പ്രതീകാത്മക ചിത്രം
ജിദ്ദ: അന്താരാഷ്ട്ര ടൂറിസം വരുമാനത്തിലെ വളർച്ചയിൽ സൗദി അറേബ്യ ആഗോളതലത്തിൽ ഒന്നാം സ്ഥാനം നേടി. സൗദി ഭരണകൂടത്തിെൻറ ‘ക്വാളിറ്റി ഓഫ് ലൈഫ് പ്രോഗ്രാം’ പുറത്തുവിട്ട 2025-ലെ വാർഷിക റിപ്പോർട്ടിലാണ് ഈ വിവരങ്ങൾ വ്യക്തമാക്കുന്നത്. രാജ്യത്തിെൻറ ജി.ഡി.പിയിലേക്ക് 78 ബില്യൺ സൗദി റിയാൽ സംഭാവന ചെയ്യാൻ ഈ പരിപാടിയിലൂടെ സാധിച്ചതായും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
വിവിധ മേഖലകളിലായി 3,87,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ക്വാളിറ്റി ഓഫ് ലൈഫ് പ്രോഗ്രാമിന് കഴിഞ്ഞിട്ടുണ്ട്. ടൂറിസം, നഗരവികസനം, സംസ്കാരം, കായികം, വിനോദം, മുനിസിപ്പൽ സേവനങ്ങൾ എന്നിവയിലെ പ്രധാന നേട്ടങ്ങൾ എടുത്തുപറയുന്ന റിപ്പോർട്ട്, ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിലും സുസ്ഥിര വികസനം മുന്നോട്ട് കൊണ്ടുപോകുന്നതിലും രാജ്യം കൈവരിച്ച പുരോഗതിയെ അടിവരയിടുന്നു.
അന്താരാഷ്ട്ര വിനോദസഞ്ചാരികളുടെ വരവിൽ 102 ശതമാനം വളർച്ചയാണ് സൗദി കൈവരിച്ചത്. ആഗോള ശരാശരിയായ മൂന്ന് ശതമാനത്തേക്കാളും, മിഡിൽ ഈസ്റ്റ് ശരാശരിയായ 44 ശതമാനത്തേക്കാളും വളരെ ഉയർന്ന നിരക്കാണിത്. വിനോദസഞ്ചാരികളുടെ എണ്ണത്തിലെ ഈ വൻ കുതിച്ചുചാട്ടത്തോടെ അന്താരാഷ്ട്ര സഞ്ചാരികളുടെ വരവിൽ ആഗോളതലത്തിൽ മൂന്നാം സ്ഥാനത്തും പ്രാദേശികതലത്തിൽ രണ്ടാം സ്ഥാനത്തും എത്താൻ സൗദിക്കായി.
രാജ്യത്ത് ഏറ്റവും ശക്തമായ പ്രകടനം കാഴ്ചവെക്കുന്ന മേഖലകളിലൊന്നാണ് ടൂറിസമെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. കഴിഞ്ഞ വേനൽക്കാലത്ത് മാത്രം 3.2 കോടിയിലധികം ആഭ്യന്തര, അന്തർദേശീയ സന്ദർശകരെയാണ് സൗദി സ്വീകരിച്ചത്. മുൻ സീസണിനെ അപേക്ഷിച്ച് 26 ശതമാനത്തിെൻറ വർധനവാണിത്. ഇതോടൊപ്പം ടൂറിസം മേഖലയിലെ ചെലവഴിക്കൽ 15 ശതമാനം വർധിച്ച് 53.2 ബില്യൺ സൗദി റിയാൽ കവിഞ്ഞതായും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.