ആരോഗ്യപരിപാലന മേഖലയില്‍ ജോലി മാറാന്‍ ആറുമാസ നിബന്ധന ഒഴിവാക്കി

അബൂദബി: ആരോഗ്യപരിപാലന മേഖലയില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാര്‍ക്കും മറ്റ് പ്രഫഷണലുകള്‍ക്കും തൊഴില്‍ മാറാന്‍ ആറുമാസ നിബന്ധന ബാധകമല്ളെന്ന് യു.എ.ഇ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഒരുസ്ഥാപനത്തില്‍ ആറുമാസം ജോലി ചെയ്താല്‍ മാത്രമേ ലൈസന്‍സ് മറ്റൊരു സ്ഥാപനത്തിലേക്ക് മാറ്റാന്‍ ഇതുവരെ അനുമതി നല്‍കിയിരുന്നുള്ളൂ. ഈ നിബന്ധന ഇപ്പോള്‍ എടുത്തുകളഞ്ഞിരിക്കുകയാണ്. ഇതോടെ ആരോഗ്യമേഖലയിലെ വിദഗ്ധര്‍ക്ക് ജോലി മാറ്റം എളുപ്പമാകും. ആരോഗ്യപരിപാലന മേഖലക്ക് പുതിയ തീരുമാനം ഗുണകരമായി മാറുമെന്ന് മന്ത്രാലയം പബ്ളിക് പോളിസി ആന്‍ഡ് ലൈസന്‍സിങ് വിഭാഗം അസി. അണ്ടര്‍സെക്രട്ടറി ഡോ. അമീന്‍ അല്‍ അമീരി പറഞ്ഞു. 
വളരെ എളുപ്പത്തില്‍ ജോലി മാറാമെന്ന് വരുന്നതോടെ കൂടുതല്‍ വിദഗ്ധരായ തൊഴിലാളികള്‍ രാജ്യത്തേക്ക് ആകര്‍ഷിക്കപ്പെടും. ആരോഗ്യപരിപാലന രംഗത്ത് കൂടുതല്‍ നിക്ഷേപം വരുകയും മെഡിക്കല്‍ ടൂറിസത്തിന്‍െറ ഭാഗമായി നിരവധി ആളുകള്‍ രാജ്യത്തത്തെുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. ആരോഗ്യപരിപാലന രംഗത്ത് ജോലി ചെയ്യുന്നവര്‍ക്ക് ഗുണകരമായ രീതിയില്‍ നിരവധി പദ്ധതികള്‍ മന്ത്രാലയം നടപ്പാക്കി വരുന്നുണ്ട്. ഒരു എമിറേറ്റില്‍ നിന്ന് അനുവദിക്കുന്ന ലൈസന്‍സ് മറ്റ് എമിറേറ്റുകളിലും അംഗീകരിച്ച് 2014 ഒക്ടോബറില്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതോടെ ഡോക്ടര്‍മാര്‍ക്കും മറ്റും സൗകര്യപ്രദമായ രീതിയില്‍ ജോലി ചെയ്യാന്‍ അവസരം ലഭിച്ചു. ഏതെങ്കിലും എമിറേറ്റില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ അഭാവമുണ്ടെങ്കില്‍ സാങ്കേതിക നൂലാമാലകളില്ലാതെ ജോലി മാറാന്‍ കഴിയുമെന്നത് ഏറെ ഗുണകരമാണ്. 
മന്ത്രാലയത്തിന്‍െറ പുതിയ തീരുമാനത്തെ ആരോഗ്യപരിപാലന മേഖലയിലെ വിദഗ്ധര്‍ സ്വാഗതം ചെയ്തിട്ടുണ്ട്. ആറുമാസ നിബന്ധന എടുത്തുകളഞ്ഞതോടെ വിവിധ എമിറേറ്റുകളില്‍ നിന്ന് കൂടുതല്‍ മെച്ചപ്പെട്ട ജോലി തേടി വിദഗ്ധ ജീവനക്കാരുടെ ഒഴുക്കുണ്ടാകുമെന്നാണ് കരുതുന്നത്. അതേസമയം, 2014ന് മുമ്പ് അനുവദിച്ച ക്ളാസ് ബി ലൈസന്‍സുള്ള ഡോക്ടര്‍മാര്‍ മൂന്നുവര്‍ഷത്തിനകം ഏകീകൃത ലൈസന്‍സിങ് മാനദണ്ഡങ്ങള്‍ക്കനുസരിച്ച് പുതുക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.