ജുബൈൽ റോയൽ കമീഷൻ മേഖലയിലെ ദരീൻ ബീച്ചിനോട് ചേർന്ന അൽ തിലാൽ പാർക്കിൽ ‘വണ്ടർ ഹിൽസ്’ ശൈത്യകാല
ഉത്സവത്തിന് തുടക്കമായപ്പോൾ
ജുബൈൽ: സൗദി കിഴക്കൻ പ്രവിശ്യയിലെ ജുബൈൽ റോയൽ കമീഷൻ മേഖലയിലെ ദരീൻ ബീച്ചിനോട് ചേർന്ന അൽ തിലാൽ പാർക്കിൽ ഈ വർഷത്തെ ‘ലൈറ്റ് ആൻഡ് ആർട്ട് ഫെസ്റ്റിവൽ -വണ്ടർ ഹിൽസ്’ ആഘോഷങ്ങൾക്ക് തുടക്കമായി. നവംബർ ഒമ്പത് മുതൽ ഡിസംബർ 23 വരെ നീളുന്ന ഉത്സവം സാങ്കേതികതയും പ്രകൃതിയും ചേർന്നൊരുക്കുന്ന മനോഹാര ആഘോഷമായി മാറുകയാണ്.
പച്ച പുതച്ച ദരീൻ കുന്നുകളിൽ രാവിൽ വർണവെളിച്ചങ്ങളാൽ തിളങ്ങുകയാണ്. പ്രകാശമാനമായ തോട്ടങ്ങൾ, ജീവൻ തുടിക്കുന്ന രൂപങ്ങൾ, കലാപ്രദർശനങ്ങൾ, ലൈവ് ഷോകൾ തുടങ്ങിയവ സന്ദർശകരെ കാത്തിരിക്കുന്നു. ശാന്തമായ കടലിെൻറ പശ്ചാത്തലത്തിലുള്ള ഈ ദൃശ്യവിസ്മയം പ്രദേശവാസികളെയും വിദേശികളെയും ഒരുപോലെ ആകർഷിക്കുന്നു.
കുടുംബങ്ങൾക്കും കുട്ടികൾക്കും അനുയോജ്യമായ നിരവധി വിനോദങ്ങൾ ഒരുക്കിയിട്ടുണ്ട്. കുതിരസവാരി, ഗെയിം സോണുകൾ (പബ്ജി, കോകോ മെലൺ, ഷെർലക് ഹോംസ്, മിഡ് നൈറ്റ് ഡൈനർ തുടങ്ങിയവ), ഭക്ഷണശാലകളും കോഫി ഷോപ്പുകളും ഉണ്ട്. പ്രധാന വേദിയുൾപ്പെടെ അഞ്ചിടങ്ങളിലായി റഷ്യൻ കലാകാരന്മാരടക്കം പങ്കെടുക്കുന്ന സംഗീത, നൃത്ത പരിപാടികളും വാദ്യോപകരണ കലാപ്രകടനങ്ങളും അരങ്ങേറും. കടൽത്തീരത്ത് സന്ദർശകർക്ക് വിശ്രമിക്കാനായി ചെറിയ കുടിലുകളും ഒരുക്കിയിട്ടുണ്ട്. വൈകുന്നേരം നാല് മുതൽ രാത്രി 11 വരെയാണ് സന്ദർശന സമയം.
സാധാരണ ദിവസങ്ങളിൽ 20 റിയാലാണ് പ്രവേശന ടിക്കറ്റ് നിരക്ക്. പാർക്കിങ് സൗകര്യം കൂടി കിട്ടണമെങ്കിൽ 70 റിയാൽ. മൂന്ന് പേരടങ്ങിയ ഫാമിലി ടിക്കറ്റിന് 50 റിയാൽ. പാർക്കിങ് സൗകര്യത്തോടെ 100 റിയാൽ. നാലു പേരടങ്ങിയ ഫാമിലി ടിക്കറ്റിന് 70 റിയാൽ. പാർക്കിങ്ങോടെ 120 റിയാൽ. അഞ്ചു പേരടങ്ങിയ ഫാമിലി ടിക്കറ്റിന് 90 റിയാൽ. പാർക്കിങ്ങോടെ 140 റിയാൽ.
പ്രത്യേക ആക്ടിവിറ്റികൾക്കും പക്ഷിമൃഗ പ്രദർശനങ്ങൾക്കും 20 മുതൽ 30 റിയാൽ വരെ അധിക ഫീസ് ഉണ്ട്. രണ്ട് വയസ്സിന് താഴെയുള്ള കുട്ടികൾക്കും ഭിന്നശേഷിയുള്ളവർക്കും പ്രവേശനം സൗജന്യം. ആഴ്ചാവസാനം ടിക്കറ്റ് നിരക്ക് അൽപം കൂടും. https://window.rcjy.gov.sa എന്ന പോർട്ടലിൽനിന്നോ അല്ലെങ്കിൽ Window ആപ്പ് വഴിയോ ടിക്കറ്റ് എടുക്കാം. ലൊക്കേഷൻ മാപ്പ്: https://maps.app.goo.gl/Hv2AtHNnpKLpAywR6. ഗൂഗിൾ മാപ്പിൽ Dareen Hills എന്ന് സെർച്ച് ചെയ്താലും റൂട്ട് മാപ്പ് കണ്ടെത്താം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.