ലിഫ്റ്റ് തകരാര്‍: കണ്ണൂര്‍ സ്വദേശി അഞ്ചാം നിലയില്‍ നിന്ന് വീണ് മരിച്ചു

അബൂദബി: കെട്ടിടത്തിലെ ലിഫ്റ്റ് തകരാറിലായതിനെ തുടര്‍ന്ന് മലയാളി യുവാവ് അഞ്ചാം നിലയില്‍ നിന്ന് വീണുമരിച്ചു. കണ്ണൂര്‍ കുഞ്ഞിമംഗലം സ്വദേശി അഷ്റഫ് (25) ആണ് മരിച്ചത്. ജവാസാത്ത് റോഡില്‍ അല്‍ ഫലാഹ് കാര്‍ഗോക്ക് സമീപത്തെ അബ്ദുല്‍ ഖാദര്‍ ബഖാല ജീവനക്കാരനാണ്. ബഖാലയില്‍ നിന്ന് സാധനങ്ങളുമായി തൊട്ടടുത്തുള്ള യാസ്മിന്‍ സ്വീറ്റ്സ് റെസ്റ്റോറന്‍റ് കെട്ടിടത്തിലേക്ക് പോയതായിരുന്നു. 
സാധനം കൊടുത്ത് തിരിച്ചുവരുമ്പോള്‍ ബുധനാഴ്ച വൈകിട്ട് 6.30ഓടെയായിരുന്നു അപകടം. കെട്ടിടത്തിലെ രണ്ട് ലിഫ്റ്റുകളിലൊന്ന് തകരാറിലായിരുന്നു. പ്രവര്‍ത്തിക്കുന്ന ലിഫ്റ്റിലാണ് അഷ്റഫ് അഞ്ചാം നിലയിലേക്ക് പോയത്. തിരിച്ചിറങ്ങാനായി മറ്റേ ലിഫ്റ്റിന് സമീപമത്തെി സ്വിച്ച് അമര്‍ത്തി. വാതില്‍ തുറന്നെങ്കിലും ലിഫ്റ്റ് വന്നിട്ടില്ലായിരുന്നു. ഇതറിയാതെ അകത്തേക്ക് കടന്ന അഷ്റഫ് താഴേക്ക് വീണു. വീഴ്ചയുടെ ആഘാതത്തില്‍ തന്നെ മരണം സംഭവിച്ചു.  
ഏറെ നേരം കഴിഞ്ഞിട്ടും അഷ്റഫിനെ കാണാതായതോടെ സഹപ്രവര്‍ത്തകര്‍ അന്വേഷണം തുടങ്ങി. ഫോണില്‍ വിളിച്ചെങ്കിലും ഓഫായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അപകടത്തില്‍ പെട്ടതായറിയുന്നത്. പൊലീസത്തെി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി 8.45ഓടെ മൃതദേഹം ഖലീഫ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ലിഫ്റ്റ് തകരാറിലായത് കെട്ടിടത്തിലെ ടെക്നീഷ്യന്മാരെ അറിയിച്ചിരുന്നതായി പറയുന്നു. 
ഇവരുടെ അലംഭാവമാണ് അപകടത്തിന് വഴിവെച്ചതെന്ന് ആരോപണമുണ്ട്. പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തെക്കുറിച്ച് വിശദ അന്വേഷണം തുടങ്ങിയിട്ടുണ്ട്.
ഒന്നരവര്‍ഷം മുമ്പാണ് അഷ്റഫ് ബഖാലയില്‍ ജോലിക്കത്തെിയത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം വ്യാഴാഴ്ച നാട്ടിലേക്ക് കൊണ്ടുപോകാന്‍ ശ്രമം നടക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.