റിയാദ്: റിയാദ് നഗരത്തിലെ പൊതു പാർക്കിങ് സംവിധാനം കൂടുതൽ വിപുലീകരിക്കുന്നതിെൻറ ഭാഗമായി ഉലയ്യ വാണിജ്യ മേഖലയിൽ 3,600-ലധികം പണമടച്ചുള്ള പാർക്കിങ് സ്പോട്ടുകൾ കൂടി പ്രവർത്തനം ആരംഭിക്കുന്നു. ശനിയാഴ്ച മുതൽ ഇവ പ്രവർത്തനസജ്ജമാകുമെന്ന് ‘റിയാദ് പാർക്കിങ്’ അധികൃതർ അറിയിച്ചു.
ഉറുബ റോഡ് മുതൽ തെക്കോട്ട് മക്ക റോഡ് വരെയുള്ള ഉലയ്യ റോഡ്, മക്ക റോഡ് മുതൽ ഉറുബ റോഡ് വരെയുള്ള കിങ് ഫഹദ് റോഡ് എന്നിവയ്‌ക്കൊപ്പം ഈ പരിധിയിലെ പ്രധാന തെരുവുകളും പുതിയ പാർക്കിങ് മേഖലയിൽ ഉൾപ്പെടുന്നു. പ്രധാന മേഖലകളിലെ പാർക്കിങ് കാര്യക്ഷമത വർധിപ്പിക്കുക, വാണിജ്യ കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം എളുപ്പമാക്കുക, അനിയന്ത്രിതമായ പാർക്കിങ് തടഞ്ഞ് ഗതാഗതക്കുരുക്ക് കുറയ എന്നിവയാണ് ഈ നടപടിയിലൂടെ ലക്ഷ്യമിടുന്നത്.
നഗരത്തിെൻറ സൗന്ദര്യവും ക്രമവും നിലനിർത്താനും ഇത് സഹായകരമാകും. പണമടച്ചുള്ള പാർക്കിങ്ങുകൾക്കായി അംഗീകരിച്ചിട്ടുള്ള പ്രവർത്തന നയം തുടർന്നും ബാധകമായിരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ഇത് പ്രകാരം ശനി മുതൽ വ്യാഴം വരെ രാവിലെ എട്ട് മുതൽ അർധരാത്രി 12 വരെയായിരിക്കും പ്രവർത്തന സമയം. വെള്ളിയാഴ്ചകളിൽ പാർക്കിങ് പൂർണമായും സൗജന്യമായിരിക്കും. കൂടാതെ കുറഞ്ഞ സമയത്തേക്ക് മാത്രം വാഹനം നിർത്തുന്നതിന് 15 മിനിറ്റ് വരെ സൗജന്യവും അനുവദിച്ചിട്ടുണ്ട്.
പാർക്കിങ് ഫീസ് ‘റിയാദ് പാർക്കിങ്’ ആപ്പ് വഴിയോ, സ്വയം പ്രവർത്തിക്കുന്ന പേയ്‌മെൻറ് മെഷീനുകൾ വഴിയോ, വിവര ബോർഡുകളിലുള്ള ക്യുആർ കോഡ് സ്കാൻ ചെയ്തോ അടയ്ക്കാവുന്നതാണ്. എന്നാൽ ഈ ഘട്ടത്തിൽ ഈ മേഖലയിൽ പ്രതിമാസ ട്രയൽ സബ്‌സ്‌ക്രിപ്‌ഷൻ സേവനം ലഭ്യമായിരിക്കില്ല. 2024 ആഗസ്റ്റ് മുതലാണ് ‘റിയാദ് പാർക്കിങ്’ നഗരത്തിലെ പൊതു പാർക്കിങ് ക്രമീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചത്.
ഇതിനകം റിയാദ് നഗരത്തിലെ പ്രമുഖ റോഡുകളിലും തെരുവുകളിലുമായി 25,000-ത്തിലധികം പണമടച്ചുള്ള പാർക്കിങ് സ്പോട്ടുകൾ പ്രവർത്തനസജ്ജമാക്കിയിട്ടുണ്ട്. കൂടാതെ, താമസമേഖലകളിലേക്ക് അനാവശ്യമായി വാഹനങ്ങൾ പ്രവേശിക്കുന്നത് തടയുന്നതിനും പാർപ്പിടമേഖലയിലെ പാർക്കിങ് കൂടുതൽ ക്രമബദ്ധമാക്കുന്നതിനുമായി നിവാസികൾക്കും അവരുടെ സന്ദർശകർക്കുമായി രണ്ട് ലക്ഷത്തിലധികം സൗജന്യ നിയന്ത്രിത പാർക്കിങുകളും ഒരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.