ലോക സർക്കാർ ഉച്ചകോടിയിൽ മുനിസിപ്പാലിറ്റിയുടെ വികസന പദ്ധതി ഉദ്യോഗസ്ഥ ശൈഖ്​ മുഹമ്മദിന്​ വിശദീകരിക്കുന്നു

ദുബൈ: നഗരത്തെ കൂടുതൽ ഹരിതവത്​കരിക്കുന്നതിനായി 400 കോടി ദിർഹമിന്‍റെ വികസന പദ്ധതി പ്രഖ്യാപിച്ച്​ ദു​ബൈ മുനിസിപ്പാലിറ്റി. പദ്ധതിയുടെ ഭാഗമായി മൂന്നു വർഷത്തിനുള്ള നഗരത്തിൽ 15 ലക്ഷം മരങ്ങൾ വെച്ചുപിടിപ്പിക്കും. അതോടൊപ്പം പുതുതായി 120 പൊതു പാർക്കുകൾ കൂടി വികസിപ്പിക്കും. 30 ലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ്​ 120 പാർക്കുകൾ നിർമിക്കുക. 200 കായിക വിനോദ കേന്ദ്രങ്ങളും ഇതിൽ ഉൾപ്പെടും.

അതോടൊപ്പം 45 നഗര സൗന്ദര്യ പദ്ധതികളും ദുബൈ മുനിസിപ്പാലിറ്റി പ്രഖ്യാപിച്ചു​​. പൊതു സൗകര്യങ്ങൾ, പാർക്കുകൾ, ബീച്ചുകൾ, തടാകങ്ങൾ എന്നിവ സമന്വയിപ്പിച്ചുള്ള മനോഹരമായ ഒരു നഗരമായി ദുബൈയെ മാറ്റുക എന്നതാണ് ലക്ഷ്യം. ദുബൈയിൽ നടക്കുന്ന ലോക സർക്കാർ ഉച്ചകോടിയിൽ അവതരിപ്പിച്ച പദ്ധതി യു.എ.ഇ വൈസ്​ പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം വിലയിരുത്തി. തീരപ്രദേശങ്ങളെ പുനരുജ്ജീവിപ്പിക്കുന്നതിനായി പതിനഞ്ചിലധികം വരുന്ന വികസന പദ്ധതികളും മുനിസിപ്പാലിറ്റി അവതരിപ്പിച്ചിട്ടുണ്ട്​​.

പ്രതിവർഷം മൂന്ന് പുതിയ ബീച്ചുകൾ ഇതിലൂടെ വികസിപ്പിക്കും. സജീവമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുകയും പരിസ്ഥിതിയിലേക്കുള്ള പൊതുജനങ്ങളുടെ പ്രവേശനം വർദ്ധിപ്പിക്കുകയും ചെയ്യുമെന്ന്​ മുനിസിപ്പാലിറ്റി അറിയിച്ചു. ബീച്ചുകൾ, വിവിധ സേവനങ്ങൾ, സൗകര്യങ്ങൾ എന്നിവ 400 ശതമാനം വർധിപ്പിക്കുക, പൊതു ബീച്ചുകളുടെ ശേഷി 150 ശതമാനം കൂട്ടുക, ബീച്ചുകളിൽ നടക്കാനുള്ള സൗകര്യം, ജോഗിങ്​, സൈക്ലിങ്​ ട്രാക്കുകളുടെ ദൈർഘ്യം എന്നിവ 285 ശതമാനം വർദ്ധിപ്പിക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം.

ഉമ്മുസുഖെം ബീച്ച്​ വികസനത്തിന്​ കഴിഞ്ഞ ദിവസം ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ്​ ഹംദാൻ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം 5,00 ദശലക്ഷം ദർഹമിന്‍റെ പദ്ധതി പ്രഖ്യാപിച്ചിരുന്നു. പദ്ധതിയിലൂടെ ബീച്ചുകളുടെ നിലവാരം ഉയർത്തുകയും വലിപ്പം 30 ശതമാനം വർധിപ്പിക്കുകയും സമുദ്ര നിരപ്പ്​ ഉയരുന്നതിനെതിരായ പ്രതിരോധ ശേഷി ശക്​തി​പ്പെടുത്തുകയും ചെയ്യും. കൂടാതെ 38 മീറ്റർ ഉയരുമുള്ള നിരീക്ഷണ ടവർ, രണ്ട്​ കിലോമീറ്റർ കടൽ ഭിത്തി എന്നിവയും ഈ പദ്ധതിയിൽ ഉൾപ്പെടും. ഇതിന്​​ പിന്നാലെയാണ്​ ദുബൈ മുനിസിപ്പാലിറ്റിയുടെ വമ്പൻ വികസന പദ്ധതി​.

Tags:    
News Summary - 120 new parks in Dubai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.