യാംബു: സൗദി അറേബ്യൻ ഡ്രൈവിങ് ലൈസൻസ് ഉപയോഗിച്ച് 10 രാജ്യങ്ങളിൽ വാഹനം ഓടിക്കാം. യു.എ.ഇ, കുവൈത്ത്, ഖത്തർ, ബഹ്റൈൻ, ഒമാൻ തുടങ്ങി മുഴുവൻ ഗൾഫ് രാജ്യങ്ങളിലും ജോർദാൻ, ഈജിപ്ത്, കാനഡ, ഓസ്ട്രിയ, ബ്രിട്ടൻ എന്നിവിടങ്ങളിലുമാണ് അന്താരാഷ്ട്ര ഡ്രൈവിങ് ലൈസൻസ് ഇല്ലാതെ തന്നെ സൗദി ലൈസൻസ് ഉള്ളവർക്ക് വാഹനം ഓടിക്കാൻ അനുമതി. സൗദിയിലുള്ള സ്വദേശികൾക്കും വിദേശികൾക്കും ഇത് ബാധകമാണ്.
ഇക്കാര്യത്തിൽ യു.എ.ഇ ആണ് മുന്നിൽ. സൗദി നമ്പർ പ്ലേറ്റ് ഉള്ള നിരവധി വാഹനങ്ങൾ അവിടെ ഓടുന്നത് നിത്യ കാഴ്ചയാണ്. സൗദി പൗരന്മാർക്ക് യു.എ.ഇ ലൈസൻസ് ലഭിക്കാനും വലിയ പ്രയാസമില്ല.
സൗദി ഡ്രൈവിങ് ലൈസൻസ് ഉണ്ടെങ്കിൽ ദമ്മാമിൽനിന്ന് കിങ് ഫഹദ് കോസ്‌വേ വഴി സ്വന്തം വാഹനമോടിച്ച് എളുപ്പത്തിൽ ബഹ്റൈനിലേക്ക് പോകാം. സൗദി അതിർത്തിയിൽ നിന്ന് ഓൺ അറൈവൽ വിസ എടുത്ത് സ്വന്തം വാഹനം ഓടിച്ച് ജോർദാനിലേക്ക് പോകാനും എളുപ്പമാണ്. കുവൈത്തിലെ ഡ്രൈവിങ് ലൈസൻസ് സൗദിയും അംഗീകരിച്ചതിനാൽ അവിടെയുള്ളവർക്ക് സൗദിയിലും നിഷ്പ്രയാസം വാഹനമോടിക്കാം.
ഖത്തറിലേക്കും റോഡ് മാർഗം വാഹനമോടിച്ചുപോകാൻ കഴിയും. ഈജിപ്തിൽ രാജ്യത്ത് പ്രവേശിച്ച തീയതി മുതൽ മൂന്നു മാസം വരെ സൗദി ലൈസൻസ് ഉണ്ടെങ്കിൽ വാഹനമോടിക്കാൻ അനുവാദമുണ്ട്. രാജ്യത്ത് പ്രവേശിക്കുന്ന തീയതി മുതൽ മൂന്ന് മാസം വരെ സൗദി ലൈസൻസ് ഉള്ളവർക്ക് വാഹനമോടിക്കാൻ അനുവാദം നൽകുന്ന മറ്റൊരു രാജ്യമാണ് കാനഡ.
സൗദി ലൈസൻസ് അടുത്തകാലത്താണ് ഓസ്ട്രിയ അംഗീകരിച്ചത്. ബ്രിട്ടനിൽ സൗദി ലൈസൻസുള്ള സൗദി പൗരന്മാർക്ക് മാത്രമാണ് അനുമതി. ഒരു വർഷം വരെ വാഹനമോടിക്കാനാവും. അതിന് ശേഷം അവിടുത്തെ ലൈസൻസ് എടുക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.