റൗൾ ജോൺ അജു കേരള സോഷ്യൽ സെന്റർ സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കുന്നു
അബൂദബി: മുതിർന്നവർക്ക് എ.ഐ റോബോട്ടിക്സിൽ ക്ലാസെടുത്ത് 16കാരൻ ശ്രദ്ധേയമായി. എ.ഐ റോബോട്ടിക്സ് രംഗത്തെ പ്രതിഭയായ റൗൾ ജോൺ അജു ആണ് കേരള സോഷ്യൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ ‘ലേണേഴ്സ് ടു ഏണേഴ്സ്’ എന്ന പേരിൽ മുതിർന്നവർക്കായി സംഘടിപ്പിച്ച സെമിനാർ നയിച്ചത്. നിർമിത ബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) രംഗത്തെ അറിവ് വികസിപ്പിക്കുകയും അതിലൂടെ വരുമാന സാധ്യതകൾ കണ്ടെത്തുന്നതിനുള്ള മാർഗനിർദേശം നൽകുന്നതിലേക്ക് വഴി തുറന്നുവിടുന്നവയായി സെമിനാർ മാറി. ചാറ്റ് ജി.പി.ടിയോ ഡീപ്സീക്കോ ഉപയോഗിക്കുന്നവർ മാത്രമല്ല എ.ഐ ഉപഭോക്താക്കൾ.
ഓരോതവണ ഫോൺ ഫേസ് അൺലോക്ക് ഉപയോഗിച്ച് തുറക്കുമ്പോൾ അല്ലെങ്കിൽ യൂട്യൂബ് ഉപയോഗിക്കുമ്പോൾ ഒക്കെ നാം അറിയാതത്തന്നെ എ.ഐ ഉപയോഗിക്കുകയാണ്. ഓരോരുത്തരുടെയും അഭിരുചി അനുസരിച്ചുള്ള ഫീഡുകൾ വരുന്നതിന്റെ പിന്നിൽ പ്രവർത്തിക്കുന്നതും എ.ഐ തന്നെയാണെന്ന് റൗൾ വ്യക്തമാക്കി. ആശയവിനിമയത്തിനും സംവാദത്തിനും ഏറെ അവസരം ഒരുക്കിയ സെമിനാറിൽ, പരിശീലനത്തിന്റെ പ്രായോഗിക ഭാഗങ്ങൾ പങ്കെടുത്തവരിൽ വലിയ ഉത്സാഹവും താൽപര്യവും സൃഷ്ടിച്ചു.രണ്ട് സെഷനുകളായാണ് സെമിനാർ നടന്നത്. സെന്റർ പ്രസിഡന്റ് ടി.കെ. മനോജ് അധ്യക്ഷത വഹിച്ചു. പ്രിയ ബാലു മോഡറേറ്ററായി. വൈസ് പ്രസിഡന്റ് ശങ്കർ ആർ, ട്രഷറർ അനീഷ് ശ്രീദേവി, അജു ജോസഫ് എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി സജീഷ് നായർ സ്വാഗതവും സാഹിത്യ വിഭാഗം സെക്രട്ടറി നിഖിൽ ഹുസൈൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.