അന്താരാഷ്​ട്ര നിയമങ്ങളുടെ ലംഘനം; സൗദി കപ്പലിന് നേരെയുള്ള ഹൂതി ആക്രമണത്തെയും ഇറാ​ന്‍റെ കടന്നുകയറ്റങ്ങളെയും തള്ളി അറബ് ലീഗ്

റിയാദ്​/കെയ്‌റോ: ചെങ്കടലിൽ സൗദി അറേബ്യൻ കപ്പലിന് നേരെ ഹൂതി വിമതർ നടത്തിയ ആക്രമണത്തെ അറബ് ലീഗ് ശക്തമായി അപലപിച്ചു. ഗൾഫ് രാജ്യങ്ങൾക്കും ജോർഡാനും നേരെ ഇറാൻ നടത്തുന്ന ആക്രമണങ്ങളെയും കടന്നുകയറ്റങ്ങളെയും പൂർണമായും തള്ളിക്കളയുന്നതായി അറബ് ലീഗ് വ്യക്തമാക്കി. ഇത്തരം നടപടികൾ അന്താരാഷ്​ട്ര നിയമങ്ങളുടെ വ്യക്തമായ ലംഘനമാണെന്നും, സമുദ്രസഞ്ചാരത്തി​ന്‍റെ സുരക്ഷക്കും മേഖലയിലെ സമാധാന സ്ഥിരതക്കും ഗുരുതരമായ ഭീഷണിയാണെന്നും സംഘടന ചൂണ്ടിക്കാട്ടി.

വിഷയത്തിൽ ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) കൈക്കൊണ്ട ഉറച്ച നിലപാടിനെ അറബ് ലീഗ് വക്താവ് ഔദ്യോഗിക പ്രസ്താവനയിലൂടെ സ്വാഗതം ചെയ്തു. അറബ് രാഷ്​ട്രങ്ങളുടെ സുരക്ഷക്കും തന്ത്രപ്രധാനമായ സമുദ്രപാതകളുടെ സംരക്ഷണത്തിനും എല്ലാ അംഗരാജ്യങ്ങളും ഒറ്റക്കെട്ടായി നിലകൊള്ളേണ്ടതി​ന്‍റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു.

ചെങ്കടലിലും ഹുർമൂസ്​ കടലിടുക്കിലും അന്താരാഷ്​ട്ര കപ്പൽ ഗതാഗതത്തിന് ഭീഷണിയാകുന്ന എല്ലാത്തരം നീക്കങ്ങളും ഉടനടി നിർത്തിവെക്കണമെന്ന് അറബ് ലീഗ് ആവശ്യപ്പെട്ടു.

മേഖലയിൽ ശാശ്വതവും സമഗ്രവുമായ സമാധാനം കൈവരിക്കുന്നതിനുള്ള ഏക പോംവഴി നയതന്ത്ര ചർച്ചകളാണെന്നും, അതിനാൽ ലംഘനങ്ങൾ അവസാനിപ്പിച്ച് ഇറാൻ ചർച്ചകളുടെ പാതയിലേക്ക് മടങ്ങിവരണമെന്നും ആവശ്യപ്പെട്ടു. സംഘർഷം വർധിപ്പിക്കുന്നത് പ്രതിസന്ധി കൂടുതൽ സങ്കീർണ്ണമാക്കുമെന്നും മേഖലയിലെ സമാധാന ശ്രമങ്ങളെ തകിടം മറിക്കുമെന്നും സംഘടന മുന്നറിയിപ്പ് നൽകി.

Tags:    
News Summary - Violation of international law

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.