പ്രാദേശികമായി പുതിയ 140 ഉൽ​പന്നങ്ങൾ; ഭക്ഷ്യോൽ​പാദനം കൂട്ടാൻ ഒരുങ്ങി യു.എ.ഇ

ദുബൈ: ആഭ്യന്തര വിതരണ ശൃംഖലയെ ശക്​തിപ്പെടുത്താനും ഇറക്കുമതിയെ അമിതമായി ആശ്രയിക്കുന്നത്​​ കുറക്കാനും ലക്ഷ്യമിട്ട്​ പ്രാദേശികമായി 140 പുതിയ ഭക്ഷ്യ ഉൽപന്നങ്ങൾ കൂടി അവതരിപ്പിക്കാനൊരുങ്ങി യു.എ.ഇ. ഈ വർഷമോ അടുത്ത വർഷമോ പുതിയ ഉൽപന്നങ്ങൾ വിപണിയിലിറക്കാനാണ്​ പദ്ധതി.

രാജ്യത്തെ ഭക്ഷ്യോത്​പാദനം വർധിപ്പിക്കാനും ദീർഘകാല വിതരണ ശേഷി മെച്ചപ്പെടുത്താനുമുള്ള വിപുലമായ തന്ത്രത്തിന്‍റെ ഭാഗമായാണ്​ പുതിയ നീക്കം. പാൽ, കോഴി, സംസ്കരിച്ച ഭക്ഷ്യ വിഭാഗങ്ങൾ എന്നിവയിൽ ഉൽ​പാദനം വർധിപ്പിക്കുന്നതിലായിരിക്കും പദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കുക.

പാലുൽപന്നങ്ങൾ, ചീസുകൾ, ബട്ടർ, ബേക്ക്​ ചെയ്ത ഭക്ഷ്യ ഉൽ​പന്നങ്ങൾ എന്നിവ ഉൾപ്പെടെ നിരവധി ഉൽ​പന്നങ്ങൾ വിപണിയിലെത്തിക്കുന്നതിലൂടെ രാജ്യത്തിന്‍റെ വിപുലമായ ഭക്ഷ്യ ഉൽ​പാദന ശൃംഖലയെ പിന്തുണക്കുകയാണ്​ ലക്ഷ്യമെന്ന്​​ കൃഷി, കന്നുകാലി വകുപ്പ്​ ചെയർമാനും പ്രൊഡക്ഷൻ എസ്റ്റാബ്ലിഷ്​മെന്‍റ്​ (ഇ.കെ.ടി.ഐ.എഫ്​.എ) സി.ഇ.ഒയുമായ ഡോ. ഖലീഫ മുസബ അൽ തുനൈജി പറഞ്ഞു.

പ്രാദേശികമായ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഇ.കെ.ടി.ഐ.എഫ്​.എയുമായി ചേർന്ന്​ പ്രധാന മേഖലകളിലുടനീളം ആഭ്യന്തര ഉൽ​പാദനം യു.എ.ഇ വർധിപ്പിക്കുന്നതിനിടയിലാണ്​ പുതിയ വിപുലീകരണം. നിലവിൽ പ്രതിദിന പാലുൽപാദനം 1,30,000 ലിറ്ററാണ്​.

2029തോടെ ഇത്​ മൂന്ന്​ ലക്ഷം ലിറ്ററായി ഉയരുമെന്നാണ്​ പ്രതീക്ഷ. ഇതു വഴി 10 ലക്ഷത്തിലധികം പേർക്ക്​ വിതരണം ചെയ്യുകയാണ്​ ലക്ഷ്യം. പൗൾട്രി മേഖലയിൽ പ്രതിദിനം 7,000 കോഴികളാണ്​ പുറത്തിറങ്ങുന്നത്​. ഇത്​ 16,000 ആയി ഉയർത്തും. കൂടാതെ സ്ഥലസൗകര്യങ്ങൾ വിപുലീകരിക്കുന്നതിലൂടെ ​പ്രതിദിന കോഴി ഉൽ​പാദന തോത്​ 25,000ത്തിനും 26,000ത്തിനും ഇടയിൽ വർധിപ്പിക്കുന്നതിലൂടെ ദീർഘകാല പദ്ധതികളാണ്​ മു​ന്നോട്ടുവെക്കുന്നത്​. പ്രാദേശിക ഫാമുകളിലൂടെ പഴം, പച്ചക്കറികളുടെ വിതരണം ശക്​തിപ്പെടുത്തുകയും വിപണിയിൽ സീസണൽ ഉൽ​പന്നങ്ങളുടെ സുസ്ഥിരമായ ലഭ്യത ഉറപ്പുവരുത്തുകയും ചെയ്യും.

Tags:    
News Summary - 140 new local products; UAE set to increase food production

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.