ദുബൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യു.എ.ഇ സന്ദര്‍ശനം തുറന്നുവെച്ച പുതിയ വ്യാപാര-വാണിജ്യ അവസരങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ അറബ്-ഇന്ത്യ സാമ്പത്തിക ഫോറം ചേരുന്നു. ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റിന്‍െറ ആഭിമുഖ്യത്തില്‍ നവംബര്‍ 16,17 തീയതികളില്‍ നടക്കുന്ന ഫോറത്തില്‍ 300 ലേറെ പ്രമുഖര്‍ പങ്കെടുക്കും. യു.എ.ഇ, സൗദി അറേബ്യ, ഖത്തര്‍, കുവൈത്ത്, ബഹ്റൈന്‍, ഒമാന്‍, ജോര്‍ദാന്‍, ഈജിപ്ത്, ഇന്ത്യ എന്നിവിടങ്ങളില്‍ നിന്നുള്ള രാഷ്ട്രീയ-ബിസിനസ് നേതൃത്വം ഒന്നിച്ചണിനിരക്കുന്ന ഫോറത്തില്‍ ഇന്ത്യയില്‍ നിക്ഷേപകര്‍ നേരിടുന്ന പ്രശ്നങ്ങളും പരിഹാര നിര്‍ദേശങ്ങളും ചര്‍ച്ച ചെയ്യും. നിക്ഷേപകര്‍ക്ക് അനുകൂലമായ അന്തരീക്ഷമൊരുക്കുന്നതില്‍ സര്‍ക്കാരിന് എങ്ങനെ സഹായിക്കാനാകുമെന്നതായിരിക്കും മറ്റൊരു ചര്‍ച്ചാവിഷയം.
അബൂദബി മസ്ദാര്‍ സൗരനഗരത്തില്‍ ഇന്ത്യയിലെയും യു.എ.ഇയിലെയും വ്യവസായ പ്രമുഖരോട് സംസാരിക്കവെ ഇന്ത്യയില്‍ നിലവില്‍ ഒരു ലക്ഷം കോടി ഡോളറിന്‍െറ നിക്ഷേപ അവസരമുണ്ടെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.
ഐ.എം.എഫും ലോകബാങ്കുമുള്‍പ്പെടെ ലോകം മുഴുവന്‍ ഇന്ത്യയെ ഏറ്റവും വേഗത്തില്‍ വളരുന്ന സാമ്പത്തിക ശക്തിയായി മനസ്സിലാക്കുന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. തുടര്‍ന്ന് യു.എ.ഇയിലെ പ്രമുഖ കമ്പനി മേധാവികള്‍ ഇന്ത്യയില്‍ നിക്ഷേപിക്കാന്‍ താല്‍പര്യം കാട്ടിയ സാഹചര്യത്തിലാണ് തുടര്‍ നടപടിയായി അറബ്-ഇന്ത്യ സാമ്പത്തിക ഫോറത്തിന് തുടക്കമിട്ടത്.
അറബ് വ്യവസായികളെയും നിക്ഷേപകരെയും എങ്ങനെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കാം എന്നത് സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങളും നയപരമായ ചട്ടക്കൂടുകളും ഫോറത്തില്‍ വിശകലനം ചെയ്യും. മോദിയുടെ കീഴില്‍ സ്ഥിരതയുള്ള സര്‍ക്കാരാണ് ഇന്ത്യയില്‍ ഭരണത്തിലെന്ന സന്ദേശമായിരിക്കും യു.എ.ഇ നിക്ഷേപകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുക. പുനരുല്‍പ്പാദന ഊര്‍ജം, പുതുക്കല്‍, ഡിജിറ്റല്‍ ഇന്ത്യ എന്നീ മേഖലയിലെ പുതിയ പ്രവണതകള്‍ ഫോറം മുന്നോട്ടുവെക്കും. മിഡിലീസ്റ്റ് വിപണി ലക്ഷ്യമിടുന്ന ഇന്ത്യന്‍ ബിസിനസുകാര്‍ക്കും ഫോറത്തില്‍ മാര്‍ഗനിര്‍ദേശം ലഭിക്കും.
ഇന്ത്യാ സര്‍ക്കാരിന്‍െറ ‘മെയ്ക്ക് ഇന്‍ ഇന്ത്യ’ കാമ്പയിന്‍ ഇപ്പോള്‍ തന്നെ ഫലം കണ്ടുതുടങ്ങിയതായും മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും ഒൗദ്യോഗിക പത്രക്കുറിപ്പില്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.