യാംബു: സൗദിയിൽ കാലാവസ്ഥ പതിയെ തണുപ്പിലേക്ക് വഴിമാറുന്ന സൂചനകൾ പ്രകടം. രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ പെയ്ത മഴയും ഇടിമിന്നലും ആലിപ്പഴ വർഷവുമെല്ലാം ശൈത്യകാലത്തിന്റെ വരവിന്റെ സൂചനയായി. നാഷനൽ സെന്റർ ഓഫ് മീറ്ററോളജി (എൻ.സി.എം) ഋതുമാറ്റം സംബന്ധിച്ച വിശദമായ റിപ്പോർട്ട് പുറത്തിറക്കി. ഡിസംബർ മുതൽ മാർച്ച് വരെ നീളുന്നതാണ് രാജ്യത്തെ ശൈത്യകാലം. ഈ വർഷത്തെ ഏറ്റവും ദൈർഘ്യമേറിയ തണുപ്പുള്ള രാത്രിയും ഹ്രസ്വമായ പകലുമുള്ള ദിനം ഡിസംബർ 21 ആയിരിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
സൗദിയുടെ കിഴക്ക്, മധ്യഭാഗം, തെക്കുകിഴക്ക് ഭാഗങ്ങളിൽ വരും ദിനങ്ങളിലും കനത്ത മഴ പ്രതീക്ഷിക്കുന്നതായി കേന്ദ്രം ചൂണ്ടിക്കാട്ടി. ജനുവരി മാസമാകുമ്പോഴേക്കും നല്ല തണുപ്പുള്ള കാലാവസ്ഥയായിരിക്കും.
ഡിസംബറിൽ സൗദിയുടെ മിക്ക മേഖലകളിലും ശരാശരിയെക്കാൾ ഒരു ഡിഗ്രി സെൽഷ്യസും റിയാദ്, നജ്റാൻ, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിൽ ഒന്നര ഡിഗ്രി സെൽഷ്യസ് വരെയും താപനിലയിൽ വർധന ഉണ്ടാവും. കഴിഞ്ഞ വർഷത്തെക്കാൾ ഈ വർഷം ഡിസംബറിൽ ഉയർന്ന നിലയിൽ മഴ ലഭിക്കുമെന്ന സൂചനയുമുണ്ട്.
അൽ-ജൗഫ്, റിയാദ്, മക്ക, അൽ-ഖസീം, ഹാഇൽ തുടങ്ങിയ ഇടങ്ങളിലും രാജ്യത്തെ കിഴക്ക്, വടക്ക് അതിർത്തി പ്രദേശങ്ങളിലും മഴയുടെ ശതമാനത്തിൽ ഇതിനകം വർധന ഉണ്ടായിട്ടുണ്ട്. കൂടുതൽ മഴ പ്രതീക്ഷിക്കുന്ന ജിസാൻ, അസീർ തുടങ്ങിയ മേഖലകളിലും മറ്റിടങ്ങളിലും ശരാശരിയെക്കാൾ മഴയുടെ ശതമാനത്തിൽ കുറവ് വന്നതായും കേന്ദ്രം വിലയിരുത്തി.
ഈ പ്രദേശങ്ങളിൽ ജനുവരിയിൽ കൂടുതൽ മഴ പ്രതീക്ഷിക്കുന്നതായും ചൂണ്ടിക്കാട്ടി. റിയാദ്, മദീന, മക്ക, ഹാഇൽ, അൽ-ഖസീം, നജ്റാൻ തുടങ്ങിയ ഭാഗങ്ങളിൽ ഈ മാസം നല്ല മഴ ഇനിയും പ്രതീക്ഷിക്കുന്നു. തബൂക്ക്, അൽ-ജൗഫ്, വടക്കൻ അതിർത്തി, കിഴക്കൻ മേഖല, റിയാദിലെ കിഴക്കൻ ഭാഗങ്ങൾ എന്നിവിടങ്ങളിൽ ഫെബ്രുവരിയിൽ ശരാശരിയെക്കാൾ ഉയർന്ന മഴക്ക് സാധ്യതയുണ്ടെന്നും എൻ.സി.എം റിപ്പോർട്ടിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.