംഘാടകരായ ദുബൈ വേള്‍ഡ് ട്രേഡ് സെന്‍റര്‍ സീനിയര്‍ വൈസ് പ്രസിഡന്‍റ് അഹമ്മദ് അല്‍ഖാജ, സൗദി ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള നാഷണല്‍ ഇന്‍ഫര്‍മേഷന്‍ സെന്‍റര്‍ ഒൗദ്യോഗിക വക്താവ് മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ അസിരി, സാപ് സി.ഒ.ഒ ഹാന്‍സ് ലീബ് തുടങ്ങിയവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.