റിയാദ്: ലോകകപ്പ് ഫുട്ബാൾ ആവേശം ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി രാജ്യത്തെ പൊതുഇടങ്ങളിലും പാർക്കുകളിലും തത്സമയ സംപ്രേക്ഷണ സൗകര്യമൊരുക്കി സൗദി മുനിസിപ്പൽ ഗ്രാമീണ കാര്യ വസതി മന്ത്രാലയം. ‘നിങ്ങളുടെ വീട്ടിൽ നിന്ന് നിങ്ങളുടെ നഗരത്തിലേക്ക്... ലോകകപ്പ് അന്തരീക്ഷം അനുഭവിക്കൂ’ എന്ന പ്രമേയത്തിലാണ് മന്ത്രാലയം ഈ വിപുലമായ പദ്ധതി നടപ്പിലാക്കുന്നത്.
കായികരംഗത്ത് സമൂഹത്തിെൻറ പങ്കാളിത്തവും ഇടപെടലുകളും പ്രോത്സാഹിപ്പിക്കുന്നതിനായി മന്ത്രാലയം രൂപം നൽകിയ ‘നമ്മുടെ നഗരങ്ങൾ പ്രോത്സാഹിപ്പിക്കുന്നു’ എന്ന സംരംഭത്തിെൻറ ഭാഗമായാണ് ഈ പരിപാടി. ആഗോള കായികമാമാങ്കത്തിന് സാക്ഷ്യം വഹിക്കാൻ പൊതുജന സൗകര്യങ്ങൾ, പാർക്കുകൾ, നഗര കേന്ദ്രങ്ങൾ എന്നിവ സജ്ജമാക്കുക, അതുവഴി സാമൂഹിക പങ്കാളിത്തം വർദ്ധിപ്പിക്കുക എന്നിവയാണ് ഈ സംരംഭത്തിലൂടെ മന്ത്രാലയം ലക്ഷ്യമിടുന്നത്. ആവശ്യമായ എല്ലാ സേവനങ്ങളും സുരക്ഷാ മുൻകരുതലുകളും ഉറപ്പാക്കിയ അന്തരീക്ഷത്തിൽ, സ്വദേശികൾക്കും വിദേശികളായ സന്ദർശകർക്കും ഒരുപോലെ ടൂർണമെൻറിെൻറ ആവേശം പൂർണ്ണമായി ആസ്വദിക്കാൻ ഇതിലൂടെ സാധിക്കും.
രാജ്യത്തുടനീളമുള്ള വിവിധ മുനിസിപ്പാലിറ്റികൾക്കും ഗവർണറേറ്റുകൾക്കുമാണ് പദ്ധതി വിജയകരമായി നടപ്പാക്കാനുള്ള ചുമതല നൽകിയിരിക്കുന്നത്. സന്ദർശകർക്ക് സുരക്ഷിതവും സമാനതകളില്ലാത്തതുമായ ഒരു കായികാനുഭവം സമ്മാനിക്കുക, നഗരങ്ങളിലെ പൊതുഇടങ്ങളുടെ ഉപയോഗം ഫലപ്രദമായി വർദ്ധിപ്പിക്കുക എന്നിവ മുൻനിർത്തിയാണ് മന്ത്രാലയത്തിെൻറ പ്രവർത്തനം. ഇതിനായി വിപുലമായ ദൃശ്യ-ശ്രാവ്യ സംവിധാനങ്ങളോടു കൂടിയ പ്രത്യേക കാഴ്ചാ കേന്ദ്രങ്ങൾ ഒരുക്കുകയും പൊതുഇടങ്ങൾ കൂടുതൽ സജീവമാക്കാനുള്ള നടപടികൾ പൂർത്തിയാക്കുകയും ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.