ജിദ്ദ: കായിക ലോകം ആകാംഷയോടെ കാത്തിരിക്കുന്ന ഈ വർഷത്തെ ഏറ്റവും വലിയ ഹെവിവെയ്റ്റ് ബോക്സിങ് ചാമ്പ്യൻഷിപ്പായ ‘ദി കംബാക്ക്’ ശനിയാഴ്ച ജിദ്ദ സൂപ്പർഡോമിൽ അരങ്ങേറും. അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയരായ ലോകോത്തര താരങ്ങൾക്കൊപ്പം സൗദി അറേബ്യയിൽ നിന്നുള്ള മൂന്ന് പ്രഫഷനൽ ബോക്സിങ് താരങ്ങളും ഇന്ത്യൻ താരം നിഷാന്ത് ദേവും റിങ്ങിലിറങ്ങുന്നു എന്നതാണ് ഈ കായിക മാമാങ്കത്തിെൻറ പ്രധാന സവിശേഷത. സൗദി സമയം വൈകുന്നേരം നാലിന് ആരംഭിക്കുന്ന മത്സരങ്ങൾ പ്രമുഖ സ്പോർട്സ് സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ DAZN വഴി ലോകമെമ്പാടും തത്സമയം കാണാം.
ബ്രിട്ടെൻറ മുൻ ലോക ചാമ്പ്യൻ ആൻറണി ജോഷ്വയും അൽബേനിയൻ നോക്കൗട്ട് വീരനായ ക്രിസ്റ്റ്യൻ പ്രെൻഗയും തമ്മിലുള്ള വൻപോരാട്ടമാണ് ടൂർണമെൻറിലെ പ്രധാന ആകർഷണം. സൗദി സമയം അർദ്ധരാത്രിയോടെ നടക്കുന്ന ഈ മുഖ്യ മത്സരം ജോഷ്വയുടെ കരിയറിലെ തന്നെ ഏറ്റവും വൈകാരികവും നിർണായകവുമായ പോരാട്ടമാണ്. കഴിഞ്ഞ വർഷം നൈജീരിയയിലുണ്ടായ ദരുണമായ വാഹനാപകടത്തിൽ അടുത്ത സുഹൃത്തുക്കളെയും പരിശീലകരെയും നഷ്ടപ്പെട്ട ശേഷമുള്ള ജോഷ്വയുടെ ആദ്യ മത്സരമാണിത്. ഭാവിയിൽ ടൈസൺ ഫ്യൂരിയുമായി നടക്കാനിരിക്കുന്ന പോരാട്ടത്തിന് യോഗ്യത നേടാൻ ജോഷ്വയ്ക്ക് ഈ വിജയം അത്യാവശ്യമാണ്. അതേസമയം, ശക്തമായ പോരാട്ടത്തിലൂടെ അട്ടിമറി വിജയം നേടുമെന്നാണ് അൽബേനിയൻ താരമായ പ്രെൻഗയുടെ പ്രഖ്യാപനം.
രാജ്യത്ത് കായിക മേഖലക്ക് ലഭിക്കുന്ന പിന്തുണയുടെ പ്രതിഫലനമായി മൂന്ന് സൗദി പ്രഫഷനൽ താരങ്ങളാണ് വിവിധ വിഭാഗങ്ങളിലായി റിങ്ങിലിറങ്ങുന്നത്. സൂപ്പർ ഫെദർവെയ്റ്റ് വിഭാഗത്തിലെ ആറ് റൗണ്ട് പോരാട്ടത്തിൽ സൗദി താരം മുഹമ്മദ് അൽ അഖൽ മാൾട്ടീസ് താരം ലെയ്ഡൻ ചിർകോപ്പുമായി ഏറ്റുമുട്ടും. മറ്റൊരു സൗദി താരം സിയാദ് അൽ മയൂഫ് വെൽട്ടർവെയ്റ്റ് വിഭാഗത്തിലെ എട്ട് റൗണ്ട് മത്സരത്തിൽ മെക്സിക്കൻ താരം ഫ്രാങ്ക് മാംഗോയെ നേരിടും. മൂന്നാമനായ സുൽത്താൻ അൽ മുഹമ്മദ് ഫെദർവെയ്റ്റ് വിഭാഗത്തിലെ നാല് റൗണ്ട് പോരാട്ടത്തിൽ സ്പാനിഷ് താരം എഫ്രെയിൻ ബെസാൽദുഷെയെ നേരിടും.
ഈ പോരാട്ടവേദിയിലെ മറ്റൊരു പ്രധാന ആകർഷണം ഇന്ത്യയുടെ അഭിമാന താരമായ നിഷാന്ത് ദേവിെൻറ സാന്നിധ്യമാണ്. 2023ലെ ഐ.ബി.എ വേൾഡ് ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ വിജയിയും 2024 പാരീസ് ഒളിമ്പ്യനുമായ 25കാരനായ ഈ ഹരിയാനക്കാരൻ, 2025ലാണ് പ്രഫഷനൽ രംഗത്തേക്ക് കടന്നത്. പ്രഫഷനൽ കരിയറിലെ കളിച്ച ആറ് മത്സരങ്ങളിലും പരാജയമറിയാതെ മുന്നേറുന്ന നിഷാന്ത് ദേവിെൻറ എതിരാളി പെറുവിെൻറ പരിചയസമ്പന്നനായ താരം സിസാർ ഡയസ് ആണ്.
