വാഹനാപകട ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കരുതെന്ന് അബൂദബി പൊലീസ്

അബൂദബി: വാഹനാപകടങ്ങളുടെ ചിത്രങ്ങളും ദൃശ്യങ്ങളും പൊലീസിന്‍െറ അനുമതിയില്ലാതെ സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കരുതെന്ന് അബൂദബി പൊലീസ് മുന്നറിയിപ്പ് നല്‍കി. സമൂഹത്തില്‍ ആശയക്കുഴപ്പങ്ങള്‍ സൃഷ്ടിക്കാന്‍ ഇടയാകുമെന്നതിനാലാണിതെന്ന് അബൂദബി പൊലീസിന് കീഴിലെ അല്‍ഐന്‍ ഗതാഗത വിഭാഗം മേധാവി ലഫ്. കേണല്‍ സലാഹ് അല്‍ ഹുമൈരി പറഞ്ഞു. 
അടുത്തിടെ അല്‍ഐനില്‍ നടന്ന വാഹനാപകടത്തിന്‍െറ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. സ്കൂള്‍ ബസും കാറും കൂട്ടിയിടിച്ച് മൂന്നുപേര്‍ മരിക്കുകയും 22 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അപകടത്തിന്‍െറ കാരണത്തെക്കുറിച്ച് പൊലീസ് അന്വേഷണം നടത്തിവരികയാണ്. അമിതവേഗമോ ഗതാഗത നിയമങ്ങള്‍ പാലിക്കാത്തതോ ആകാം കാരണം. ഇതിനിടയിലാണ് അപകടത്തിന്‍െറ വിഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വന്നത്. കുട്ടികളും മറ്റും ചോരയൊലിപ്പിച്ച് കിടക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. 
ആശയക്കുഴപ്പം ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ ആരോ പ്രചരിപ്പിച്ചതാണിത്. അന്വേഷണം പൂര്‍ത്തിയാകുന്നത് വരെയും പൊലീസിന്‍െറ അനുമതിയില്ലാതെയും ഇത്തരം ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നത് കുറ്റകരമാണെന്ന് അദ്ദേഹം പറഞ്ഞു. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.