യാമ്പൂ: ശീതകാല അവധി ഉത്സവത്തിന് യാമ്പൂ ടൗൺ ഹെറിറ്റേജ് പാർക്കിൽ പ്രൗഢമായ തുടക്കം. സ ൗദി വിദ്യാലയങ്ങൾ ശൈത്യം പ്രമാണിച്ച് അവധിയിലായതിനാൽ കുടുംബങ്ങൾക്ക് സമയം ചെലവ ഴിക്കാനും സാംസ്കാരിക കലാപ്രകടനങ്ങൾ ആസ്വദിക്കാനും മേള അവസരം ഒരുക്കും. സ്റ്റേജ് ഷോകളിൽ കുട്ടികളുടെ വിവിധ മത്സരങ്ങളും പ്രകടനങ്ങളും അരങ്ങേറിത്തുടങ്ങിയിട്ടുണ്ട്. ചിൽഡ്രൻസ് തിയറ്റർ പ്രോഗ്രാം, കാർട്ടൂൺ കഥാപാത്രങ്ങളുടെ ആവിഷ്കാരങ്ങൾ, പാരമ്പര്യ സൗദി കലാപ്രകടനങ്ങൾ തുടങ്ങിയവയും വ്യത്യസ്ത ദിനങ്ങളിൽ സംഘാടകർ മേളയോടനുബന്ധിച്ച് ഒരുക്കുന്നുണ്ട്.രാജ്യത്തെ ശൈത്യകാല വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനായി വിവിധ പ്രദേശങ്ങളിൽ വൈവിധ്യമാർന്ന അവധിക്കാല ഉത്സവങ്ങൾ പുരോഗമിക്കുന്നുണ്ട്.
പൈതൃകവും സംസ്കാരവും സന്ധിക്കുന്ന യാമ്പൂ ടൗണിലെ ഹെറിറ്റേജ് നഗരിയിൽ വിവിധ സീസൺ ഫെസ്റ്റിവെലുകളുടെ ഭാഗമായി വിവിധ വിനോദ ടൂറിസം പരിപാടികൾ സംഘടിപ്പിക്കുന്നത് പതിവാണ്. സാംസ്കാരികാഘോഷങ്ങളിൽ കുടുംബങ്ങളുടെ പങ്കാളിത്തം കൂടുതൽ ഉറപ്പാക്കുക മേളയുടെ ലക്ഷ്യമാണ്. കുട്ടികളിൽ സാംസ്കാരിക അവബോധം വളർത്താനും നിത്യജീവിതത്തിൽ അവർക്ക് ഉപകരിക്കുന്ന പാഠ്യേതര വിഷയങ്ങൾ മനസ്സിലാക്കാനും ഉതകുന്ന പരിപാടികളും ഒരുക്കുന്നുണ്ട്. വൈജ്ഞാനിക മത്സരങ്ങളിൽ സ്വദേശി കുട്ടികളുടെ നിറഞ്ഞ പങ്കാളിത്തമാണ് പ്രകടമാകുന്നത്.യാമ്പൂവിൽ മിതമായ തണുപ്പ് കാലാവസ്ഥയായതിനാൽ ആളുകൾ പുറത്തിറങ്ങാൻ മടിക്കുന്നില്ല. അത് മേളക്ക് നല്ല ഗുണം ചെയ്യുന്നുണ്ട്. ധാരാളം ആളുകൾ സന്ദർശകരായി എത്തുന്നു. ബുറൈദ, അൽഖസീം, താഇഫ്, തബൂക്ക്, മദീന തുടങ്ങിയ പ്രദേശങ്ങളിൽ നിന്നും ധാരാളം പേർ യാമ്പൂവിലേക്ക് ഉല്ലാസയാത്രക്കായി ദിവസവും എത്തുന്നു. മികച്ച ബീച്ചുകളും വിശാലമായ ഉല്ലാസകേന്ദ്രങ്ങളും വൃത്തിയുള്ള കടൽത്തീരങ്ങളും പ്രകൃതി ദൃശ്യങ്ങളും സന്ദർശകരെ ഇങ്ങോട്ടാകർഷിക്കാൻ കാരണമാണ്. രാത്രി നമസ്കാരശേഷം നടക്കുന്ന ശീതകാല അവധി ഫെസ്റ്റിവൽ രാത്രി ഒരു മണിവരെ നീണ്ടുനിൽക്കുന്നു. ഇൗ മാസം 13ന് മേള അവസാനിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.