മഹാപോരാട്ടത്തിന് മാറ്റുകൂട്ടാൻ രണ്ട് ലോക ചാമ്പ്യൻഷിപ്പ് മത്സരങ്ങൾ കൂടി കാർഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഡബ്ല്യു.ബി.ഒ സൂപ്പർ മിഡിൽവെയ്റ്റ് കിരീടം നിലനിർത്താൻ ബ്രിട്ടെൻറ ഹംസ ഷീറാസ് ജർമ്മനിയുടെ സൈമൺ സാച്ചൻഹൂബർക്കെതിരെ പോരാടും. ഐ.ബി.എഫ് സൂപ്പർ വെൽറ്റർവെയ്റ്റ് കിരീടത്തിനായി ജോഷ് കെല്ലി ഐറിഷ് താരം കയോംഹിൻ അഗ്യാർക്കോയെ നേരിടും. മത്സരങ്ങൾക്ക് മുന്നോടിയായുള്ള ‘ഫൈറ്റ് വീക്ക്’ ചടങ്ങുകൾ കഴിഞ്ഞ ദിവസം ജിദ്ദ യാച്ച് ക്ലബ്ബിലെ താരങ്ങളുടെ ഔദ്യോഗിക വരവോടെ ആരംഭിച്ചു. തുടർന്ന് വ്യാഴാഴ്ച വാർത്താസമ്മേളനവും വെള്ളിയാഴ്ച ജിദ്ദ പ്രൊമെനേഡിൽ താരങ്ങളുടെ ഔദ്യോഗിക ഭാരപരിശോധനയും നടക്കും.
ജിദ്ദ: ആഗോള കായിക ലോകം ഉറ്റുനോക്കുന്ന 'ദ കംബാക്ക്' അന്താരാഷ്ട്ര ബോക്സിങ് മാമാങ്കത്തിന് ജിദ്ദ സൂപ്പർ ഡോം സജ്ജമാകുമ്പോൾ, വാർത്താ കവറേജിനായി ലോകത്തിലെ പ്രമുഖ മാധ്യമങ്ങളുടെ വൻ നിരതന്നെ സൗദി അറേബ്യയിലെത്തി. ശനിയാഴ്ച നടക്കുന്ന പ്രൗഢഗംഭീരമായ കായികമേളയെ തത്സമയം ലോകത്തിന് മുന്നിലെത്തിക്കാൻ പ്രമുഖ അന്താരാഷ്ട്ര വാർത്താ ഏജൻസികളും ടെലിവിഷൻ ചാനലുകളും ഡിജിറ്റൽ പ്ലാറ്റ്‌ഫോം പ്രതിനിധികളും ഉൾപ്പെടെയുള്ള വലിയ മാധ്യമപ്പടയാണ് ജിദ്ദയിൽ നിലയുറപ്പിച്ചിരിക്കുന്നത്.
മാധ്യമപ്രവർത്തകർക്കും ഫോട്ടോഗ്രാഫർമാർക്കും വാർത്താ ശേഖരണത്തിന് വിശാലമായ സൗകര്യങ്ങളാണ് സംഘാടകർ വേദിയിൽ ഒരുക്കിയിട്ടുള്ളത്. ഔദ്യോഗിക മത്സരങ്ങൾക്ക് മുന്നോടിയായി താരങ്ങളുമായി നേരിട്ട് സംവദിക്കാനും അവരുടെ തയ്യാറെടുപ്പുകൾ വിലയിരുത്താനും മാധ്യമങ്ങൾക്ക് പ്രത്യേക സൗകര്യമൊരുക്കിയിരുന്നു. ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന പ്രമുഖ ബോക്സർമാരുമായി നടന്ന തുറന്ന മാധ്യമ കൂടിക്കാഴ്ചകളിൽ അന്താരാഷ്ട്ര മാധ്യമങ്ങളുടെ വൻ സാന്നിധ്യമാണ് ദൃശ്യമായത്.
ബ്രിട്ടീഷ് താരം ആന്റണി ജോഷ്വയും അൽബേനിയൻ താരം ക്രിസ്റ്റ്യൻ പ്രെൻഗയും തമ്മിലുള്ള ഹെവിവെയ്റ്റ് പോരാട്ടമാണ് ടൂർണമെന്റിന്റെ പ്രധാന ആകർഷണം. മുൻനിര സ്ഥാനം വീണ്ടെടുക്കാൻ ജോഷ്വയും, ലോക റാങ്കിംഗിൽ കുതിച്ചുയരാൻ പ്രെൻഗയും നേർക്കുനേർ പോരാടുമ്പോൾ സംഭവബഹുലമായ ദൃശ്യങ്ങളും വാർത്തകളും റിപ്പോർട്ട് ചെയ്യാൻ മാധ്യമ ലോകം ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.
മറ്റ് പ്രമുഖ ലോക-ഭൂഖണ്ഡതല കിരീടപ്പോരാട്ടങ്ങൾക്കും സൗദിയിലെ യുവതാരങ്ങളുടെ മത്സരങ്ങൾക്കും ജിദ്ദ വേദി യാകുന്നുണ്ട്. മാധ്യമങ്ങളുടെ ഈ വ്യാപകമായ ആഗോള പ്രാതിനിധ്യം, 2026-ൽ സൗദി അറേബ്യ ആതിഥേയത്വം വഹിക്കുന്ന ഏറ്റവും പ്രമുഖ കായിക മാമാങ്കങ്ങളിലൊന്നായി 'ദ കംബാക്ക്' ചാമ്പ്യൻഷിപ്പിനെ മാറ്റിമറിച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.