അബൂദബി: രാജ്യത്ത് കഴിഞ്ഞ വർഷം തൊഴിൽ നഷ്ട ഇൻഷുറൻസ് ഇനത്തിൽ നഷ്ടപരിഹാരമായി നൽകിയത് 11.4 കോടി ദിർഹം. കഴിഞ്ഞ വർഷം 10,500 പേർക്കാണ് ഇൻഷുറൻസ് ആനുകൂല്യം ലഭിച്ചതെന്നും മാനവ വിഭവശേഷി, എമിററ്റൈസേഷൻ മന്ത്രാലയം അറിയിച്ചു. അതേസമയം, സ്വകാര്യ മേഖലയിൽ ഇതുവരെ 83 ശതമാനം പേർ തൊഴിൽ നഷ്ട ഇൻഷുറൻസിൽ അംഗങ്ങളായിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.
തൊഴിൽ നഷ്ടപ്പെട്ട ജീവനക്കാരന് അയാളുടെ അടിസ്ഥാന ശമ്പളത്തിന്റെ അടിസ്ഥാനത്തിൽ മൂന്നുമാസം നഷ്ടപരിഹാരം ലഭിക്കുന്ന പദ്ധതിയാണ് 2022ൽ ആരംഭിച്ച തൊഴിൽ നഷ്ട ഇൻഷുറൻസ്. ജോലി നഷ്ടപ്പെട്ട തൊഴിലാളിക്ക് പുതിയ ജോലി കണ്ടെത്തുന്നതുവരെ താൽക്കാലികമായി സാമ്പത്തിക സുരക്ഷയൊരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് മന്ത്രാലയത്തിലെ തൊഴിൽ സുരക്ഷ ആക്ടിങ് അസി. അണ്ടർ സെക്രട്ടറി ദലാൽ സഈദ് അൽ ഷെഹി പറഞ്ഞു.
അടിസ്ഥാന ശമ്പളത്തിന്റെ 60 ശതമാനം അതായത് പരമാവധി 20,000 ദിർഹം വരെയാണ് തൊഴിൽ നഷ്ട ഇൻഷുറൻസായി മൂന്നു മാസം ലഭിക്കുക. ഇൻഷുറൻസിൽ അംഗമായി ചുരുങ്ങിയത് 12 മാസം ജോലിയിൽ തുടർന്നവർക്കാണ് ഇൻഷുറൻസിന് യോഗ്യത. അതേസമയം, ജീവനക്കാരന് ഇൻഷുറൻസ് ദാതാവിൽനിന്ന് കൂടുതൽ തുക ഇൻഷുറൻസായി ആവശ്യപ്പെടാനും പുതിയ പദ്ധതി അനുവദിക്കുന്നുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി.
16,000 ദിർഹം വരെ അടിസ്ഥാന ശമ്പളമുള്ള തൊഴിലാളി പ്രതിമാസം അഞ്ച് ദിർഹമാണ് പ്രീമിയമായി അടക്കേണ്ടത്. ഇയാൾക്ക് പരമാവധി 10,000 ദിർഹം ഇൻഷുറൻസായി ലഭിക്കും. 16,000ത്തിന് മുകളിൽ അടിസ്ഥാന ശമ്പളമുള്ളവർ പ്രതിമാസം 10 ദിർഹം പ്രീമിയം അടക്കണം. ഇവർക്ക് പ്രതിമാസം 20,000 ദിർഹം നഷ്ടപരിഹാരമായി ലഭിക്കും. നിലവിൽ 90 ലക്ഷം തൊഴിലാളികളും ഇൻഷുറൻസ് പദ്ധതിയിൽ അംഗങ്ങളായിക്കഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.