ദുബൈ: ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) കഴിഞ്ഞ വർഷം നടത്തിയ ജീവകാരുണ്യ സംരംഭങ്ങളിൽ ഗുണഭോക്താക്കളായത് 12 ലക്ഷം പേർ. ആർ.ടി.എയുടെ കണക്കുകൾ പ്രകാരം 50 കമ്യൂണിറ്റി പദ്ധതികൾ വഴി 11,92,320 പേർക്കാണ് സഹായം ലഭിച്ചത്. സർക്കാറുമായി സഹകരിച്ച് കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങൾ, തൊഴിലാളികൾ, നിശ്ചയദാർഢ്യവിഭാഗങ്ങൾ, വിദ്യാർഥികൾ എന്നിവരെ ലക്ഷ്യമിട്ട് നടത്തിയ 19 പദ്ധതികളും ഇതിൽ ഉൾപ്പെടും. കഴിഞ്ഞ വർഷം നടത്തിയ 17 സംരംഭങ്ങളിലും സന്നദ്ധ പ്രവർത്തനങ്ങളിലും ആർ.ടി.എയുടെ 599 ജീവനക്കാർ പങ്കാളികളായതായി അധികൃതർ അറിയിച്ചു.
സമൂഹത്തിലെ സജീവമായ ഒരു പങ്കാളി എന്ന നിലയിൽ ആർ.ടി.എയുടെ പങ്ക് ശക്തിപ്പെടുത്തുന്നതാണ് ജീവനക്കാരുടെ പങ്കാളിത്തമെന്നും അധികൃതർ വിശദീകരിച്ചു. ദീർഘകാല, സുസ്ഥിരമായ ഫലങ്ങൾ ഉറപ്പാക്കുന്നതിനായി മികച്ച അന്താരാഷ്ട്ര രീതികൾക്ക് അനുസൃതമായാണ് സംരംഭങ്ങൾ രൂപകൽപന ചെയ്തിരിക്കുന്നതെന്ന് ആർ.ടി.എ വ്യക്തമാക്കി. പരസ്പരം കൈകോർത്ത് എന്ന മുദ്രാവാക്യത്തിന് കീഴിൽ പ്രഖ്യാപിച്ച സമൂഹവർഷ കാമ്പയിനിന്റെ ലക്ഷ്യങ്ങളോട് ചേർന്ന് നിൽക്കുന്നതാണീ സംരംഭങ്ങൾ.
2025ലുടനീളം നടന്ന നിരവധി സർക്കാർ കാമ്പയ്നുകളിൽ ആർ.ടി.എ ഭാഗമായിരുന്നു. റമദാനിൽ പ്രഖ്യാപിച്ച ഉയർന്ന ഫലമുളവാക്കുന്ന സംരംഭങ്ങൾ ആയിരങ്ങൾക്കാണ് ഉപകാരപ്പെട്ടത്. മീൽസ് ഓൺ വീൽസ് കാമ്പയ്ൻ 8,000 തൊഴിലാളികൾക്ക് പിന്തുണയേകുന്നതായിരുന്നു. നൂണുമായി ചേർന്ന് മെട്രോ സ്റ്റേഷനുകൾ വഴി വിതരണം ചെയ്ത ഇഫ്താൽ കിറ്റ് 5,000 പേർക്ക് ലഭിച്ചു. സായിദ് ഹുമാനിറ്റേറിയൻ ദിനത്തോടനുബന്ധിച്ച് റമദാൻ റിലേഷൻ സംരംഭത്തിലൂടെ 1000 കുറഞ്ഞ വരുമാനക്കാർക്ക് സഹായം ലഭിച്ചു. ദുബൈ ചാരിറ്റി അസോസിയേഷനുമായി കൈകോർത്ത് നടത്തിയ റമദാൻ ടെന്റ് 5,00 പേർക്ക് സഹായകമായതായും ആർ.ടി.എ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.