റിയാദ്: സൗദി അറേബ്യയുടെ പ്രമുഖ വിനോദ-സാംസ്കാരിക കേന്ദ്രമായ ഖിദ്ദിയ സിറ്റി, ഡെസ്റ്റിനേഷൻസ് ഇൻറർനാഷനലിൽ നിന്ന് ഉയർന്ന അംഗീകാരമായ ‘ഡെസ്റ്റിനേഷൻ മാർക്കറ്റിങ് ആൻഡ് മാനേജ്‌മെൻറ് അക്രഡിറ്റേഷൻ’ കൈവരിച്ചു. ടൂറിസം ഓർഗനൈസേഷനുകൾക്ക് പിന്തുണ നൽകുന്ന ലോകത്തിലെ ഏറ്റവും വലിയ സംഘടനയിൽ നിന്ന് ഈ പദവി ലഭിച്ചതോടെ, ആഗോളതലത്തിൽ മുൻനിരയിൽ നിൽക്കുന്ന വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയിലേക്ക് ഖിദ്ദിയയും ഇടംപിടിച്ചു.
ഈ പ്രത്യേക പദവി സ്വന്തമാക്കുന്ന മിഡിൽ ഈസ്റ്റിലെ ആദ്യത്തെ ഡെസ്റ്റിനേഷൻ മാനേജ്‌മെൻറ് ഓർഗനൈസേഷനാണ് ഖിദ്ദിയ സിറ്റി. കൂടാതെ, പ്രോഗ്രാമിെൻറ പൊതുവായ അക്രഡിറ്റേഷൻ നേടുന്ന മേഖലയിലെ രണ്ടാമത്തെ സ്ഥാപനവുമാണിത്. ടൂറിസം കേന്ദ്രങ്ങളുടെ വികസനത്തിലും പരിപാലനത്തിലും ആഗോള നിലവാരം പുലർത്താനുള്ള ഖിദ്ദിയയുടെ പ്രതിജ്ഞാബദ്ധതയാണ് ഈ നേട്ടത്തിലൂടെ വ്യക്തമാകുന്നത്.
അടിസ്ഥാന യോഗ്യതകൾക്കും അപ്പുറം പ്രവർത്തനങ്ങളിൽ ഉയർന്ന സ്ഥാപനമികവ് പുലർത്തുകയും, കേന്ദ്രത്തിെൻറ ദീർഘകാല വളർച്ചയ്ക്കായി നിരന്തരം പ്രവർത്തിക്കുകയും ചെയ്യുന്ന സംഘടനകൾക്കാണ് ഈ വിശിഷ്ട പദവി നൽകുന്നത്. ലോകമെമ്പാടുമുള്ള ഏകദേശം 200 അക്രഡിറ്റഡ് സംഘടനകളിൽ 20 ശതമാനത്തിൽ താഴെ സ്ഥാപനങ്ങൾക്ക് മാത്രമാണ് ഈ ഉയർന്ന ‘ഡിസ്റ്റിങ്ഷൻ’ പദവി ലഭിച്ചിട്ടുള്ളത്.
നിശ്ചിത മാനദണ്ഡങ്ങൾ പൂർണമായി പാലിക്കുകയും, പ്രവർത്തനങ്ങളിൽ യാതൊരുവിധ പോരായ്മകളും കണ്ടെത്താനാകാത്തവിധം മികവ് പുലർത്തുകയും ചെയ്യുന്ന സ്ഥാപനങ്ങൾക്കാണ് ഈ അംഗീകാരം ലഭിക്കുന്നത്. ഖിദ്ദിയ സിറ്റി ഏറ്റവും ഉയർന്ന അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിച്ചാണ് നിർമിക്കപ്പെടുന്നത് എന്നതിെൻറ സാക്ഷ്യപത്രമാണ് ഈ അക്രഡിറ്റേഷൻ എന്ന് ഖിദ്ദിയ ഇൻവെസ്റ്റ്മെൻറ് കമ്പനി മാർക്കറ്റിങ് ആൻഡ് ഡെസ്റ്റിനേഷൻ മാനേജ്‌മെൻറ് സി.ഇ.ഒ മുഹമ്മദ് ബസ്‌റാവി പറഞ്ഞു.
ടൂറിസം മേഖലയിലെ പ്രവർത്തനമികവിനെയും, ‘കളിയുടെ ശക്തി’ വഴി വ്യക്തികളുടെയും സമൂഹങ്ങളുടെയും ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കുമെന്ന വിശ്വാസത്തെയുമാണ് ഈ പുരസ്‌കാരം അടിവരയിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ നേട്ടത്തിൽ സന്തോഷം പ്രകടിപ്പിച്ച ഡെസ്റ്റിനേഷൻസ് ഇൻറർനാഷനൽ സി.ഇ.ഒ ഡൊണാൾഡ് വെൽഷ്, അക്രഡിറ്റേഷൻ ലഭിച്ച പ്രമുഖ സ്ഥാപനങ്ങളുടെ കൂട്ടത്തിലേക്ക് ഖിദ്ദിയ സിറ്റി എത്തിയത് വലിയ കാര്യമാണെന്ന് വ്യക്തമാക്കി.
ഡെസ്റ്റിനേഷൻ ഓർഗനൈസേഷനുകളിൽ നിന്ന് പ്രതീക്ഷിക്കുന്ന ഗുണനിലവാരത്തിെൻറയും പ്രവർത്തന മികവിെൻറയും ഉത്തമ ഉദാഹരണമാണ് ഈ നേട്ടമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. റിയാദ് നഗരത്തിന് 45 കിലോമീറ്റർ പടിഞ്ഞാറായി 360 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലാണ് ഖിദ്ദിയ ഇൻവെസ്റ്റ്മെൻറ് കമ്പനി ഈ വിനോദ നഗരം നിർമിച്ചിരിക്കുന്നത്. സൗദി വിഷൻ 2030-െൻറ പ്രധാന ലക്ഷ്യങ്ങളിലൊന്നും, പബ്ലിക് ഇൻവെസ്റ്റ്മെൻറ് ഫണ്ടിെൻറ നേതൃത്വത്തിൽ നിർമിക്കപ്പെടുന്ന ലോകത്തിലെ ഏറ്റവും വലിയ വികസന പദ്ധതികളിൽ ഒന്നുമാണിത്.
മനുഷ്യന്റെ സർഗാത്മകതയും ആവതും പോഷിപ്പിക്കുന്നതിനും സാമ്പത്തിക വളർച്ചയ്ക്കും സഹായിക്കുന്ന ഘടകമാണ് ‘കളി’ എന്ന തത്ത്വചിന്തയിലാണ് ഖിദ്ദിയ നഗരം രൂപകൽപ്പന ചെയ്തിരിക്കുന്നത്. സന്ദർശകർക്ക് അവിസ്മരണീയമായ അനുഭവങ്ങൾ നൽകിക്കൊണ്ട് താമസസൗകര്യങ്ങളും വിനോദവും ഒരുപോലെ സമന്വയിപ്പിക്കുന്ന തരത്തിലാണ് ഈ നഗരത്തിെൻറ നിർമാണം. കഴിഞ്ഞ വർഷം അവസാനത്തോടെ ഖിദ്ദിയ സിറ്റിയിൽ അമ്യൂസ്മെൻറ് പാർക്ക് പ്രവർത്തനം ആരംഭിക്കുകയും സന്ദർശകരെ സ്വീകരിച്ചു തുടങ്ങുകയും ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.