ശിഹാബ് തങ്ങള്‍ ഇന്ത്യ-യു.എ.ഇ പൗരാണിക ബന്ധത്തിന്‍െറ മുറിയാത്ത കണ്ണി- അലി അല്‍ ഹാശിമി

ദുബൈ: ഇന്ത്യ- യു.എ.ഇ പൗരാണിക ബന്ധത്തിന്‍െറ മുറിയാത്ത കണ്ണിയായിരുന്നു മര്‍ഹൂം പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളെന്നും തനിക്ക് അദ്ദേഹവുമായി 35 വര്‍ഷത്തെ ഊഷ്മളവും ശക്തവുമായ സൗഹൃദമാണ് ഉണ്ടായിരുന്നതെന്നും യു.എ.ഇ പ്രസിഡന്‍റിന്‍െറ മതകാര്യ ഉപദേഷ്ടാവ് അലി അല്‍ ഹാശിമി പറഞ്ഞു. ദുബൈ മലപ്പുറം ജില്ല കെ.എം.സി.സി ദുബൈ കള്‍ചറല്‍ ആന്‍ഡ് സയന്‍റിഫിക് അസോസിയേഷന്‍ ഹാളില്‍ സംഘടിപ്പിച്ച ‘സയ്യിദ് ശിഹാബ്’ ഇന്‍റര്‍നാഷണല്‍ സമ്മിറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ പ്രവേശിക്കുന്നതിന് മുമ്പ് തന്നെ അറബ് രാജ്യങ്ങള്‍ക്ക് ഇന്ത്യയുമായി ബന്ധമുണ്ട്. ചരിത്രത്തില്‍ ഇക്കാര്യം വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. 
ഗള്‍ഫ് രാജ്യങ്ങളെ ഇടത്താവളമാക്കിയാണ് ബ്രിട്ടീഷുകാര്‍ ഇന്ത്യയിലേക്ക് കയറിയതെങ്കില്‍ ഇന്ത്യയുടെ രാഷ്ട്രപിതാവ് ഗാന്ധിജിയും അബ്ദുല്‍ കലാം ആസാദും നേതൃത്വം നല്‍കിയ ധീരോദാത്തമായ സ്വാതന്ത്ര്യസമരത്തിലൂടെ ഇന്ത്യയില്‍ നിന്ന് അവരെ തുരത്തിയപ്പോള്‍ തിരിച്ചുപോയതും ഇതിലൂടെ തന്നെയാണെന്ന് അദ്ദേഹം പറഞ്ഞു. 
ദുബൈ കെ.എം.സി.സി പ്രസിഡന്‍റ് പി.കെ അന്‍വര്‍ നഹ അധ്യക്ഷത വഹിച്ചു. സാദിഖലി ശിഹാബ് തങ്ങള്‍, ആരിഫ് അബ്ദുല്‍ കരീം ജല്‍ഫാര്‍ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.  ‘സയ്യിദ് ശിഹാബ് മാനവികതയുടെ ഉപാസകന്‍’ എന്ന വിഷയം അഡ്വ. കെ.എന്‍.എ ഖാദര്‍ എം.എല്‍.എ അവതരിപ്പിച്ചു. ദുബൈ ഇസ്ലാമിക് അഫയേഴ്സ് മേധാവി സാലെ അബ്ദുറഹ്മാന്‍, ശംസുദ്ദീന്‍ ബിന്‍ മുഹിയുദ്ദീന്‍, ഡോ. പുത്തൂര്‍ റഹ്മാന്‍, യഹ്യാ തളങ്കര, അബ്ദുല്ല ഫാറൂഖി തുടങ്ങിയവര്‍ സംസാരിച്ചു. ഇ.പി മൂസഹാജി, പ്രദീപ് കുമാര്‍ പത്മനാഭന്‍, ഡോ. സാബു ആന്‍റണി എന്നിവര്‍ക്ക് അവാര്‍ഡ് നല്‍കി ആദരിച്ചു. 
ഓണ്‍ലൈന്‍ പ്രബന്ധ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ സാബിര്‍ കോട്ടപ്പുറത്തിന് ഉപഹാരം നല്‍കി. മലപ്പുറം ജില്ല ആക്റ്റിങ് പ്രസിഡന്‍റ് ഇ.ആര്‍ അലി മാസ്റ്റര്‍ സ്വാഗതവും കരീം കാലടി നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.