മക്ക: 46-ാമത് കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര ഖുർആൻ മനഃപാഠ മത്സരത്തിലെ വിജയികൾക്കുള്ള പുരസ്കാര സമർപ്പണം ബുധനാഴ്ച നടക്കും. സൽമാൻ രാജാവിെൻറ രക്ഷാകർതൃത്വത്തിൽ ഇസ്ലാമികകാര്യ മന്ത്രാലയം സംഘടിപ്പിക്കുന്ന ചടങ്ങിൽ രാജാവിനെ പ്രതിനിധീകരിച്ച് മക്ക ഡെപ്യൂട്ടി ഗവർണർ അമീർ സഊദ് ബിൻ മിശ്അൽ സംബന്ധിക്കും.
മസ്ജിദുൽ ഹറാമിൽ വെച്ച് നടക്കുന്ന ചടങ്ങിൽ അമീറുമാർ, മന്ത്രിമാർ, നയതന്ത്ര പ്രതിനിധികൾ, മറ്റ് ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും. ചരിത്രത്തിലാദ്യമായി ഉൾപ്പെടുത്തിയ വനിതാ വിഭാഗത്തിലെ വിജയികളെ മക്കയിലെ ഹിൽട്ടൺ കോൺഫറൻസ് ഹോട്ടലിൽ വെച്ച് സൽമാൻ രാജാവിെൻറ പത്നി അമീറ ഫഹ്ദ ബിന്ത് ഫലാഹ് അൽ ഹത്‌ലീൻ ആദരിക്കും.
മസ്ജിദുൽ ഹറാമിൽ നടന്ന ഫൈനൽ മത്സരങ്ങളുടെ സമാപനത്തോടനുബന്ധിച്ചാണ് പ്രൗഢഗംഭീരമായ ആദരവ് സംഘടിപ്പിക്കുന്നത്. 133 രാജ്യങ്ങളിൽ നിന്നായി 334 മത്സരാർഥികളാണ് ഇത്തവണ മാറ്റുരച്ചത്. പ്രാദേശിക, അന്തർദേശീയ വിദഗ്ധരടങ്ങുന്ന വിധികർത്താക്കളാണ് മത്സരങ്ങൾ നിയന്ത്രിച്ചത്. ഈ വർഷം വിജയികളുടെ എണ്ണം 50 ആയി ഉയർത്തിയിട്ടുണ്ട്.
അഞ്ച് വിഭാഗങ്ങളിലായി പുരുഷ-വനിതാ വിഭാഗങ്ങളിൽനിന്ന് അഞ്ച് പേർ വീതമാണ് പുരസ്കാരത്തിന് അർഹരായത്. ആകെ 1,02,60,000 സൗദി റിയാലാണ് വിജയികൾക്ക് സമ്മാനത്തുകയായി വിതരണം ചെയ്യുന്നത്. ഖുർആൻ പ്രചാരണത്തിലും പഠന പ്രോത്സാഹനത്തിലും മത്സരത്തിനുള്ള ആഗോള പ്രാധാന്യവും നേതൃത്വവുമാണ് ഈ വൻ തുക പ്രതിഫലിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.