ഡോണൾഡ് ട്രംപ്, സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ

സൗദി ഇസ്രായേലിനെ അംഗീകരിച്ചാൽ മാത്രം ആണവകരാറിന് അന്തിമ അനുമതിയെന്ന് ട്രംപ്; സമാധാനപരമായ ആവശ്യങ്ങൾക്കാണ് പദ്ധതിയെന്നും യു.എസ് പ്രസിഡന്റ്

വാഷിങ്ടൺ: സൗദിയുമായി സിവിലിയൻ ആണവ സഹകരണ കരാറിന് ഔദ്യോഗിക അംഗീകാരം നൽകിയതിന് പിന്നാലെ പുതിയ ഉപാധി മുന്നോട്ടുവച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സൗദി ഇസ്രായേലിനെ ഔദ്യോഗികമായി അംഗീകരിച്ച് അബ്രഹാം ഉടമ്പടിയിൽ ചേരണമെന്നതാണ് കരാറിന്റെ അന്തിമ അംഗീകാരത്തിനുള്ള പ്രധാന വ്യവസ്ഥയെന്ന് ട്രംപ് പറഞ്ഞു. സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യൽ വഴിയാണ് ട്രംപിന്റെ പ്രഖ്യാപനം.

അമേരിക്കൻ ഊർജവകുപ്പും സൗദി അറേബ്യയും തമ്മിൽ ഒപ്പുവെക്കുന്ന സിവിൽ ആണവകരാർ സൈനിക ആവശ്യങ്ങൾക്കല്ല, സമാധാനപരമായ ആവശ്യങ്ങൾക്കായിരിക്കുമെന്നും ട്രംപ് വ്യക്തമാക്കി. ഇറാനും യു.എ.ഇയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്കുള്ളതുപോലുള്ള സിവിലിയൻ ആണവ പദ്ധതിയാണ് ഇത്. എന്നാൽ ഈ കരാറിന് അന്തിമ അനുമതി ലഭിക്കുക സൗദി അറേബ്യ അബ്രഹാം ഉടമ്പടിയിൽ ചേരുകയും ഇസ്രായേലുമായി ബന്ധം സാധാരണ നിലയിലാക്കുകയും ചെയ്താൽ മാത്രമായിരിക്കും. യുറേനിയം സമ്പുഷ്ടീകരണം ഈ പദ്ധതിയുടെ ഭാഗമാകില്ല -ട്രംപ് സാമൂഹിക മാധ്യമത്തിൽ കുറിച്ചു.

ബുധനാഴ്ച അമേരിക്കൻ ഊർജ സെക്രട്ടറി ക്രിസ് റൈറ്റും സൗദി ഊർജ മന്ത്രാലയത്തിന്റെ പ്രതിനിധിയും ചേർന്നാണ് കരാറിൽ ഒപ്പുവെച്ചത്. അമേരിക്കൻ ആണവോർജ നിയമം പ്രകാരമുള്ള കരാർ 30 വർഷത്തേക്കാണ് നിലനിൽക്കുക. കരാർ പ്രകാരം അമേരിക്കൻ കമ്പനികൾ സൗദിയുടെ സിവിലിയൻ ആണവ പദ്ധതിക്ക് ആവശ്യമായ സാങ്കേതികവിദ്യയും വിദഗ്ധ സേവനങ്ങളും നൽകും. ആണവ നിലയങ്ങളുടെ വികസനം, സാങ്കേതിക സഹകരണം, സുരക്ഷാ മാനദണ്ഡങ്ങൾ എന്നിവയിൽ അമേരിക്കൻ കമ്പനികൾക്ക് നിർണായക പങ്കുണ്ടാകുമെന്നും സി.എൻ.എൻ റിപ്പോർട്ടിൽ പറയുന്നുണ്ട്.

അതേസമയം, ഇസ്രായേലുമായുള്ള നയതന്ത്ര ബന്ധം സാധാരണ നിലയിലാക്കുന്നതിൽ സൗദി അറേബ്യയുടെ നിലപാടിൽ ഒരു മാറ്റവും ഇതുവരെ പ്രഖ്യാപിക്കപ്പെട്ടിട്ടില്ല. സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കപ്പെടുകയും പ്രശ്നത്തിന് വ്യക്തമായ രാഷ്ട്രീയ പരിഹാരം ഉണ്ടാകുകയും ചെയ്ത ശേഷമേ ഇസ്രായേലിനെ ഔദ്യോഗികമായി അംഗീകരിക്കൂവെന്ന് സൗദി പലതവണ വ്യക്തമാക്കിയിട്ടുണ്ട്.

2020ൽ അമേരിക്കയുടെ മധ്യസ്ഥതയിൽ ഒപ്പുവെച്ച അബ്രഹാം ഉടമ്പടി പ്രകാരം യു.എ.ഇ, ബഹ്റൈൻ, മൊറോക്കോ, സുഡാൻ തുടങ്ങിയ അറബ് രാജ്യങ്ങൾ ഇസ്രായേലുമായി നയതന്ത്ര ബന്ധം സ്ഥാപിച്ചിരുന്നു. പശ്ചിമേഷ്യയിൽ സമാധാനവും സാമ്പത്തിക സഹകരണവും ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ കരാർ പ്രഖ്യാപിക്കപ്പെട്ടത്. സൗദി അറേബ്യയും ഈ ഉടമ്പടിയുടെ ഭാഗമാകണമെന്ന് ട്രംപ് നേരത്തെ തന്നെ ആവശ്യമുന്നയിച്ചുവരുന്നുണ്ട്.

Tags:    
News Summary - Recognise Israel: Trump sets big condition after US announces Saudi nuclear deal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.