ദുബൈ: കോവിഡിനുശേഷം ആഗോളതലത്തിൽ ഏറ്റവും കൂടുതൽ അതിസമ്പന്നരെ ആകർഷിച്ചത് മിഡിൽ ഈസ്റ്റ്, ആഫ്രിക്കൻ രാജ്യങ്ങൾ. അറബ് രാജ്യങ്ങളിൽ യു.എ.ഇയാണ് മുന്നിൽ. യു.എ.ഇയിൽ അതിസമ്പന്നരുടെ എണ്ണം 18 ആയി ഉയർന്നതായി സ്വിസ് ബാങ്കിങ് ഗ്രൂപ്പായ യു.ബി.എസ് പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പ്രീമിയം തലത്തിലുള്ള ആരോഗ്യ പരിരക്ഷ, വിദ്യാഭ്യാസം, സുരക്ഷ, ബിസിനസ് തുടങ്ങുന്നതിനുള്ള മികച്ച സാഹചര്യം എന്നിവയാണ് അറബ് രാജ്യങ്ങളിലേക്ക് അതിസമ്പന്നരെ ആകർഷിച്ച പ്രധാന ഘടകങ്ങളെന്ന് ‘ബില്ലനയർ അംബീഷൻസ്’ എന്ന പേരിലുള്ള റിപ്പോർട്ട് പറയുന്നു.
യു.എ.ഇയിലെ ശതകോടീശ്വരന്മാരുടെ മൊത്തം സമ്പത്ത് പ്രതിവർഷം 39.5 ശതമാനം ഉയർന്ന് 13,087 കോടി ഡോളറിലെത്തി. 2020 മുതൽ ആഗോളതലത്തിൽ ശതകോടീശ്വരന്മാരുടെ കുടിയേറ്റത്തിന്റെ വേഗത കൂടിയിട്ടുണ്ട്. ലോകത്ത് ആകെയുള്ള 2,682 അതിസമ്പന്നരിൽ 176 പേരാണ് മറ്റു രാജ്യങ്ങളിലേക്ക് കുടിയേറ്റം നടത്തിയത്.
രാഷ്ട്രീയ അസ്ഥിരതയും വ്യാപകമായ സാമ്പത്തിക അനിശ്ചിതത്വവും സൈനിക സംഘട്ടനങ്ങളുമാണ് ലോകത്തിലെ അതിസമ്പന്നരായ ആളുകളെ അവരുടെ ആസ്തികൾ സുരക്ഷിതമായ മറ്റൊരു രാജ്യത്തേക്ക് മാറ്റുന്നതിന് പ്രേരിപ്പിക്കുന്നതെന്നാണ് പഠനം വ്യക്തമാക്കുന്നത്.
അതേസമയം, ബ്രിട്ടീഷ് ഇൻവെസ്റ്റ്മെന്റ് മൈഗ്രേഷൻ കൺസൽട്ടൻസിയായ ഹെൻലി ആൻഡ് പാർട്നേഴ്സ് റിപ്പോർട്ട് പ്രകാരം ലക്ഷാധിപതികളായവരുടെ ഏറ്റവും പ്രധാന കേന്ദ്രമായും യു.എ.ഇ മാറിയിട്ടുണ്ട്. ഈ വർഷം 6,700 ലക്ഷപ്രഭുക്കളാണ് യു.എ.ഇയിലെത്തിയത്.
നികുതിരഹിതമായ ബിസിനസ് അന്തരീക്ഷം, മികച്ച ജീവിത നിലവാരം, സമ്പുഷ്ടമായ സാമ്പത്തിക അടിസ്ഥാന സൗകര്യങ്ങൾ എന്നിവയും സമ്പന്നരെ ആകർഷിക്കുന്ന ഘടകങ്ങളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.