റിയല്‍ എസ്റ്റേറ്റ് സ്ഥാപനങ്ങള്‍ കുറഞ്ഞ വാടകയുള്ള താമസ പദ്ധതികള്‍ ആവിഷ്കരിക്കുന്നു

ഷാര്‍ജ: ഇടത്തരക്കാര്‍ക്ക് ആശ്വാസമായ വില കുറഞ്ഞതും സൗകര്യപ്രദവുമായ ഫ്ളാറ്റ് , വില്ല താമസ പദ്ധതികളുമായി ഷാര്‍ജയിലെ റിയല്‍ എസ്റ്റേറ്റ് സ്ഥാപനങ്ങള്‍ മുന്നോട്ടുവരുന്നു.  വാടക കൂടിയതിനാല്‍ ഷാര്‍ജയിലെ ധാരാളം മധ്യ വര്‍ഗ കുടുംബങ്ങള്‍ വാടക കുറഞ്ഞ അയല്‍ എമിറേറ്റുകളിലേക്ക്  താമസം മാറ്റുന്നതും കുടുംബത്തെ നാട്ടിലേക്ക് പറഞ്ഞയക്കുന്നതും കഴിഞ്ഞ ഒരു വര്‍ഷത്തോളമായി നടക്കുന്ന സാഹചര്യത്തിലാണ്  ആഡംബര ഫ്ളാറ്റ്, വില്ല പദ്ധതികളേക്കാള്‍ നല്ലത് ചെറുകിട പദ്ധതികളാണെന്ന തിരിച്ചറിവില്‍ റിയല്‍ എസ്റ്റേറ്റ് സഥാപനങ്ങള്‍ എത്തിയത്. ഷാര്‍ജയിലും ഷാര്‍ജയുടെ മറ്റ് പ്രവിശ്യകളിലും ഇടത്തരവും വില കുറഞ്ഞതും ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാര്‍ക്ക് താമസിക്കാന്‍ പറ്റുന്ന താമസയിടങ്ങള്‍ പണിയാന്‍ ഷാര്‍ജയിലെ മിക്ക റിയല്‍ എസ്റ്റേറ്റ്  സ്ഥാപന ഉടമകള്‍  ഏറെ നാളത്തെ പഠനത്തിനും  അനുഭവത്തിനും ശേഷം രംഗത്ത് വരുന്നതെന്ന് റഖീം  റിയല്‍ എസ്റ്റേറ്റ് ഉടമ വലീദ് അലി ജാബിരി പറഞ്ഞു. വില കുറഞ്ഞ ഫ്ളാറ്റ്, വില്ല  പദ്ധതികള്‍ ഖത്തര്‍ ഒഴികെ മറ്റ് ജി.സി.സി രാജ്യങ്ങളില്‍ പരീക്ഷിച്ച് വിജയിച്ചതാണെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.  2008 , 2009 വര്‍ഷങ്ങളില്‍ വാടക കുത്തനെ കൂടിയ അവസ്ഥയും പിന്നീട് ആഗോള സാമ്പത്തിക മാന്ദ്യത്തെയും തുടര്‍ന്ന് റിയല്‍ എസ്റ്റേറ്റ്, കെട്ടിട നിര്‍മാണ  സ്ഥാപനങ്ങള്‍ക്കുണ്ടായ ശക്തമായ തകര്‍ച്ചയും നേരത്തെ മനസിലാക്കി അനുഭവത്തില്‍ നിന്ന് പാഠം പഠിക്കാനാണ് സ്ഥാപനങ്ങള്‍ ഇപ്പോള്‍ ഒരുങ്ങുന്നത് . 
പല സ്ഥാപനങ്ങളും ഷാര്‍ജയിലും പ്രാന്ത പ്രദേശങ്ങളിലും ഫ്ളാറ്റുകളും വില്ലകളും നിര്‍മിക്കാനുള്ള ഒരുക്കങ്ങള്‍ക്കായി പാട്ടത്തിന് സ്ഥലം എടുത്ത് കഴിഞ്ഞ് കെട്ടിട പ്ളാനുകള്‍ നഗരസഭയിലും ആസൂത്രമ വകുപ്പിലും സമര്‍പ്പിച്ച് അനുവാദത്തിനായി കാത്തിരിക്കുകയാണ്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.