ദുബൈ: ആഭ്യന്തര സംഘർഷം രൂക്ഷമായ സുഡാനിൽ നിന്ന് 126 പേരെ കൂടി യു.എ.ഇയിൽ എത്തിച്ചു. യു.എ.ഇ അടക്കം 16 രാജ്യങ്ങളിലെ പൗരന്മാരെയാണ് അബൂദബിയിൽ എത്തിച്ചത്. ബഹ്റൈൻ, യു.കെ, ഇറാഖ്, സെർബിയ, പാകിസ്താൻ, സിറിയ, സുഡാൻ, ഇന്തോനേഷ്യ, യു.എസ്, ഇത്യോപ്യ, നൈജീരിയ, യമൻ, താൻസനിയ, അയർലൻഡ്, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ പൗരൻമാരെയാണ് എത്തിച്ചത്. സ്ത്രീകൾ, കുട്ടികൾ, പ്രായമായവർ എന്നിവർക്കാണ് മുൻഗണന നൽകിയത്. ആഗോള തലത്തിൽ മറ്റ് രാജ്യങ്ങളുമായി സഹകരണം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് മനുഷ്യത്വപരമായ നടപടികളെന്ന് യു.എ.ഇ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രാലയം അറിയിച്ചു.
സുഡാനിൽ കുടുങ്ങിയ ഈജിപ്ഷ്യൻ സൈനികരെ യു.എ.ഇ ഇടപെടലിൽ കഴിഞ്ഞദിവസം രക്ഷപ്പെടുത്തിയിരുന്നു. റാപ്പിങ് സപ്പോർട്ട് ഫോഴ്സിന്റെ ഭാഗമായി സുഡാനിലുള്ള ഈജിപ്ഷ്യൻ സൈനികരാണ് സംഘർഷത്തിനിടയിൽപെട്ടത്. നയതന്ത്ര ഇടപെടലുകളിലൂടെ സൈനികരെ ഈജിപ്ത് എംബസിയിൽ എത്തിച്ചാണ് രക്ഷപ്പെടുത്തിയത്. സുഡാനിലെ സംഘർഷം അവസാനിപ്പിക്കുന്നതിന് വിവിധ രാജ്യങ്ങൾക്കൊപ്പം യു.എ.ഇയും ശ്രമങ്ങൾ നടത്തിവരുന്നുണ്ട്. നിലവിൽ സുഡാനിലുള്ള പൗരന്മാരോട് ജാഗ്രത പാലിക്കാനും ഒത്തുചേരലുകളിലോ അശാന്തിക്ക് കാരണമായേക്കാവുന്ന ഏതെങ്കിലും പ്രവർത്തനങ്ങളിലോ പങ്കെടുക്കരുതെന്നും യു.എ.ഇ എംബസി നിർദേശിച്ചിട്ടുണ്ട്.
സുഡാനിൽ സംഘർഷം രൂക്ഷമായ സാഹചര്യം സംബന്ധിച്ച് ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറും യു.എ.ഇ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണമന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ്യാനും ചർച്ച നടത്തിയിരുന്നു. ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽനിന്ന് ദുബൈ വഴി സുഡാനിലേക്ക് പുറപ്പെട്ട യാത്രക്കാർക്ക് താമസ സൗകര്യമൊരുക്കുമെന്ന് ദുബൈ വിമാനത്താവളം അധികൃതർ അറിയിച്ചു. സുഡാനിൽ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ വിമാന സർവിസുകൾ നിർത്തിവെച്ച സാഹചര്യത്തിലാണ് നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.