അബൂദബി ജുബൈൽ മാംഗ്രോവ് പാർക്ക്
അബൂദബി: വംശനാശഭീഷണി നേരിടുന്ന ജീവികളുടെ നിയമവിരുദ്ധ വ്യാപാരത്തിൽ ഏർപ്പെടുന്നവർക്ക് 15 വർഷം വരെ തടവുശിക്ഷയും 20 ലക്ഷം ദിർഹം വരെ പിഴയും ചുമത്തുമെന്ന് കാലാവസ്ഥാ വ്യതിയാന, പരിസ്ഥിതി മന്ത്രി ഡോ. അംന ബിൻത് അബ്ദുല്ല അൽ ദഹക് അറിയിച്ചു. വന്യജീവി കടത്തലിനെതിരെ രാജ്യം വിട്ടുവീഴ്ചയില്ലാത്ത നയമാണ് പിന്തുടരുന്നത്. വന്യജീവികളുടെയും വംശനാശഭീഷണി നേരിടുന്ന ജീവികളുടെയും നിയമവിരുദ്ധ കടത്തിൽ ഏർപ്പെടുന്നവർക്ക് യു.എ.ഇയിൽ സ്ഥാനമില്ലെന്ന് അവർ വ്യക്തമാക്കി.
അന്തരിച്ച ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്യാന്റെ പാരമ്പര്യത്തിന്റെ തുടർച്ചയായാണ് യു.എ.ഇയുടെ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളെ മന്ത്രി വിശേഷിപ്പിച്ചത്. അറേബ്യൻ ഒറിക്സുകളെ വംശവർധനവ് നടത്തി വീണ്ടും പ്രകൃതിയിലേക്ക് തുറന്നുവിടുന്നതിൽ രാജ്യത്തിനുള്ള പങ്കും കടലിൽ ലോകത്തിലെ രണ്ടാമത്തെ വലിയ ഡുഗോങ് (കടൽപശു) ജനസംഖ്യയ്ക്ക് യു.എ.ഇ അഭയമേകുന്നതും അവർ എടുത്തുപറഞ്ഞു. ഫാൽക്കണുകൾ ഉൾപ്പെടെയുള്ള ഇരപിടിയൻ പക്ഷികളുടെ സംരക്ഷണത്തിനായുള്ള അന്താരാഷ്ട്ര പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതും അവർ ചൂണ്ടിക്കാട്ടി.
2030-ഓടെ രാജ്യത്തുടനീളം 10 കോടി കണ്ടൽച്ചെടികൾ നട്ടുപിടിപ്പിക്കാൻ യു.എ.ഇ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി പറഞ്ഞു. ഇന്തോനേഷ്യയുമായി പങ്കാളിത്തത്തോടെ യു.എ.ഇ ആരംഭിച്ച 'മാംഗ്രൂവ് അലയൻസ് ഫോർ ക്ലൈമറ്റി'ൽ ഇപ്പോൾ 47 അംഗരാജ്യങ്ങളായി. കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പ്രകൃതിദത്തമായ പരിഹാരങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും കണ്ടൽക്കാടുകളുടെ വികാസത്തെ പിന്തുണയ്ക്കുന്നതിനും ഈ പ്ലാറ്റ്ഫോം പ്രവർത്തിക്കുന്നു.
പവിഴപ്പുറ്റുകളെ പുനരുജ്ജീവിപ്പിക്കുന്നതിനും മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിനുമുള്ള വമ്പൻ പദ്ധതികൾ ഉൾപ്പെടുന്ന സമുദ്ര സംരക്ഷണ അജണ്ടയുടെ ഭാഗമാണിത്. കടൽ ജൈവവൈവിധ്യം വർധിപ്പിക്കുന്നതിനും മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിനുമുള്ള ലക്ഷ്യത്തോടെ പവിഴപ്പുറ്റുകളെ പുനരുജ്ജീവിപ്പിക്കുന്നതിനുള്ള പദ്ധതികൾക്ക് എമിറേറ്റ്സ് നേതൃത്വം നൽകുന്നുവെന്നും അവർ വ്യക്തമാക്കി.
യു.എ.ഇയുടെ പരിസ്ഥിതി പ്രവർത്തനങ്ങൾ രാജ്യത്തിന്റെ അതിരുകൾക്കപ്പുറത്തേക്ക് ഒട്ടേറെ ഫലങ്ങൾ നൽകിയിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. ‘ജൈവവൈവിധ്യം കാത്തുസൂക്ഷിക്കുന്നതിനുള്ള ഞങ്ങളുടെ പ്രതിബദ്ധത കാത്തുസൂക്ഷിക്കുന്നതിൽ യു.എ.ഇയുടെ ദേശീയ പദ്ധതികൾ വലിയ പങ്കുവഹിച്ചിട്ടുണ്ട്. ഫാൽക്കണുകളുടെയും മറ്റ് ഇരപിടിയൻ പക്ഷികളുടെയും വ്യാപാരം നിയന്ത്രിക്കുന്നതിനും നിയമവിരുദ്ധ കടത്ത് തടയുന്നതിനുമുള്ള യു.എ.ഇയുടെ കർശന നടപടികൾ അതിന്‍റെ ഭാഗമാണ്. ഭാവി തലമുറകൾക്കായി സുസ്ഥിരമായ ഭൂമിയും സമൃദ്ധമായ സമ്പദ്‌വ്യവസ്ഥയും കെട്ടിപ്പടുക്കുന്നതിന് പ്രകൃതിയെ സംരക്ഷിക്കുന്നതും ജീവിവർഗങ്ങളെ കാത്തുസൂക്ഷിക്കുന്നതും അത്യാവശ്യമാണ്. ആ ഉറച്ച വിശ്വാസത്തോടെ യു.എ.ഇ തങ്ങളുടെ നിയമനിർമാണ, സാങ്കേതിക സംവിധാനങ്ങൾ ശക്തമാക്കുന്നതും അന്താരാഷ്ട്ര പങ്കാളിത്തം വ്യാപിപ്പിക്കുന്നതും തുടരുമെന്നും മന്ത്രി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.